UPDATES

വിദേശം

കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള ഒബാമയുടെ ചട്ടങ്ങള്‍ ട്രംപ് പിന്‍വലിച്ചു

ഘനി ഉടമകളടക്കമുള്ള വ്യവസായികള്‍ ട്രംപിന്റെ നീക്കത്തെ അനുകൂലിച്ചപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

                       

കാലാവസ്ഥാ വ്യതിയാനം തടയുന്നതുമായി ബന്ധപ്പെട്ട് ഒബാമ ഗവണ്‍മെന്റ് കൊണ്ടുവന്ന ചട്ടങ്ങളില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങി. ഇത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഓഡറില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന ആറോളം നിബന്ധനകളാണ് എനര്‍ജി ഇന്‍ഡിപെന്‍ഡന്‍സ് എക്‌സിക്യൂട്ടീവ് ഓഡര്‍ റദ്ദാക്കിയിരിക്കുന്നത്.

ഖനി ഉടമകളടക്കമുള്ള വ്യവസായികള്‍ ട്രംപിന്റെ നീക്കത്തെ അനുകൂലിച്ചപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. വൈറ്റ് ഹൗസിന് മുന്നില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. കല്‍ക്കരി ഉപയോഗം സംബന്ധിച്ച പ്രതിസന്ധി ഇതോടെ തീരുമെന്നും തൊഴിലവസരങ്ങള്‍ ഇല്ലാതാകുന്ന പ്രശ്‌നം തീരുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ചരിത്രം കുറിക്കുന്ന തീരുമാനമെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന്് പിന്മാറുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് വ്യക്തമാക്കിയിരുന്നു.

കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ പ്രശ്‌നമാണെന്നും അതിനെ അവഗണിച്ച് മുന്നോട്ട് പോകാനാവില്ലെന്നുമുള്ള ഒബാമയുടെ നിലപാടിന് കടകവിരുദ്ധമാണ് ട്രംപിന്റേത്. കാര്‍ബണ്‍ പുറന്തള്ളല്‍ വെട്ടിക്കുറയ്ക്കുന്നതടക്കം പാരീസ് ഉടമ്പടി പ്രകാരമുള്ള ക്ലീന്‍ പവര്‍ പ്ലാനില്‍ നിന്ന് ട്രംപ് ഗവണ്‍മെന്റ് പിന്മാറിയിരിക്കുന്നു. അതേസമയം റിപ്പബ്ലക്കന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ നിയമകുരുക്കിലായിരുന്നു. വ്യവസായികളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് കാര്‍ബണ്‍ നിയന്ത്രണത്തിനെതിരെ വന്നത്. കഴിഞ്ഞ വര്‍ഷം യുഎസ് സുപ്രീംകോടതി, കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രണം സ്റ്റേ ചെയ്തിരുന്നു.

ഊര്‍ജ്ജോല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാവുമെന്നാണ് ഗവണ്‍മെന്റിന്റെ അവകാശവാദം. എണ്ണ, പാചകവാതക വ്യവസായ മേഖലകളില്‍ ഇത് കൂടുതല്‍ തൊഴിലവസരം ഒരുക്കുമെന്നും അനുകൂലികള്‍ അവകാശപ്പെടുന്നു. എന്നാല്‍ പുതിയ തീരുമാനം കല്‍ക്കര ഖനികളിലല്ല തൊഴിലുണ്ടാക്കുകയെന്നും അഭിഭാഷകര്‍ക്കാണ് ഇനി പണിയുണ്ടാവാന്‍ പോകുന്നതെന്നും എതിരാളികള്‍ പരിഹസിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടികളോട് വിയോജിക്കുന്ന സ്‌കോട്ട് പ്രുറ്റിനെ പരിസ്ഥിതി സംരക്ഷണ സമിതി അദ്ധ്യക്ഷനായി ട്രംപ് നിയമിച്ചിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