ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ (ക്യുഎന്‍ടിസി) ആരംഭിച്ച ഈ പരിപാടി ഓഗസ്റ്റ് 16-വരെയുണ്ടാകും.
ലോകമെമ്പാടുമുള്ള ആകാശ യാത്രക്കാര്‍ക്ക് പലപ്പോഴും ദോഹയില്‍ ഒരു സ്റ്റോപ്പ് ഉണ്ടാകും. അതിനെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുവാനുള്ള ഒരവസരം ഒരുക്കിയിരിക്കുകയാണ് ഖത്തര്‍. ഈ മാസം ആദ്യം ആരംഭിച്ച ‘സമ്മര്‍ ഇന്‍ ഖത്തര്‍’ (സിക്യു) ഉത്സവത്തിന്റെ ഭാഗമായി വിസയില്ലെങ്കിലും യാത്രക്കാര്‍ക്ക് രാജ്യം സന്ദര്‍ശിക്കാം.
ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ (ക്യുഎന്‍ടിസി) ആരംഭിച്ച ഈ പരിപാടി ഓഗസ്റ്റ് 16-വരെയുണ്ടാകും. രാജ്യത്തുടനീളമുള്ള നിരവധി ഓര്‍ഗനൈസേഷനുകളുടെ പങ്കാളിത്തത്തോടെയാണ് പരിപാപാടി നടപ്പിലാക്കുന്നത്. പല തരത്തിലുള്ള യാത്രകള്‍, കാഴ്ചകള്‍, വിനോദ പരിപാടികള്‍ തുടങ്ങി വിസ്മയിപ്പിക്കുംവിധമുള്ള സ്വീകരണമാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്.
കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി 80 രാജ്യങ്ങളിലെ പൌരന്മാര്‍ക്കുള്ള വിസാ ചട്ടങ്ങളില്‍ ഖത്തര്‍ നേരത്തെ മാറ്റം വരുത്തിയിരുന്നു. അവര്‍ക്ക് ഫ്രീയായി വിസ ലഭിക്കും. കൂടാതെ, ലോകമെമ്പാടുമുള്ള 160 സ്ഥലങ്ങളില്‍നിന്നും ദോഹയിലേക്ക് വരുന്നവര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് 25% ഡിസ്‌കൌണ്ട് നല്‍കുന്നുണ്ട്. ദീര്‍ഘനാള്‍ രാജ്യത്ത് ചെലവഴിക്കുന്നവര്‍ക്ക് അത്യാകര്‍ഷകമായ നിരവധി ടൂറിസ്റ്റ് പാക്കേജുകളും ലഭ്യമാണ്.
അവിടെയെത്തിയാല്‍ പിന്നെ വിനോദ പരിപാടികളുടെ ഒരു കുത്തൊഴുക്കാണ്. തത്സമയ കലാപരിപാടികള്‍, ഇന്‍ഡോര്‍ പ്രോഗ്രാമുകള്‍, സ്‌പോര്‍ട്‌സ്, വിദ്യാഭ്യാസ പരിപാടികള്‍, പ്രത്യേക എക്‌സിബിഷനുകള്‍, റീട്ടെയില്‍ പ്രമോഷനുകള്‍ തുടങ്ങി ഒമ്പത് മാളുകളിലുടനീളം ആഘോഷങ്ങളാണ്. ഖത്തര്‍ മ്യൂസിയംവകുപ്പിന്റെ കീഴിലുള്ള ഏതെങ്കിലും മ്യൂസിയങ്ങളില്‍ നിന്ന് നിങ്ങള്‍ ഒരു ‘യുവര്‍ പ്ലസ്’ അല്ലെങ്കില്‍ ‘ഫാമിലി കള്‍ച്ചര്‍ പാസ്’ വാങ്ങുകയാണെങ്കില്‍ നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കാന്‍ പോകുന്നത്.