UPDATES

ട്രെന്‍ഡിങ്ങ്

ബംഗാളില്‍ 35 വര്‍ഷം അധികാരത്തിലായിരുന്നു ശ്രദ്ധ, ജനങ്ങളെ സംഘടിപ്പിച്ചില്ല: യെച്ചൂരി

ഭരിക്കുന്ന പാര്‍ട്ടി ആയത് കൊണ്ട് മാത്രം, യാതൊരു പ്രത്യയശാസ്ത്ര പ്രതിബദ്ധതയുമില്ലാതെ ഈ പാര്‍ട്ടിയുടെ ഭാഗമായവര്‍ നിരവധിയുണ്ടായിരുന്നു. ഇത്തരക്കാരെ പുറന്തള്ളേണ്ടിയിരുന്നു.

                       

പശ്ചിമബംഗാളില്‍ 35 വര്‍ഷത്തിനോടടുത്ത് അധികാരത്തില്‍ ഇരുന്നപ്പോള്‍ ഗവണ്‍മെന്റ് വഴി കാര്യങ്ങള്‍ ചെയ്യുന്നതിലാണ് കാര്യമായി ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ജനങ്ങളെ സംഘടിപ്പിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്നും തുറന്ന് സമ്മതിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് ഇടതുപക്ഷ രാഷ്ട്രീയത്തേയും പാര്‍ട്ടിയേയും ദുര്‍ബലപ്പെടുത്തിയെന്നും യെച്ചൂരി വ്യക്തമാക്കി. ദി ടെലഗ്രാഫുമായുള്ള അഭിമുഖത്തിലാണ് യെച്ചൂരി ഇക്കാര്യം പറയുന്നത്. ജനങ്ങളെ സംഘടിപ്പിക്കുക മാത്രമാണ് ഇടതുപക്ഷത്തിന്റെ മുന്നോട്ടുള്ള വഴിയെന്നും ജനങ്ങളെ സംഘടിപ്പിച്ച് പോരാട്ടത്തിന് സജ്ജരാക്കാതെ ഉപരിപ്ലവമായ ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്നും യെച്ചൂരി പറഞ്ഞു.

ബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന കാലത്ത് ധാരാളം തെറ്റുകള്‍ സംഭവിച്ചു. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ് വന്നപ്പോഴേക്കും ദുരന്തം സംഭവിച്ച് കഴിഞ്ഞിരുന്നു. ഭരിക്കുന്ന പാര്‍ട്ടി ആയത് കൊണ്ട് മാത്രം, യാതൊരു പ്രത്യയശാസ്ത്ര പ്രതിബദ്ധതയുമില്ലാതെ ഈ പാര്‍ട്ടിയുടെ ഭാഗമായവര്‍ നിരവധിയുണ്ടായിരുന്നു. ഇത്തരക്കാരെ പുറന്തള്ളേണ്ടിയിരുന്നു. അധികാരം ഉണ്ടാക്കുന്ന ബൂര്‍ഷ്വാ സ്വാധീനത്തെ ചെറുക്കുക എന്നത് പ്രധാനമാണ്. ലോകസാഹചര്യങ്ങള്‍ 90കള്‍ക്ക് ശേഷം കാര്യമായി മാറി. മാര്‍ക്‌സിസം എന്ന് പറയുന്നത് മൂര്‍ത്തമായ അല്ലെങ്കില്‍ വസ്തുനിഷ്ഠമായ സാഹചര്യങ്ങളുടെ വസ്തുനിഷ്ഠ വിശകലനമാണ് എന്ന് ലെനിന്‍ പറഞ്ഞിരുന്നു. വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ മാറുന്നതിന് അനുസൃതമായുള്ള വസ്തുനിഷ്ഠ വിശകലനം ഇല്ലാതായതാണ് ആഗോളതലത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാക്കിയത്. ഇന്ത്യയിലും ഇത് തന്നെയാണ് സംഭവിച്ചത്.

സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ നിര്‍മ്മാണത്തിനിടെ ധാരാളം ഗുരുതരമായ തെറ്റുകള്‍ സംഭവിച്ചു. രണ്ടാം ലോക മഹായുദ്ധാന്തര കാലത്ത് ഫാഷിസ്റ്റുകളെ പരാജയപ്പെടുത്തിയതില്‍ പ്രധാന പങ്ക് വഹിച്ച് സോഷ്യലിസ്റ്റ് ചേരിക്ക് ലോകവ്യാപകമായ സ്വീകാര്യത ലഭിച്ചിരുന്നു. കോളനി രാജ്യങ്ങളിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ ഇത് സ്വാധീനിച്ചു. എന്നാല്‍ മുതലാളിത്തം പുതിയ രീതിയിലുള്ള സാമ്പത്തിക കോളോണിയലിസം ആഗോളവത്കരണ നയങ്ങളിലൂടെ തീര്‍ത്തും വ്യത്യസ്തമായി മുന്നോട്ട് കൊണ്ടുപോയപ്പോള്‍ സോഷ്യലിസവും നവീകരിക്കപ്പെടേണ്ടതായിരുന്നു. മുതലാളിത്തം പല ഘട്ടങ്ങളിലും സോഷ്യലിസ്റ്റ് സവിശേഷതകളായ ക്ഷേമരാഷ്ട്ര സങ്കല്‍പ്പങ്ങളും പദ്ധതികളും ഏറ്റെടുത്തു. സോഷ്യലിസത്തെ തടയാനായിരുന്നു ഇത്. സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പ്രായോഗിക ബദല്‍ സമീപനങ്ങള്‍ ഇല്ലാത്തതാണ് സോഷ്യലിസത്തിന് വിജയിക്കാന്‍ കഴിയാത്തതിന്റെ കാരണം.

തൊഴിലാളി വര്‍ഗത്തിന്റെ പിന്തുണ പോലും തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് പലപ്പോഴും കിട്ടുന്നില്ല. ഇത് ഇന്ത്യയിലെ മാത്രം പ്രശ്‌നമല്ല. ബ്രെക്‌സിറ്റില്‍ ബ്രിട്ടീഷ് വലതുപക്ഷത്തിനാണ് തൊഴിലാളി വര്‍ഗത്തിന്റെ പിന്തുണ നേടാന്‍ കഴിഞ്ഞത്. അമേരിക്കന്‍ തൊഴിലാളിവര്‍ഗത്തിന്റെ പിന്തുണ തിരഞ്ഞെടുപ്പില്‍ കിട്ടിയത് ഡൊണാള്‍ഡ് ട്രംപിനാണ്. ന്യൂയോര്‍ക്കില്‍ വ്യവസായ സാമ്രാജ്യമുള്ള ശതകോടീശ്വരനായ ട്രംപിനെയാണ് തൊഴിലാളികള്‍ പിന്തുണച്ചതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ഒരു മാര്‍ക്‌സിസ്റ്റ് എന്ന നിലയില്‍ ഇത് തന്നെ അസ്വസ്ഥനാക്കുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു. ബംഗാളില്‍ മമത ബാനര്‍ജിക്കും ദേശീയ തലത്തില്‍ നരേന്ദ്ര മോദിക്കുമാണല്ലോ തൊഴിലാളി വര്‍ഗത്തില്‍ നിന്നും കൂടുതല്‍ പിന്തുണ ലഭിക്കുന്നതെന്നും ഇടതുപക്ഷത്തിന് അത് കിട്ടുന്നില്ലല്ലോ എന്നുമുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. ഇടതുപക്ഷത്തിന്റെ ഇടം മറ്റുള്ളവര്‍ കയ്യേറുകയല്ല സംഭവിക്കുന്നതെന്നും ഇടതുപക്ഷത്തിന്റെ ഇടം ഒഴിഞ്ഞ് കിടക്കുന്നതാണ് പ്രശ്‌നമെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

