ലോകത്തിലെ പട്ടിണിപാവങ്ങള്‍ക്കായി ദുബായില്‍ ഭക്ഷ്യബാങ്ക് ആരംഭിക്കുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ച ദാന വര്‍ഷത്തിന്റെ ഭാഗമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഭക്ഷ്യബാങ്ക് ആരംഭിക്കുന്നത് പ്രഖ്യാപിച്ചത്. എമിറേറ്റ്‌സ് ഫുഡ് ബാങ്ക് എന്ന പദ്ധതി സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുക.
അധികം വരുന്ന ഭക്ഷണം ഭക്ഷ്യബാങ്കിലൂടെ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാനാണ് പദ്ധതി. ഹോട്ടലുകള്‍, ഭക്ഷണ ഫാക്ടറികള്‍, തോട്ടങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷണവിതരണ കമ്പനികള്‍ എന്നിവടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ഭക്ഷണം വൃത്തിയോട് നല്ല നിലവാരത്തില്‍ പാക്ക് ചെയ്ത് രാജ്യത്തും വിദേശത്തും ഭക്ഷണത്തന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനസമൂഹങ്ങള്‍ക്ക് എത്തിക്കാനാണ് ഇവരുടെ ശ്രമം. 130 കോടി ദിര്‍ഹത്തിന്റെ ഭക്ഷണം പാഴാവുന്നത് തടയാന്‍ ഭക്ഷ്യബാങ്കിലൂടെ കഴിയുമെന്നാണ് കരുതുന്നത്.
ആദ്യഘട്ടത്തില്‍ ദുബായില്‍ ഭക്ഷണം സൂക്ഷിക്കുന്നതിന് ലോകനിലവാരമുള്ള മികച്ച സംഭരണ കേന്ദ്രങ്ങള്‍ തുറക്കും. തുടര്‍ന്ന് രാജ്യത്തിലെ വിവിധ ഭാഗങ്ങളിലും വിദേശത്തും സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. വിതരണ യോഗ്യമല്ലാത്ത ഭക്ഷണം വളമാക്കി മാറ്റാനും മറ്റ് ഗവേഷണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും പദ്ധതിയുണ്ട്.