നാട്ടിൽ ബിഎസ്‌സി നഴ്സിങ്ങിന് ചേർന്നപ്പോൾ എന്റെ മനസ്സിലെ ആഗ്രഹം നാട്ടിൽ ഒരു അദ്ധ്യാപികയായി ഏതെങ്കിലും ഗ്രാമത്തിൽ കുറച്ചു പറമ്പൊക്കെയുള്ള വീട് വാങ്ങി സ്വസ്ഥമായി കഴിയണമെന്നായിരുന്നു. പിന്നെ എപ്പോഴൊക്കെയോ ‘വിദേശവാസം’ എന്ന സ്വപ്നം എന്നിൽ കയറിപ്പറ്റി. പഠിച്ചു കഴിഞ്ഞ് ഒന്നരവർഷം തികഞ്ഞപ്പോഴാണ് യുകെ യിലേക്കുള്ള ഒരു ഇന്റർവ്യൂ ഉണ്ടെന്നു കേട്ടത്. പൊതുവെ രണ്ടു വർഷമെങ്കിലും പ്രവൃത്തി പരിചയമാണ് വേണ്ടതെങ്കിലും ഒരു ഭാഗ്യപരീക്ഷണത്തിനായി ഞാനും പോയി. മൂന്ന് ഇന്റർവ്യൂസ് ഉണ്ട്. ആദ്യത്തെ രണ്ടെണ്ണം റിക്രൂട്ട് ചെയ്യുന്ന ഇന്ത്യൻ ഏജൻസിയുടേതാണ്. ഇതിൽ രണ്ടിലും പാസ്സായാൽ യുകെയിൽ നിന്നും NHS (നാഷണൽ ഹെൽത്ത് സർവ്വീസ്) പ്രതിനിധികൾ ഇന്ത്യയിൽ നേരിട്ട് വന്ന് നടത്തുന്ന മൂന്നാമത്തെ കടമ്പയും. പിന്നെ, ielts പാസ് ആകുകയും വേണം. ഇത് ഏജൻസിയുടെ ആവശ്യപ്രകാരമായിരുന്നു.
ഇത്രയും കാര്യങ്ങൾ അറിഞ്ഞപ്പോൾ തന്നെ ഇത് വെറുതെ പോകുന്ന ഒന്നാണെന്നായിരുന്നു ഉൾവിളി. എന്നാലും ഒരു എക്സ്പീരിയൻസാണല്ലോ എന്നോർത്ത് പോയി. തൂണും ചാരി നിന്നവന് പെണ്ണ് കിട്ടിയ പ്രതീതിയായിരുന്നു. അപ്രതീക്ഷിതമായി ആദ്യത്തെ രണ്ടു ഇന്റർവ്യൂകളും പാസ്സായപ്പോൾ. അപ്പോൾ എല്ലാവരും പറഞ്ഞു മൂന്നാമത്തെ ഇന്റർവ്യൂ ആണ് പ്രധാനം. അങ്ങനെ ആ ദിവസവും എത്തി. വലിയ പ്രതീക്ഷകളൊന്നും തോന്നിയില്ല. അതുകൊണ്ടു തന്നെ അത്ര ടെൻഷൻ ഇല്ലായിരുന്നു.
