UPDATES

യാത്ര

ഈ രാജ്യത്ത് കുടിവെള്ളം പോലെ പ്രധാനമാണ് ലൈബ്രറിയും; ഇവിടെ പുസ്തകങ്ങള്‍ ചുമക്കുന്നത് റോബോട്ടുകളാണ്

ശാന്തമായി ഇരുന്ന് പഠിക്കുന്നതിന് പ്രത്യേക മുറികള്‍ ലൈബ്രറിയിലുണ്ട്. എന്നാല്‍ മറ്റു ലൈബ്രറികളിലെ പോലെ ഇവിടെ ‘നിശ്ശബ്ദത’ പാലിക്കേണ്ട

                       

ലോകത്തെ ഏറ്റവും സാക്ഷരതയുള്ള രാജ്യത്തിന്റെ നൂറാം ജന്മദിനത്തില്‍ നിങ്ങളെന്ത് നല്‍കും?. അത്യാധുനികമായ ലൈബ്രറി അഥവാ ”രാജ്യത്തിനായി ഒരു ലിവിംഗ് റൂം” നല്‍കുമെന്നാണ് ഫിന്‍ലാന്‍ഡിലെ രാഷ്ട്രീയക്കാരും പൊതുജനവും ഇതിന് നല്‍കിയ മറുപടി.

ഇരുപത് വര്‍ഷത്തെ പരിശ്രമത്തിന് ശേഷം ഹെല്‍സിന്‍കിയിലെ സെന്‍ട്രെല്‍ ലൈബ്രറി ഡിസംബര്‍ 5-ന് ഔദ്യോഗികമായി തുറന്നു. ഫിന്‍ലന്‍ഡിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ നൂറാം വാര്‍ഷികവേളയിലാണ് ഈ ലൈബ്രറി തുറന്നത്. 1917-ലാണ് റഷ്യയില്‍ നിന്നും ഫിന്‍ലന്‍ഡിന് സ്വാതന്ത്ര്യം ലഭിച്ചത്. അതിന് മുന്‍പ് ആറ് നൂറ്റാണ്ട് സ്വീഡിഷ് ഭരണത്തിന്റെ കീഴിലായിരുന്നു ഫിന്‍ലന്‍ഡ്.

തടിയും ഗ്ലാസും കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ കെട്ടിടമാണ് ഈ ലൈബ്രറി. ഫിന്നിഷ് പാര്‍ലമെന്റിന്റെ എതിര്‍വശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. അല ആര്‍ക്കിടെക്ട് എന്ന ഫിന്നിഷ് സ്ഥാപനമാണ് ലൈബ്രറി രൂപകല്‍പ്പന ചെയ്തത്. 160 മീറ്റര്‍ നീണ്ടു കിടക്കുന്ന ഫിന്നിഷ് പൈന്‍ തോട്ടങ്ങളുടെ നടുവിലാണ് ഈ ലൈബ്രറി.

ഊഡി എന്നാണ് ലൈബ്രറിയുടെ പേര്. 2016-ലാണ് ലോകത്തിലെ ഏറ്റവും സാക്ഷരതയുള്ള രാജ്യമായി ഫിന്‍ലന്‍ഡിനെ തിരഞ്ഞെടുത്തത്. പ്രധാന ഉദ്ഘാടനത്തിന് മുന്‍പായി തൊഴിലാളികള്‍ ലൈബ്രറി കെട്ടിടത്തിന്റെ പുറംഭാഗത്തെ പണികള്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ്.


ഒരു ലക്ഷത്തോളം പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ഉണ്ടാവും. അതോടൊപ്പം സംഗീതം/വീഡിയോ പ്രൊഡക്ഷന്‍ സ്റ്റുഡിയോ, സിനിമ, 3ഡി പ്രിന്ററും ലേസര്‍ കട്ടറുകള്‍ ഉപയോഗിച്ചുള്ള വര്‍ക്ഷോപ്പുകള്‍ തുടങ്ങിയവും ഇവിടെയുണ്ട്. എല്ലാ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് സൗജന്യമാണ്.

