അവിചാരിതമായാണ് ചെന്നൈയിലേക്കൊരു യാത്ര തരപ്പെട്ടത്. പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത അന്നുമുതല്‍ മനസ്സില്‍ പെരുമ്പറ മുഴങ്ങാന്‍ തുടങ്ങിയതാണ്. പരീക്ഷ കേന്ദ്രം കോടമ്പാക്കത്ത്, നമ്മളീ സ്ഥലം കേള്‍ക്കുന്നത് തന്നെ ചില സിനിമാ നടീനടന്മാര്‍ അവരുടെ ഭൂതകാല സ്മരണകള്‍ അയവിറക്കുമ്പോളാണ്. അങ്ങനെ ചെന്നൈ എഗ്മോറിലേക്ക് ടിക്കറ്റും ബുക് ചെയ്ത് ദിവസങ്ങള്‍ ഓരോന്നായി എണ്ണിത്തുടങ്ങി. യാത്ര ആസ്വദിക്കാനായി ആദ്യമേ ചാടിക്കേറി ഒരു വിന്‍ഡോ സീറ്റും അങ്ങ് സംഘടിപ്പിച്ചു. ഉറങ്ങേണ്ട എന്നൊക്കെ തീരുമാനിച്ചെങ്കിലും പുലര്‍ച്ചെയുള്ള കാറ്റും ആ ചാറ്റല്‍ മഴയും എന്നെയും ഉറക്കി കളഞ്ഞു. ട്രെയിനിനുള്ളില്‍ ഒരലര്‍ച്ച കേട്ടാണ് കണ്ണ് പാളി ഒന്ന് നോക്കിയത്.
എന്റെ ഊഹം ശരിയായിരുന്നു. ടിടിഇ-യും യാത്രക്കാരനും തമ്മില്‍ കശപിശ. ടിടിഇ ആണേല്‍ വമ്പന്‍ ഷോ ന്യായം ഷോക്കാരന്റെ പക്ഷത്തായത് കൊണ്ട് നമുക്ക് അതങ്ങ് ബോധിച്ചു. അത്ഭുത പരവശയായി ഞാന്‍ ആ സംഭവത്തിന്റെ ഹേതുവിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തി. കാരണം ബഹുരസം ടിടിഇ, അഞ്ചു പേരുള്ള യാത്ര സംഘത്തില്‍ ഒരാളുടെയെങ്കിലും ഐഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടു. അപ്പൂപ്പനമ്മാവന്‍ ഐഡി കാര്‍ഡ് കൊടുക്കാത്തതും പോരാഞ്ഞിട്ട് ‘ഷോ മാനോട്’ ചോദിക്കുവാ.. ‘സാറിനെന്തിനാ ഐഡി കാര്‍ഡ് ടിക്കറ്റ് നോക്കിയാ പോരെന്ന്’ പുറത്തേയ്ക്ക് ചാടാന്‍ വെമ്പി നിന്ന ചിരിയെ ഞാന്‍ പാടുപെട്ട് അകത്തിറക്കി. ടിടിഇ ആണേല്‍ ഇന്ത്യന്‍ റെയില്‍വേ ഈ യൂണിഫോം തന്നതുതൊട്ട് അദ്ദേഹം ജോലി വാങ്ങിച്ചെടുത്ത പെടാപ്പാടുകള്‍ ഒന്നൊന്നായി, ഘോരം ഘോരം പ്രസംഗിച്ചു കൊണ്ടിരുന്നു. പിന്നെ അഞ്ചാറു മാസ് ഡയലോഗും.
