ഒരുപാട് അറിവും അനുഭവവുമുള്ള ആളായിരുന്നെങ്കിലും ആകാശവാണിയിലെ അനുഭവങ്ങള്‍ പങ്കു വയ്ക്കാനായിരുന്നു സാറിനു ഏറെ ഇഷ്ടം
വര്‍ഷങ്ങളായി ആകാശ വാണിയിലൂടെ നമ്മള്‍ ഏവരും ആസ്വദിച്ച ആ മനോഹര ശബ്ദം അതിനി ഓര്‍മ്മകള്‍ മാത്രം. കാലം ആ ശബ്ദത്തിനുടമയെ നിശബ്ദനാക്കിയിരിക്കുന്നു. അതെ, എല്ലാവരുടെയും ഇഷ്ട സ്വരത്തിനുടമയായ സി.പി.ആര്‍ എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന സി.പി രാജശേഖരന്‍ സാര്‍ ഇനി ഓര്‍മ്മകളില്‍ മാത്രം. ശബ്ദം പോലെ തന്നെ നല്ല മനസ്സിനുടമയായ അദ്ദേഹത്തെ പരിചയപ്പെടാന്‍ എനിക്കും ഒരു അവസരം ലഭിച്ചു. സാറിന്റെ മരണവാര്‍ത്ത എന്നെയും തേടിയെത്തിയപ്പോള്‍, സാറിനെ പരിചയപ്പെടാന്‍ സാഹചര്യമൊരുക്കിയ ആ പ്രസ് ക്ലബ്ബ് ജേര്‍ണലിസം പഠനകാലത്തേക്കാണ് ഞാന്‍ മടങ്ങിയത്.
റേഡിയോ എന്ന് കേട്ടറിവു മാത്രമേ എനിക്ക് ബാല്യം മുതല്‍ ഉണ്ടായിരുന്നുള്ളു. ഓരോ പടിയായുള്ള കാലത്തിന്റെ വികസനത്തില്‍ റേഡിയോ വെറും ഓര്‍മ്മകള്‍ മാത്രമായി , പുതിയ കാലത്തിലേക്ക് ചുവടു വെച്ചിരുന്നെങ്കിലും ആകാശവാണി, തിരുവനന്തപുരം, തൃശ്ശൂര്‍, ആലപ്പുഴ എന്ന ശബ്ദശകലം ഇന്നും മായാതെ മനസ്സില്‍ തട്ടിയിരിക്കുന്നു. ആ ശബ്ദത്തിനുടമ ഇനിയീ ഭൂമിയില്‍ ഇല്ലെന്നു ഓര്‍ക്കുമ്പോള്‍ അതെന്റെ മനസ്സിലൊരു വിങ്ങലുണര്‍ത്തുന്നു. എല്ലാവരെയും പോലെ ആ ശബ്ദശകലം കേട്ട് വളര്‍ന്നതു കൊണ്ടല്ല, മറിച്ച് ആ ശബ്ദത്തിനുടമ എന്റെ ജീവിതത്തിലെ ഒരു നാള്‍ വഴിയിലൂടെ കടന്നു പോയതിനാലാണ്.