യൂറോപ്യന്‍ യൂണിയന്‍ ഫണ്ട് ചെയ്യുന്ന ഒരു വിസിറ്റര്‍ സെന്റര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. 28 അംഗരാജ്യങ്ങളുടെ വിവരങ്ങളും മറ്റുമാണ് ഇത് നല്‍കുന്നത്. ‘ഒരു അത്യാധുനിക ലൈബ്രറി എന്താണെന്നുള്ളതിന്റെ തെളിവാണ് ഊഡി. സാഹിത്യം, സാങ്കേതികവിദ്യ, സംഗീതം, സിനിമ, യൂറോപ്യന്‍ യൂണിയന്‍ എല്ലാമുള്ള ഒരു ഭവനമാണ് ഇത്,’- ഹെല്‍സിന്‍കിയുടെ കള്‍ച്ചര്‍ ആന്‍ഡ് ലെഷര്‍ എക്‌സീക്യൂട്ടീവ് ഡയറക്ടര്‍ ടോമ്മി ലയിറ്റിയോ എഎഫ് പി-യോട് പറഞ്ഞു.

റോബോട്ട് ലൈബ്രേറിയന്‍

ലൈബ്രറിക്കുള്ളില്‍ പുസ്തകങ്ങള്‍ ചുമന്നു കൊണ്ട് പോകാന്‍ റോബോട്ടുകളുണ്ട്. ഗ്രെയ് നിറത്തിലുള്ള വാഗണ്‍ റോബോട്ടുകള്‍ ആളുകളെയും മറ്റു വസ്തുക്കളെയും മുട്ടാതെ ഒഴിഞ്ഞു മാറി തിരികെ എത്തുന്ന പുസ്തകങ്ങള്‍ ചുമന്ന് ബുക്ക് കേസുകളില്‍ എത്തിക്കും. അവിടെ ജീവനക്കാര്‍ പുസ്തകം ഷെല്‍ഫുകളില്‍ വെയ്ക്കും.

ഒരു പബ്ലിക് ലൈബ്രറിയില്‍ റോബോട്ടുകളെ ഉപയോഗിക്കുന്നത് ലോകത്ത് ഇതാദ്യമായി ആണെന്നാണ് ഊഡി നിര്‍മ്മാതാക്കള്‍ വിശ്വസിക്കുന്നത്. 10000 സന്ദര്‍ശകരെ ആണ് ഒരു ദിവസം പ്രതീക്ഷിക്കുന്നത്.

നിശ്ശബ്ദത പാലിക്കേണ്ട

ശാന്തമായി ഇരുന്ന് പഠിക്കുന്നതിന് പ്രത്യേക മുറികള്‍ ലൈബ്രറിയിലുണ്ട്. എന്നാല്‍ മറ്റു ലൈബ്രറികളിലെ പോലെ ഇവിടെ ‘നിശ്ശബ്ദത’ പാലിക്കേണ്ട. ചെറിയ ശബ്ദങ്ങളും ബഹളങ്ങളും ലൈബ്രറി പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി യുവാക്കള്‍ക്ക് ‘നെര്‍ഡ് ലോഫ്ട്’ എന്ന പ്രത്യേക മുറിയുണ്ട്.

വര്‍ക്ഷോപ്പുകള്‍ക്ക് ആവശ്യമായ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. ‘ലൈബ്രറിയില്‍ ഏതൊക്കെ തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്ന് അറിയാനായി ഞങ്ങള്‍ ഉപയോക്താക്കളുമായും ജീവനക്കാരുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എല്ലാ തരത്തിലുമുള്ള മികച്ച പരിപാടികളും ഇവിടെ സൗകര്യമുണ്ട്.’- ഹെല്‍സിന്‍കിയുടെ ലൈബ്രറി സേവനങ്ങളുടെ മേധാവി കട്രി വന്തിനെന്‍ പറഞ്ഞു.