ഏതായാലും സംഗതി അങ്ങ് ഉഷാറായി. നമ്മുടെ ഐഡി കാര്‍ഡ് കാട്ടിയപ്പോള്‍ വോള്‍ടേജ് ഇല്ലാത്ത ഒരു ചിരി സമ്മാനിച്ചു ടിടിഇ ചേട്ടന്‍ അടുത്ത കംപാര്‍ട്‌മെന്റിലേക്ക് പോയി. കട്ടകലിപ്പിലായിരുന്ന അപ്പൂപ്പനമ്മാവന്‍ എന്നോട് ചോദിച്ചു ‘കൊച്ചെ ഈ ഐഡി കാര്‍ഡ് ഒക്കെ വേണം എന്ന് അറിയാരുന്നോ?’ ടിക്കറ്റില്‍ എഴുതിയിരിക്കുന്നത് ഞാന്‍ അവര്‍ക്ക് കാട്ടി കൊടുത്തു. അപ്പൂപ്പന്‍ ആദ്യമായിട്ടാ ട്രെയിനില്‍. അതിന്റെ പ്രശ്‌നം ആയിരുന്നു. പാവം. പക്ഷെ കേട്ടയുടനെ അപ്പൂപ്പനമ്മാവന്‍ എഴുന്നേറ്റ് പോയി ടിടിഇ-യോട് എന്തൊക്കെയോ പറയുന്നു. അദ്ദേഹം വന്നു പറഞ്ഞു ‘സാരമില്ല. എന്റെ ഡ്യൂട്ടിയാ ഇനി വരുമ്പോ കൊണ്ടുവരണം എന്ന്’ സര്‍ക്കാരുദ്യോഗസ്ഥന്മാരിലും ഇങ്ങനുള്ളവരുണ്ടോ എന്ന് സംശയം തോന്നിപ്പോയി.
എന്താണെന്നറിയില്ല ഡെല്‍ഹൗസി പ്രഭുവിന്റെ പാദങ്ങളില്‍ പുണ്യ നമസ്‌കാരം ചെയ്യാന്‍ തോന്നിയിട്ടുണ്ട് പലപ്പോഴും. ഒരുപക്ഷെ അദ്ദേഹമില്ലായെങ്കില്‍ രാജ്യത്തിന്റെ ഈ ജീവരേഖ ഉണ്ടാകുമോ എന്നുപോലും ആലോചിച്ചിട്ടുണ്ട്. കാറ്റാടി പാടങ്ങളും, തോവാളയുമൊക്കെ പിന്നിട്ട് തീവണ്ടി മുന്നോട്ട് കുതിച്ചു പാഞ്ഞു. തമിഴ്നാട്ടിലെത്തുമ്പോള്‍ മറക്കാനാവാത്ത ഒന്ന് പശ്ചിമഘട്ടം ആണ്. പണ്ടെങ്ങോ മനസ്സില്‍ ജോഗ്രഫി പാഠങ്ങള്‍ ഊട്ടിഉറപ്പിയ്ക്കാന്‍ വേണ്ടി ‘അമ്മ കാട്ടിത്തന്ന സഹ്യപര്‍വ്വതം യശസ്സോടെ തന്നെ ഉയര്‍ന്നു നില്‍ക്കുന്നു. പുറത്തെ കാഴ്ചകള്‍ക്കിടയിലാണ് ഒരു വളകിലുക്കം അടുത്തടുത്തു വന്നത്. നമ്മുടെ അര്‍ദ്ധനാരി സങ്കല്‍പ്പത്തെ അനുസ്മരിപ്പിക്കും വിധം മൂന്നാലുപേര്‍, ഇന്നിത് സ്ഥിരം കാഴ്ചയാണ്.
