UPDATES

വായിച്ചോ‌

മസൂർ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കല്‍; ചൈന അയഞ്ഞതിന് പിന്നില്‍

എന്നാൽ ഇവയ്ക്കു പുറമെ ചൈനയുടെ വികസന തന്ത്രമായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനെ പരമാവധി പിന്തുണയ്ക്കുവാനും ചൈന ആവശ്യപ്പെട്ടിരുന്നു.

                       

മസൂർ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലെ ചൈനയുടെ നിലപാടിന് പിന്നിലുള്ള ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ് (BRI) ബന്ധത്തെക്കുറിച്ച് ഇന്ത്യ ആദ്യാവസാനം മൗനിയായിരുന്നുവെന്ന ആരോപണങ്ങൾ കനക്കുന്നു. അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചുകൊണ്ടുള്ള യു എൻ തീരുമാനത്തെക്കുറിച്ചുള്ള സമഗ്ര റിപ്പോർട്ടിലാണ് ദി ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രം ബിആർഐ ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്.

അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് യുഎസ് ഐക്യരാഷ്ട്രസഭയിൽ സമ്മർദ്ദം ചെലുത്തിയപ്പോഴും മറ്റെല്ലാ രാജ്യങ്ങളും തീരുമാനത്തെ അനുകൂലിച്ചപ്പോഴും ചൈന മാത്രം ആ തീരുമാനത്തെ ആദ്യ ഘട്ടത്തിൽ എതിർക്കുകയായിരുന്നു. പുൽവാമ ഭീകരാക്രമണനത്തിന്റെ കൂടി പശ്ചാത്തലത്തിൽ ജെയ്ഷ് ഇ മുഹമ്മദ് തലവൻ അസറിനെ കരിമ്പട്ടികയിൽ പെടുത്തണമെന്ന ആവശ്യങ്ങൾ ശക്തമായിരുന്നു. ഇതിനുള്ള പ്രധാന നയതന്ത്ര ചർച്ചകളിലധികവും നടന്നത് ന്യൂയോർക്കിലും വാഷിംഗ്ടണിലും ഡെൽഹിയിലുമായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. തീവ്രവാദ പ്രവർത്തങ്ങളോട് ഒരുതരത്തിലുമുള്ള നീക്കുപോക്കുകൾക്കും ഒരുക്കമല്ലെന്ന് ഇന്ത്യൻ വിദേശകാര്യ വകുപ്പ് വക്താവ് രവീഷ് കുമാർ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

പുൽവാമ ആക്രമണത്തിന് ശേഷം ചൈനീസ് പ്രതിനിധി കോങ്ങ് സുവാന്യോ പാക്കിസ്ഥാൻ സന്ദർശിക്കുകയും ഇരു രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾക്ക് ഇടനിലക്കാരനാകാൻ ഒരുങ്ങുകയും ചെയ്തതിനു ശേഷമാണ് അസറിനെ കരിമ്പട്ടികളിൽ പെടുത്താനുള്ള നീക്കങ്ങളോട് ചൈന വിയോജിച്ച് തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് പ്രതിനിധിയുടെ പാക്കിസ്ഥാൻ സന്ദർശനവേളയിൽ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് മുൻപിൽ അഞ്ച് നിർദ്ദേശങ്ങൾ വെച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സമ്മർദ്ദങ്ങൾ പരമാവധി കുറയ്ക്കുക, ഉഭയകക്ഷി ചർച്ചകൾക്ക് തയ്യാറാകുക, പുൽവാമ ആക്രമണത്തെയും അസറിൻറെ പട്ടികപ്പെടുത്തലിനെയും തമ്മിൽ ബന്ധിപ്പിക്കാതിരിക്കുക, അസറിനൊപ്പം മാറ്റ് പലരെയും ഭീകരരുടെ പട്ടികയിൽ പെടുത്താനുള്ള അമേരിക്കൻ ശ്രമങ്ങൾക്ക് വഴങ്ങികൊടുക്കാതിരിക്കുക, കശ്മീരിലെ അക്രമപ്രവർത്തങ്ങൾ അവസാനിപ്പിക്കുക മുതലായവയായിരുന്നു ആ നിർദ്ദേശങ്ങൾ. എന്നാൽ ഇവയ്ക്കു പുറമെ ചൈനയുടെ വികസന തന്ത്രമായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനെ പരമാവധി പിന്തുണയ്ക്കുവാനും ചൈന ആവശ്യപ്പെട്ടിരുന്നു.

BRI യുടെ ഒരു സുപ്രധാന കേന്ദ്രമായ ചൈന പാക്കിസ്ഥാൻ എക്കണോമിക് കോറിഡോർ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ ഐക്യത്തെയും അഖണ്ഡതയെയും പ്രതികൂലമായി ബാധിക്കുമെന്നും ഇത് പാക്കിസ്ഥാൻ അധീന കശ്മീരിലൂടെ കടന്നുപോകുന്നതിനാൽ അംഗീകരിക്കാനാകില്ലെന്നുമായിരുന്നു 2017 ലെ ബെൽറ്റ് ആൻഡ് റോഡ് ഫോറത്തിന്റെ സമയത്തെ ഇന്ത്യയുടെ നിലപാട്. എന്തെങ്കിലും ഓഫറുകളില്ലാതെ ചൈന അസറിന്റെ കാര്യത്തിൽ അയയില്ലെന്നും BRI യുടെ കാര്യത്തിലെ ഇന്ത്യയുടെ നിലപാട് മാറ്റമാകാം ചൈന അയഞ്ഞതിനു പിന്നിലുള്ള പ്രേരണയെന്നുമാണ് ചില ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

എന്താണ് ചൈനയുടെ ബിആർഐ?
അടിസ്ഥാന സൗകര്യ വികസനത്തിനും യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവടങ്ങളിലുള്ള നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാനുമുള്ള ചൈനയുടെ വികസന തന്ത്രമാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ്. കരയിലൂടെയുള്ള യാത്ര മാർഗ്ഗങ്ങളെയാണ് ‘ബെൽറ്റ്’ എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. സമുദ്രത്തിലൂടെയുള്ള സഞ്ചാരത്തെ ‘റോഡ്’ എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നു.

കൂടുതൽ വായനയ്ക്ക്: https://indianexpress.com/article/india/unsc-listing-india-silence-on-chinas-bri-helped-seal-masood-azhar-deal-5707862/?pfrom=HP

Share on

മറ്റുവാര്‍ത്തകള്‍