റേഡിയോ, ആകാശവാണി തുടങ്ങിയവയിലെ സാധ്യതകളെ കുറിച്ചും അതിന്റെ ഇന്നത്തെ വികസിത കാലം വരെയുള്ള യാത്രയെ കുറിച്ചുമുള്ള അറിവിന്റെ വാതില്‍ തുറന്ന ഒരു മനുഷ്യനുണ്ടായിരുന്നു. അതാണ് ഏവര്‍ക്കും സുപരിചിതനായ ആകാശവാണി, ദൂരദര്‍ശന്‍ കേന്ദ്രങ്ങളുടെ മുന്‍ ഡയറക്ടര്‍. എന്നാല്‍ അദ്ദേഹത്തെ ഞാന്‍ തിരിച്ചറിഞ്ഞത് ഈ പദവികളിലൂടെ അല്ലായിരുന്നു. കോട്ടയം പ്രസ്‌ക്ലബ്ബിലെ പി.ജി ജേര്‍ണലിസം പഠനകാലത്താണ് ആദ്യമായും അവസാനമായും ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അധ്യാപകനായാണ് സാറിനെ പരിചയപ്പെട്ടത്. അപ്പോള്‍ നിങ്ങളോര്‍ക്കും അധ്യാപകന്‍ അല്ലായിരുന്നോ, ഒരുപാട് അനുഭവങ്ങള്‍ പങ്കു വെയ്ക്കാനുണ്ടാകുമെന്ന്. പക്ഷേ ആ മനുഷ്യനെ നേരിട്ടറിഞ്ഞു ഇടപെടാന്‍ മറ്റുള്ളവര്‍ക്ക് ലഭിച്ചതു പോലെ അവസരവും ഭാഗ്യവും എനിക്കുണ്ടായിട്ടില്ല. കാരണം ഒരു ദിവസത്തെ പരിചയം മാത്രമാണ് എനിക്ക് സി.പി. രാജശേഖരന്‍ സാറുമായുള്ളത്. സാറുമായി ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ചിലവഴിച്ച ആ ഒരു ദിവസത്തെ അനുഭവ കുറിപ്പാണിത്.
നിരന്തരം ക്ലാസെടുത്തിരുന്ന അധ്യാപകര്‍ ഉണ്ടായിട്ടും ഒറ്റ ദിവസത്തെ സി.പി സാറിന്റെ ക്ലാസ് ഓര്‍ത്തിരിക്കാന്‍ കാരണങ്ങളുണ്ട്.
റേഡിയോ മേഖലയെ സംബന്ധിച്ചുള്ള ക്ലാസ് എടുക്കാന്‍ വന്നതായിരുന്നു അദ്ദേഹം. ജേര്‍ണലിസം ക്ലാസുകള്‍ തീരാന്‍ വളരെ കുറച്ച് ദിവസം മാത്രം ബാക്കി നില്‍ക്കവെ ആണ് സാര്‍ ഞങ്ങളെ പടിപ്പിക്കാന്‍ എത്തിയത്. അതിനാലാണ് അത് ഒരു ദിവസം മാത്രമായി ചുരുങ്ങി പോയത്. ശബ്ദ ഗാംഭീര്യവും, സംസാരവും കൊണ്ട് കര്‍ക്കശക്കാരനായ അധ്യാപകനായിട്ടാണ് ഞങ്ങള്‍ക്ക് സാറിനെ ആദ്യ കാഴ്ചയില്‍ തോന്നിയത്. അതിന് തെളിവെന്ന പോലെ ക്ലാസില്‍ താമസിച്ചെത്തിയ എന്റെ സഹപാഠിയായ സുഹൃത്തിനെ സാര്‍ ശാസിക്കുന്നതും കണ്ടു. അതുകൊണ്ട് തന്നെ ഉച്ചയ്ക്കു ശേഷമുള്ള സാറിന്റെ ക്ലാസ് കട്ട് ചെയ്യണമെന്ന് അപ്പോള്‍ തന്നെ മനസ്സില്‍ കരുതിയിരുന്നു. എന്നാല്‍ കര്‍ക്കശക്കാരനില്‍ നിന്നും തന്റെ വിദ്യാര്‍ത്ഥികളെ സ്‌നേഹിക്കുന്ന അധ്യാപകനിലേക്കുള്ള ദൂരം കുറയുന്നത് മനസ്സിലാക്കിയ ഞങ്ങള്‍ ആ ക്ലാസ് കഴിയും വരെയും സാറിനൊപ്പം കൂടി. ഓരോരുത്തരുടെയും പേരില്‍ നിന്നു തുടങ്ങി, അറുവുകള്‍ പകര്‍ന്നു തന്നും, താമാശയിലൂടെ കടന്നു പോയ ആ ക്ലാസ് അവസാനിക്കുമ്പോള്‍ ചെറിയൊരു വിഷമം ഞങ്ങള്‍ക്കുണ്ടായിരുന്നു.
ഞങ്ങളോടു പങ്കുവെച്ച സാറിന്റെ വാക്കുകളില്‍ കൂടിയാണ് അദ്ദേഹത്തെ ഞങ്ങള്‍ കൂടുതലറിഞ്ഞത്.