കുട്ടികളുടെ പുസ്തകങ്ങളും അഡള്‍ട് ബുക്‌സും ഒരേ സെക്ഷനില്‍ വെയ്ക്കാനുള്ള ലൈബ്രറിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ലൈബ്രറിയുടെ മുകളിലത്തെ നിലയിലാണ് ഈ പുസ്തകങ്ങള്‍. 50 മീറ്ററുള്ള നീണ്ട് വിശാലമായ സ്ഥലമാണ് ഇത്. എല്ലാ ചുവരുകളും ഗ്ലാസ്സുകൊണ്ട് നിര്‍മ്മിച്ചതാണ്.

‘കുട്ടികളുടെയും മുതിര്‍ന്നവരുടെയും സാഹിത്യം ഒരേ ഫ്ളോറില്‍ ഒരേ ഷെല്‍ഫില്‍ ഇരിക്കുന്നത് സന്തോഷം നല്‍കുന്നു. കുട്ടികളുടെ ശബ്ദങ്ങളും ബഹളങ്ങളും ഞങ്ങള്‍ പ്രോത്സാപ്പിക്കുന്നു. ശബ്ദസംബന്ധമായ കാര്യങ്ങള്‍ ശ്രദ്ധയോടെയാണ് ചെയ്തിരിക്കുന്നത്. ആളുകള്‍ തമ്മില്‍ ബഹളം വെയ്ക്കുന്നത് മറ്റൊരാള്‍ക്ക് കേള്‍ക്കാന്‍ സാധിക്കില്ല.’- വന്തിനെന്‍ പറഞ്ഞു.

കുടിവെള്ളം പോലെ പ്രധാനമായ ഒന്ന്

പല രാജ്യങ്ങളും ലൈബ്രറി സേവനങ്ങള്‍ വെട്ടി ചുരുക്കുകയാണ്. എന്നാല്‍ 110 മില്യണ്‍ യു.എസ് ഡോളര്‍ കൊണ്ട് നിര്‍മ്മിച്ച ഈ ലൈബ്രറിക്ക് രാഷ്ട്രീയക്കാരുടെയും പൊതുജനങ്ങളുടെയും പിന്തുണ ലഭിച്ചു. ഫിന്‍ലന്‍ഡുകാര്‍ക്ക് ലൈബ്രറിയോടുള്ള താല്പര്യമാണ് ഇത് കാണിക്കുന്നതെന്ന് ലൈറ്റിയോ പറഞ്ഞു.

രാജ്യത്തെ 5.5 മില്യണ്‍ ആളുകള്‍ ഒരു വര്‍ഷം 68 മില്യണ്‍ പുസ്തകങ്ങളാണ് ലൈബ്രറിയില്‍ നിന്ന് വാങ്ങുന്നത്. ഈ വര്‍ഷം ആദ്യം യുഎന്‍, ഫിന്‍ലന്‍ഡിനെ ലോകത്തെ ഏറ്റവും സന്തോഷകരമായ രാജ്യമായി തിരഞ്ഞെടുത്തിരുന്നു. ”കുടിവെള്ളം കഴിഞ്ഞ് രണ്ടാമത്തെ ഏറ്റവും വലിയ പൊതുസേവനമാണ് ഹെല്‍സിന്‍കിയിലെ ലൈബ്രറികള്‍. ഫിന്‍ലന്‍ഡിലെ ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ലൈബ്രറികള്‍. 100 മില്യണ്‍ യൂറോ പ്രൊജക്ടില്‍ എവിടെ നിന്നും ഒരു പ്രതിഷേധവും ഉണ്ടായില്ല. ആളുകള്‍ വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഈ പദ്ധതിയെ കാണുന്നത്.” – ലൈറ്റിയോ പറഞ്ഞു.

ക്രിസ്തുമസിന് 100 കോടിയുടെ ചിത്രങ്ങള്‍ തീയേറ്ററുകളിലേക്ക്: ഒടിയൻ വെള്ളിയാഴ്ച എത്തും

ആര്യന്‍ പാഷ: ബോഡിബില്‍ഡിംഗ് മത്സരത്തില്‍ മുന്‍നിരയിലെത്തുന്ന ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍

 

Share on

മറ്റുവാര്‍ത്തകള്‍