‘അക്കാവുക്ക് ഏതാവത് ഉദൈവി സെയ്യമ്മാ’ പേഴ്‌സിലേക്ക് ഒന്ന് നോക്കിയപ്പോള്‍ ഇരുപതിന്റെ നോട്ടു മാത്രേ ഉള്ളൂ. കൊടുക്കണോ വേണ്ടയോ എന്നുള്ള സംശയത്തില്‍ കണ്ണുരുട്ടാന്‍ തുടങ്ങിയെങ്കിലും ഞാന്‍ അതവര്‍ക്ക് നേരെ നീട്ടി. എന്റെ തലയില്‍ തൊടാതെ തൊട്ട് അവരെന്തൊക്കെയോ പറഞ്ഞു ആശീര്‍വാദം ആണേ.’ എന്നിട്ട് പത്തു രൂപ തിരികെ നല്‍കി. ഇത് കണ്ടതും അടുത്തിരുന്ന ഒരാന്റി പറഞ്ഞു ഈ പണം സൂക്ഷിച്ചു വെയ്ക്കണമത്രേ. നമ്മുടെ സ്വഭാവം വെച്ചു അതെന്തിനാ എന്നുള്ള ചോദ്യം ചോദിക്കേണ്ടതാ. പിന്നെ അതങ്ങു സൂക്ഷിച്ചു വെച്ചു. എന്തേലും ആയിക്കൊള്ളട്ടെ. ഓരോരോ നാട്. ഓരോരോ വിശ്വാസങ്ങള്‍.
വിശ്വാസങ്ങളും പിന്നിട്ട് തീവണ്ടി കുതിച്ചുപാഞ്ഞു. ‘വാഞ്ചി മണിയാച്ചി’ സ്റ്റേഷന്‍ പണ്ടുകാലത്തെ ഏതോ കഥകളെ അനുസ്മരിപ്പിക്കും വിധം ആയിരുന്നു. കാലത്തിന്റെ ശേഷിപ്പുകളായി മാറിയ തടി ബെഞ്ചുകള്‍, പൊട്ടിപ്പൊളിഞ്ഞ പ്ലാറ്റുഫോമുകള്‍ ഓരോ ട്രെയിനിലും തുടങ്ങുന്ന, അവസാനിക്കുന്ന ജീവിതങ്ങള്‍. ആ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെങ്ങും ആധുനികതയുടെ ഒരംശം പോലും കാണാന്‍ സാധിച്ചില്ല. ട്രെയിനില്‍ പലവിധ കച്ചവടങ്ങള്‍ ആണ്. ചക്ക, മാങ്ങ, വെള്ളരി,പേരയ്ക്ക അങ്ങനെ അങ്ങനെ ഒരു കാട് മുഴുവന്‍ ഇളകി വരുന്നുണ്ട്. അപ്പോഴാണ് ഒരു ശബ്ദം ‘ബോളി.. ബോളി…’ ശ്ശെടാ നമ്മുടെ തിരുവനന്തപുരം മുതല്‍ ഇവിടെ എത്തിയോ എന്നുള്ള സംശയം കാരണം ആ കുട്ടയിലേക്ക് ഏന്തി വലിഞ്ഞു നോക്കി. പക്ഷെ സാധനം നമ്മുടെ ബോളി അല്ല മൈദാ മാവില്‍ നെയ്യോ,എണ്ണയോ കൂട്ടിക്കുഴച്ച ഏതോ ഒരു പലഹാരം, പേര് ബോളി!
വളരെയധികം നേരമായി രണ്ടു കണ്ണുകള്‍ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. ഇതെന്തിനാണെന്നുള്ള ചോദ്യശരം മുഖത്തു തൊടുത്തുവിട്ടുകൊണ്ട്, പുരികം ചുളിച്ചുവെച്ച് ഞാന്‍ നോക്കാന്‍ തുടങ്ങും മുന്‍പ് തന്നെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു തുടങ്ങി. പേരുകേട്ട ദിനപത്രത്തിലെ റിപ്പോര്‍ട്ടറായിരുന്ന മനുഷ്യനാണ്. നിധി പോലെ സൂക്ഷിച്ചു വെച്ചിരിക്കുന്ന കുറെ അമൂല്യ ഫോട്ടോകള്‍, റിപ്പോര്‍ട്ടുകള്‍ അങ്ങനെ അങ്ങനെ സംസാരം ഏറെ നേരം മുന്നോട്ട് പോയി. അദ്ദേഹത്തിന് വളരെയധികം ഇഷ്ടമുള്ള ഭാഷയാണ് മലയാളം. എന്നിരുന്നാല്‍ പോലും അനായാസം പഠിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് മലയാളികള്‍ ഒരു അത്ഭുതമാണെന്ന് പറയുകയുണ്ടായി. അല്ലേലും നമ്മളൊക്കെ അത്ഭുത ജീവികള്‍ അല്ലെ എന്നോര്‍ത്തു ചിരിച്ചുപോയി.