ആകാശവാണി, ദൂരദര്‍ശന്‍ കേന്ദ്രങ്ങളുടെ മുന്‍ ഡയറക്ടര്‍ ആയിരുന്നു സി.പി. രാജശേഖരന്‍ സാര്‍. ആകാശവാണിയെ അത്രയധികം സ്‌നേഹിച്ച മനുഷ്യന്‍. മികച്ച പ്രക്ഷേപകനായിരുന്നു അദ്ദേഹം. സി.പി.ആര്‍ എന്നറിയപ്പെടുന്ന അദ്ദേഹം ആകാശവാണിയുടെയും ദൂരദര്‍ശന്റെയും വിവിധ സ്‌റ്റേഷനുകളില്‍ 35 വര്‍ഷത്തോളം സേവനമനുഷ്ടിച്ചു. വിരമിച്ചതിനു ശേഷം സുപ്രഭാതം പത്രത്തിലെ പ്രഥമ ചീഫ് എഡിറ്ററായിരുന്നു. യോജിക്കാന്‍ പറ്റാത്ത ചില കാരണങ്ങളാല്‍ ആ ജോലി ഉപേക്ഷിക്കേണ്ടി വന്നെന്നു സാര്‍ പറഞ്ഞത് ഇന്നും ഞാന്‍
ഓര്‍ക്കുന്നു. എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയായിരുന്നെങ്കിലും താമസം തൃശ്ശൂരിലായിരുന്നു. സംസ്‌കൃതത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദവും, വിദ്യാഭ്യാസത്തില്‍ ബിരുദവും നേടിയിരുന്നു. ഒരു നാടക സ്‌നേഹി കൂടിയായ സാര്‍ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ നാടക സംബന്ധമായ ചര്‍ച്ചകള്‍ക്കും അവതരണങ്ങള്‍ക്കുമായി സന്ദര്‍ശിക്കുകയും വിവിധ സര്‍വ്വകലാശാലകളില്‍ ക്ലാസുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
നിരവധി നാടകങ്ങളും ബാലസാഹിത്യ കൃതികളും നിരൂപണങ്ങളുമെല്ലാം പ്രസിദ്ധീകരിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. മദ്രാസ് സര്‍വ്വകലാശാലയിലും , മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലും സി.ബി.എസ്.സി പാഠ്യപദ്ധതികളിലും സാറിന്റെ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറിവും കഴിവും പോലെ തന്നെ നിരവധി അംഗീകാരങ്ങളും സാറിനെ തേടിയെത്തിയിട്ടുണ്ട്. സംവിധാനത്തിനും കവിതകള്‍ക്കുമായി ആകാശവാണിയുടെ 10 ദേശീയ അവാര്‍ഡുകള്‍, ദൂരദര്‍ശന്‍ അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഇന്ത്യയിലെ ബെസ്റ്റ് പബ്ലിക്ക് സര്‍വ്വീസ് ബ്രോഡ്കാസ്റ്റര്‍ അവാര്‍ഡ്, ബോംബെ ആവാസ് അവാര്‍ഡ്, ഇറാന്‍ റേഡിയോ ഫെസ്റ്റിവല്‍ ഇന്റര്‍നാഷണല്‍ നോമിനേഷന്‍ തുടങ്ങിയ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സോളിലോക്വി, 3 വയസ്സന്മാര്‍, ഗാന്ധി മരിച്ചു കൊണ്ടേയിരിക്കുന്നു, ഡോക്ടര്‍മാര്‍ വിശ്രമിക്കുന്നു, പ്രതിമകള്‍ വില്‍ക്കാനുണ്ട് തുടങ്ങിയ പ്രധാന കൃതികളൊക്കെയും സാറിന്റെ സ്വന്തം.