ബംഗാളില്‍ മമത ബാനര്‍ജി മുസ്ലീം വര്‍ഗീയതയെ പ്രീണിപ്പിക്കുകയും ഹിന്ദു വര്‍ഗീയതയെ സഹായിക്കുകയും അതിലൂടെ ബിജെപിക്ക് ബംഗാളില്‍ സാന്നിദ്ധ്യമറിയിക്കാന്‍ അവസരം ഒരുക്കുകയുമാണ്. ബംഗാളില്‍ വര്‍ഗീയ ധ്രുവീകരണത്തിന് സഹായകമായ നയങ്ങളാണ് മമതയുടേത്. ഇടതുപക്ഷത്തിന് ഇത്തരം അപകടങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഇത് എന്റെ പാര്‍ട്ടി നേരിടുന്ന പ്രശ്‌നം എന്ന നിലയ്ക്കല്ല ഞാന്‍ പറയുന്നത്. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയിലുള്ള ആശങ്കയാണ് പറയുന്നത്. ഇത് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രശ്‌നമാണ്. ബംഗാളില്‍ വര്‍ഗസമരം തുടരുകയാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാരിന്റെ ഭൂവിതരണം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഭൂമി ജമീന്ദാര്‍മാരിലേയ്ക്കും ബിനാമികളിലേയ്ക്കും തിരിച്ച് പോകുന്ന അവസ്ഥയ്ക്കാണ് തൃണമൂല്‍ കോണ്‍ഗ്രസ് അവസരമൊരുക്കുന്നത്. 2009 മുതല്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വലിയ തോതിലുള്ള ആക്രമണങ്ങളാണ് നടന്നത്. ഭീകരമായ അക്രമങ്ങളാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. രാഷ്ട്രപതി ഭവനില്‍ ഭരണഘടനയുടെ മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു വ്യക്തിയാണോ അതോ വര്‍ഗീയ രാഷ്ട്രീയമുള്ള ഒരാളാണോ വേണ്ടത് എന്നതാണ് ചോദ്യം. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കുക എന്നതാണ് പ്രധാന കാര്യം. ഇത് രാഷ്ട്രീയക്കാരുടെ മാത്രം ഉത്തരവാദിത്തമല്ല. എല്ലാവരുടേയും ധാര്‍മ്മിക ഉത്തരവാദിത്തമാണ്. ഇന്ത്യയെ നിലനിര്‍ത്തുക എന്നതും അതിന്റെ ഭരണഘടനയെ സംരക്ഷിക്കുക എന്നതും വെല്ലുവിളിയായിരിക്കുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നയം സംബന്ധിച്ചുള്ള പരിശോധനയ്ക്കുള്ള അവസരം കൂടി ആയിരിക്കും. ഇത് പുതിയ സാധ്യതകളും യുദ്ധമുഖവും തുറക്കുകയാണ്. എല്ലാ മതനിരപേക്ഷ ജനാധിപത്യ കക്ഷികളും ഉള്‍പ്പെടുന്ന വിശാല സഖ്യം രൂപപ്പെടണം. ഇത്തരത്തില്‍ ഒന്ന് രൂപപ്പെടും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. രാജ്യസഭ തിരഞ്ഞെടുപ്പില്‍ രണ്ട് തവണയില്‍ കൂടുതല്‍ തുടര്‍ച്ചയായി ഒരു വ്യക്തിയെ മത്സരിപ്പിക്കേണ്ട എന്നാണ് പാര്‍ട്ടി ചട്ടമെന്നും താന്‍ ഇനി മത്സരിക്കുന്നില്ല എന്ന കാര്യം ഇതില്‍ നിന്ന് വ്യക്തമാണെന്നും യെച്ചൂരി ആവര്‍ത്തിച്ചു.

വായനയ്ക്ക്: https://goo.gl/ZgGOlN

Share on

മറ്റുവാര്‍ത്തകള്‍