എഴുപതുകളോടടുത്തു പ്രായമുണ്ടെങ്കിലും ആ വാക്കുകളുടെ ചടുലതയും ഊര്‍ജസ്വലതയും ഒന്ന് വേറെ തന്നെ ആയിരുന്നു. ഒത്തിരിയൊത്തിരി വിശിഷ്ട വ്യക്തികളുമായി നിരന്തരം സംഭാഷണവും, സംവാദവും നടത്തിയിരുന്ന മനുഷ്യനാണ്. ആധുനിക രാഷ്ട്രീയത്തെ പണ്ട് കാലവുമായി താരതമ്യപ്പെടുത്തുന്നതോടൊപ്പം ഇന്നത്തെ കാലത്ത് കള്ളത്തരവും കപടതയും ആണ് കൂടുതലെന്ന് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു. ഇതിനിടയ്ക്ക് ട്രെയിനങ്ങനെ പാണ്ഡ്യന്മാരുടെ പ്രൗഢമായ ദേശത്തെത്തി. പൗരാണികമായ ഒരു പ്രതീതി ആണ്. ട്രെയിനിന്റെ ജനാലകള്‍ക്കിടയിലൂടെ ഉള്ള കാഴ്ചകള്‍ ആണ് അധികവും. എല്ലാവരും തിരക്കില്‍ തന്നെ. ഓട്ടം തന്നെ ഓട്ടം. കാലത്തിനൊപ്പം സഞ്ചരിക്കാനാവും.
തിരുച്ചിറയ്പ്പള്ളിയില്‍ നിന്നും പുതിയൊരു സുഹൃത്തിനെ കിട്ടി. എന്താണെന്നറിയില്ല നമ്മള്‍ കേരളീയരോട് ഒരു വല്ലാത്ത സ്‌നേഹക്കൂടുതല്‍ ഉണ്ട് തമിഴ് നാട്ടുകാര്‍ക്ക്. നമ്മുടെ കാലാവസ്ഥയില്‍, വെള്ളത്തില്‍, മണ്ണില്‍, കാറ്റില്‍ അങ്ങനെ അങ്ങനെ. അതൊക്കെയും ആ പെണ്‍കുട്ടിയുടെ വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു. ശരീരത്തു നിന്നും ജലാംശം എല്ലാം തമിഴ് നാട് കാറ്റ് കവര്‍ന്നെടുത്തപോലെ. ചൂട് കാരണം കണ്ണൊക്കെ നിറഞ്ഞു പുകഞ്ഞു തുടങ്ങി. അല്പനേരത്തെ മയക്കത്തിന് ശേഷം കണ്ണ് തുറന്നപ്പോള്‍ മേല്‍മറുവത്തൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി. ട്രെയിന്‍ സൗഹൃദത്തോട് യാത്ര പറഞ്ഞു ഞാനിറങ്ങി. അവിടെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു കറങ്ങി തിരിയുന്നതിനിടയിലാണ് ശ്രദ്ധിച്ചത്. ചെരിപ്പ് കാണാന്‍ ഇല്ല! അയ്യോ ഇനിയെന്ത് ചെയ്യും?