ഒരുപാട് അറിവും അനുഭവവുമുള്ള ആളായിരുന്നെങ്കിലും ആകാശവാണിയിലെ അനുഭവങ്ങള്‍ പങ്കു വയ്ക്കാനായിരുന്നു സാറിനു ഏറെ ഇഷ്ടം. കളിചിരികളുമായി ഞങ്ങളുടെ ക്ലാസ് മുന്നോട്ട് പോയി. സാധാരണ ക്ലാസില്‍ ഇരുന്ന് ഉറക്കം തൂങ്ങുന്ന ഞങ്ങളാരും അന്ന് ഉറങ്ങിയില്ല. പകരം കൂടുതല്‍ ആവേശത്തോടെ ഉണര്‍ന്നിരുന്നു. ആ ക്ലാസില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ച സാറിന്റെ ഒരു വാചകമുണ്ട് , ” എനിക്ക് ധാരാളം കുട്ടികള്‍ ഉണ്ട്. എല്ലാവരും ഒരുപോലെയാണ്. നിങ്ങളും. ജോലി സംബന്ധമായ ഏതൊരു ആവശ്യത്തിനും, സംശയങ്ങള്‍ക്കും നിങ്ങള്‍ക്കെന്നെ വിളിക്കാം. എല്ലാവിധ സഹായങ്ങളും എന്റെ ഭാഗത്തു നിന്നുമുണ്ടാകും. പക്ഷേ ജോലി മാത്രം വാങ്ങിത്തരാന്‍ കഴിയില്ല. കാരണം എനിക്കൊരുപാട് വിദ്യാര്‍ത്ഥികളുണ്ട്. എല്ലാവര്‍ക്കും ജോലി വാങ്ങിത്തരാന്‍ എനിക്കു സാധിക്കില്ലല്ലോ, ഒരാള്‍ക്ക് ജോലി നേടി തന്നാല്‍ അത് മറ്റേയാള്‍ക്ക് വിഷമം ഉണ്ടാക്കും. സ്വന്തം കഴിവിലൂടെ എന്റെ കുട്ടികള്‍ ജോലി നേടിയെടുക്കുന്നത് കാണാനാണ് എനിക്കിഷ്ടം. ഞാനുണ്ടാകും കൂടെ”. ഒരുപക്ഷേ മറ്റു അധ്യാപകരാരും തന്നെ ഇങ്ങനെ തുറന്നു സംസാരിച്ചുണ്ടാകില്ല.
തിരിച്ച് മറുപടി ഉടനെ കിട്ടിയില്ലെങ്കില്‍ വിഷമിക്കണ്ട, എപ്പോള്‍ ഞാന്‍ നിങ്ങളുടെ സന്ദേശം കാണുന്നുവോ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി കിട്ടിയിരുക്കുമെന്ന് പറഞ്ഞ് മെയില്‍ ഐ.ഡി, നമ്പര്‍ എല്ലാം ചോദിക്കാതെ തന്നെ ഞങ്ങള്‍ക്കു നല്‍കി. എങ്കിലും എല്ലാ അധ്യാപകരെയും പോലെ ഇവിടുന്ന് പോയി കഴിഞ്ഞാല്‍ സാര്‍ ഞങ്ങളെ ഓര്‍ക്കില്ലെന്നും, മെസ്സേജ് അയച്ചാല്‍ തിരിച്ച് മറുപടി വരില്ലെന്നും പ്രതീക്ഷിച്ചാണ് ഞാന്‍ സാറിനു മെസേജ് അയച്ചത്. റേഡിയോ മേഖലയിലെ ഒഴിവുകളെ കുറിച്ച് അറിയുന്നതിനു വേണ്ടിയായിരുന്നു ആ മെസേജ്. എന്നാല്‍ എന്റെ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ടാണ് സാറിന്റെ മറുപടിയെത്തിയത്. തന്റെ കുട്ടികളെ സാര്‍ മറക്കില്ലെന്ന് അന്നെനിക്ക് ബോധ്യമായി. അതിനു ശേഷം ഇടയ്ക്കിടയ്ക്കുള്ള സന്ദേശങ്ങള്‍ എത്താറുണ്ടായിരുന്നു. ഫസ്റ്റ് ക്ലാസോടു കൂടിയുള്ള ജേര്‍ണലിസം പരീക്ഷാഫലം അറിഞ്ഞപ്പോള്‍ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. അതിനു ശേഷം ഈ കഴിഞ്ഞ 14-ാം തീയതി ആകാശവാണിയിലെ തൊഴില്‍ അവസരം കണ്ടിട്ട് ഞാന്‍ അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു. മറുപടി ലഭിക്കാഞ്ഞപ്പോഴാണ് സാറിനു സുഖമില്ലെന്നുള്ള ഫേസ് ബുക്ക് പോസ്റ്റ് വായിച്ച കാര്യം ഞാനോര്‍ത്തത്. എങ്ങനെ ജോലിക്ക് അപേക്ഷിക്കണെമെന്ന് അറിയാത്തതിനായല്‍ ഞാന്‍ അത് വേണ്ടെന്ന് വെക്കുകയും ചെയ്തു.
അതിനു ശേഷം ഞാന്‍ അറിയുന്നത് സാറിന്റെ വിയോഗമായിരുന്നു. അപ്രതീക്ഷിതമായ വാര്‍ത്തയായിരുന്നു ഞങ്ങള്‍ക്കേവര്‍ക്കുമത്. മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സാറിന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ വിശ്വസിക്കാനായില്ല. പ്രസ് ക്ലബ്ബിലെ ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോള്‍ ” താന്‍ പോകുന്ന വഴിക്ക് ആരേലും വരുന്നുണ്ടോ, വണ്ടിയിലാണ് ഞാന്‍ പോകുന്നത്, ആരേലും ഉണ്ടെങ്കില്‍ അവിടെ ഇറക്കാമെന്ന് പറഞ്ഞു സന്തോഷത്തോടെ ഞങ്ങളെ ക്ഷണിച്ച സാറിന്റെ മുഖം ” ഇപ്പോഴും എന്റെ ഉള്ളില്‍ മായാതെ കിടക്കുന്നു. ശിഷ്യ എന്നതിലുപരി ഇത്രയും അറിവും അനുഭവമുള്ള വ്യക്തിയുടെ വേര്‍പാടില്‍ അദ്ദേഹത്തിന്റെ കുടുംബത്തെ വിളിച്ച് കാര്യങ്ങള്‍ തിരക്കേണ്ടത് എന്റെ കടമ ആണെന്ന് തോന്നിയതിനാല്‍ ബന്ധുക്കളെ വിളിച്ചു വിവരങ്ങള്‍ തിരക്കിയിരുന്നു. ഹൃദയത്തില്‍ ബ്ലോക്കുകള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നു ശസ്ത്രക്രിയ ചെയ്യാനിരിക്കെയാണ് പെട്ടന്ന് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും സാര്‍ എല്ലാവരെയും വിട്ട് പോയി എന്നാണ് അവരില്‍ നിന്നും അറിയാന്‍ സാധിച്ചത്. അസുഖത്തില്‍ നിന്നും കരകയറി വരാനിരിക്കവെയാണ് വിധി സാറിനെ തേടി എത്തിയത്. ഈ മാസം 14-നു ( വെള്ളിയാഴ്ച്ച) തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അവസാനമായി കാണാന്‍ പോകണമെന്നു തോന്നിയെങ്കിലും എനിക്കതിനു സാധിച്ചില്ല.
എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളുടെ വിദ്യാര്‍ത്ഥിയാകാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. ആകാശവാണിയിലൂടെ കേട്ട് പരിചയമുള്ള ആ ശബ്ദത്തിനുടമയെ നേരിട്ടറിയാന്‍ സാധിച്ചതിലും അതിയായ സന്തോഷമുണ്ട്. എന്റെ മാത്രമല്ല, ഓരോരുത്തരുടെയും മനസ്സില്‍ സാറിന്റെ ശബ്ദം മുഴങ്ങി കൊണ്ടേയിരിക്കും. ആ മാന്ത്രിക ശബ്ദത്തിനു മരണമില്ല. നിലയ്ക്കാത്ത ശബ്ദത്തിന്റെ ഓര്‍മ്മയില്‍ തന്നെ ഇനിയും അദ്ദേഹം അറിയപ്പെടും. ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് അറിവ് പകര്‍ന്നു തന്ന അധ്യാപകനെ കുറിച്ച് എഴുതാന്‍ സാധിക്കുന്നതിലും വലിയ അംഗീകാരം മറ്റൊന്നുമില്ല. പ്രക്ഷേപകലയുടെ രാജാവിന് ഈ വിദ്യാര്‍ത്ഥിനിയുടെ പ്രണാമം.