സമയം ഏകദേശം രാത്രി പത്തു മണിയോടടുക്കാറായി. അമ്പല പരിസരത്തു ചെരുപ്പ് വില്‍ക്കാന്‍ പാടില്ല എന്നുള്ളത് നമുക്ക് വിനയായി. ചെരിപ്പുകടയാണെങ്കില്‍ ഒന്നര കിലോമീറ്റര്‍ താണ്ടി പോകണം. പക്ഷെ അറിയപ്പെടാത്തൊരിടത് നമ്മുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന ഒന്നായത് കാരണം തിരികെ റൂമിലേക്ക് നടന്നു. പക്ഷെ മനസ്സില്‍ ചോദ്യങ്ങള്‍ മാത്രം ബാക്കി. നാളെ രാവിലെ പരീക്ഷയുണ്ട്, അതും കോടമ്പാക്കത് വെച്ചു! രാവിലെ 5.30-ന്റെ ട്രെയിന് പോകണം. അപ്പൊ ഏത് കട തുറന്നു ചെരുപ്പ് വാങ്ങാനാ? എട്ടരയ്ക്കുള്ള പരീക്ഷയ്ക്ക് ചെരിപ്പൊക്കെ വാങ്ങി എപ്പോ എത്താനാണ്. നിദ്ര ദേവി ഇതൊക്കെ കേട്ടതും ചെന്നൈക്ക് ഓടി പൊയ്ക്കളഞ്ഞു. രാവിലെ ഉണര്‍ന്ന് നഗ്‌നപാദയായി റെയില്‍വേ സ്റ്റേഷനിലെത്തി.
ആലോചിയ്ക്കുവായിരുന്നു എന്റെ പൊന്നോ.. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് ഇങ്ങനെ നില്‍ക്കേണ്ടി വന്നതെങ്കില്‍ എതിരെ വരുന്ന വല്ല കുര്‍ളയിലും കേറി നാട് വിട്ടു പോയേനെ. അപകര്‍ഷതാ ബോധം തളര്‍ത്തി കളഞ്ഞേനെ. ഇതിപ്പോ നമുക്ക് അറിയാത്ത നാട്. അറിയാത്ത ആളുകള്‍. ആ ഒരൊറ്റ സമാധാനം മാത്രേ ഉളളൂ മുതല്‍ക്കൂട്ട്. അടുത്ത് കണ്ട ഒരു സ്ത്രീ തമിഴില്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അതില്‍ ഒന്ന് എനിക്ക് ചെരിപ്പില്ലാന്നുള്ളതാണെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പറഞ്ഞു നേര്‍ച്ചയാണെന്ന്! സംഭവം ഒറ്റ വാക്കില്‍ തീരുമല്ലോ. വെപ്രാളത്തില്‍ ട്രെയിന്‍ കയറി.
കാല്‍ കുത്താനിടമില്ലാത്ത തിരക്ക് അഞ്ചു മിനുട്ട് നിര്‍ത്തുന്ന ട്രെയിനില്‍ ആദ്യം കിട്ടിയിടത്തു ചാടിക്കേറി. തിരക്കെന്നു പറഞ്ഞാലും പോരാത്ത അത്ര തിരക്ക് ബാത്ത്‌റൂമിന്റെ വശത്തായി നില്‍ക്കാനൊരിത്തിരി സ്ഥലം കിട്ടി. അതും ഒരാളിന്റെ ഔദാര്യത്തില്‍. എന്റെയുള്ളിലെ വൃത്തിക്കാരി എവിടെയോ ഇറങ്ങി പോയെന്ന് തോന്നുന്നു. അങ്ങനെ അവിടെ തന്നെ നിന്നു. ട്രെയിനിലെ ഡോറിന്റെ വശത്തു നിന്ന് യാത്ര ചെയ്യണം എന്നുള്ളത് ഒരു മോഹമായിരുന്നു. പക്ഷെ പശ്ചാത്തലം ഇതായിരുന്നില്ല എന്ന് മാത്രം. ആറു മണിയായപ്പോള്‍ ട്രെയിന്‍ ഒരു വിജനമായ സ്ഥലത്തു നിര്‍ത്തി ഇട്ടിരിക്കുകയാണ്. ആറ് മുപ്പതായി, ഏഴുമണിയായി ഒരനക്കവുമില്ല.
ഇവിടുന്ന് ഒരു മണിക്കൂര്‍ വേണം കോടമ്പാക്കത് ഏതാണ് പിന്നെ പരീക്ഷ സെന്റര്‍ കണ്ടു പിടിക്കണം. നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നിത്തുടങ്ങി. ഞാന്‍ ഇങ്ങനെ ഡോറിലൂടെ തലയെത്തി പുറത്തു നോക്കുമ്പോളുണ്ട്, നമ്മുടെ ലോക്കോ പൈലറ്റ് പുറത്തിറങ്ങി ഉലാത്തുന്നു. പ്രശ്‌നം എന്താന്ന് ചോദിക്കാനായി ‘ശൂ..ശൂ’ എന്ന് വിളിച്ചപ്പോളേക്കും കേള്‍ക്കാത്ത ഭാവത്തില്‍ അയാള്‍ തിരികെ കേറിപ്പോയി. തലേന്ന് പ്രകീര്‍ത്തിച്ച ഡെല്‍ഹൗസിയും ശ്രീ സുരേഷ് പ്രഭുവുമൊക്കെ ഒരു നിമിഷത്തേക്ക് എന്റെ ശത്രുക്കളായി മാറി.
ട്രെനിറങ്ങി ബസ് പിടിച്ചു പോകാമെന്നോര്‍ത്താല്‍ ഏതോ ഒരു കുറ്റിക്കാടിന്റെ ഒത്ത നടുക്കാണ് ഈ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ഇവിടെയാണെങ്കില്‍ ദുരന്തം എന്നോ ദാരിദ്ര്യം എന്നോ ഒക്കെ വിളിക്കാം. പരീക്ഷ എഴുതേണ്ടിയേ വരില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചു. വയറ്റില്‍ വിശപ്പിന്റെ ഹിന്ദോള രാഗങ്ങള്‍ മുഴങ്ങി തുടങ്ങി. വിശപ്പിനേക്കാള്‍ എനിക്ക് വിഷമം തോന്നിയത് കാലുകളിലേക്ക് നോക്കിയപ്പോഴാണ്. അങ്ങനെ ഒരു വിധം കോടമ്പാക്കത്തു എത്തി. വിശന്നു വലഞ്ഞു കറങ്ങി തിരിഞ്ഞു പരീക്ഷ ഹാളിലെത്തി. ചെരുപ്പ് വാങ്ങാന്‍ സമയം കിട്ടിയില്ലെന്ന് മാത്രമല്ല ഇത്തിരി ലേറ്റ് ആവുകയും ചെയ്തു.
വെരിഫിക്കേഷന്‍ ഒക്കെ കഴിഞ്ഞു വെറുതെ കാലുമുടന്തി, മുടന്തി നടക്കാന്‍ തുടങ്ങി. അവിടെയുള്ളവരൊക്കെ വിചാരിക്കുവാണ് എനിക്കെന്തോ കാലിനു തകരാര്‍ സംഭവിച്ചിട്ടുണ്ട്, നമ്മുടെ ആവശ്യവും അതാണല്ലോ. ജാഡ ടീംസിനോട് വീണതാണെന്നും തട്ടി വിട്ടു. ഒടുവില്‍ പന്ത്രണ്ട് മണിക്ക് പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് ഒരു ഗ്ലാസ് ചായയെങ്കിലും കുടിക്കാന്‍ പറ്റിയത്. ഇപ്പൊ മനസ്സിലായി ആരും ദരിദ്രരായി കോടമ്പാക്കത്തു എത്തപ്പെടുന്നില്ല. സാഹചര്യം, അത് നമ്മളെ ദാരിദ്ര്യത്തിന്റെ പരകോടിയിലെത്തിക്കും, വിശപ്പിന്റെ പടുകുഴിയിലും. ഓര്‍ക്കുമ്പോള്‍ കോടമ്പാക്കം ഒരു പൊള്ളുന്ന ഓര്‍മയാണ്.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)