ഇന്റർവ്യൂ തുടങ്ങി. ഓരോരുത്തരെയായി വിളിച്ചു തുടങ്ങി. ടെൻഷൻ പതുക്കെ ഉള്ളിൽ പ്രവേശിച്ചു. ഏതോ ശോകസിനിമയുടെ പ്രതീതി ഇന്റർവ്യൂ ഹാളിൽ. പക്ഷെ ഇന്റർവ്യൂ കഴിഞ്ഞു തിരിച്ചെത്തിയവരുടെ മുഖത്ത് ഒരു സൂര്യൻ ജ്വലിക്കുന്ന പോലത്തെ വെളിച്ചം. സന്തോഷം നിറഞ്ഞ മുഖങ്ങൾ അങ്ങനെ ഹാളിൽ കൂടി കൂടി വന്നു. ‘പേടിക്കണ്ട’ എന്ന് ആശ്വസിപ്പിച്ചവരുടെ മുഖത്ത് സ്വന്തം സീറ്റ് ഉറപ്പിച്ച സന്തോഷം കാണാം. റിസൾട്ട് അറിയുന്നത് വരെ ഹാളിൽ കാത്തിരിക്കണം. അങ്ങനെ എന്റെ ഊഴമെത്തി. ഇന്റർവ്യൂ ചെയ്യുന്ന ഒരു വെളുത്തു ചുവന്നു ഐശ്വര്യമുള്ള മദാമ്മ വന്നു ഒരു ഹൃദ്യമായ പുഞ്ചിരിയോടെ എന്നെ അകത്തേക്ക് ക്ഷണിച്ചു. എന്റെ മനസ്സ് നിറഞ്ഞു. ഇവർക്ക് ഒരിക്കലും ഒരു കടുപ്പമുള്ള ചോദ്യം ചോദിക്കാൻ കഴിയില്ല. എത്ര സൗഹൃദഭാവമാണ്. അവർക്ക് ഞാൻ നൂറിൽ നൂറു മാർക്ക് അപ്പോഴേ കൊടുത്തു. എനിക്ക് വേണ്ടി അവർ വാതിൽ തുറന്നു പിടിച്ചു തന്നു. നമ്മുടെ നാട്ടിൽ വിഐപികൾക്ക് മാത്രം കിട്ടുന്ന ഒരു അനുഭവം. മനസ്സിൽ വീണ്ടും ഒരു കുളിർ.
മുറിയിൽ എന്നെ കൊണ്ടുവന്ന മദാമ്മയടക്കം മൊത്തം രണ്ട് ചോദ്യകർത്താക്കളുണ്ട്. രണ്ടു പേരുടെയും മുഖത്ത് നല്ല പ്രസാദം. ഒരു പുലിക്കൂട് പ്രതീക്ഷിച്ച ഞാൻ എത്തിയത് മുയലിന്റെ കൂട്ടിലാണോ? എനിക്ക് അവരെ നന്നേ ബോധിച്ചു.
ഇന്റർവ്യൂവിനായി കാത്തിരുന്ന അത്രയും സമയം പതിനാറു വർഷം വരെ പ്രവൃത്തിപരിചയമുള്ളവരുടെ അടുത്തിരുന്നതു വഴി എന്നിലുണ്ടായ അപകർഷതാബോധത്തെ പാതാളത്തോളം താഴ്ത്തിക്കൊണ്ട് അവർ എന്റെ സിവിയിലെ ഒന്നര വർഷത്തെ എക്സ്പീരിയൻസ് എന്നെ ആ സ്പെഷ്യലിറ്റിയിൽ ഒരു ‘പണ്ഡിത’യാക്കുന്നു എന്ന രീതിയിൽ വാനോളം പുകഴ്ത്തി. ‘ഞാൻ ഒരു സംഭവമാണല്ലോ’ എന്ന് അറിയാതെ എനിക്കും തോന്നിപ്പോകും വിധമാണ് അവർ സംസാരിച്ചത്. എത്ര നന്നായി ഉത്തരം പറയാൻ ശ്രമിച്ചാലും മുഖത്തെ സ്ഥായിയായ ഗൗരവഭാവം വിട്ടുമാറാത്ത, ഉത്തരം ഇനിയും വന്നില്ലല്ലോ എന്ന അതൃപ്തിയോടെയുള്ള മുഖങ്ങൾ മാത്രം കണ്ടു ശീലിച്ച എനിക്ക് ഇതൊരു പുത്തൻ അനുഭവമായിരുന്നു.
ഒരു റിലാക്സേഷൻ തെറാപ്പി കഴിഞ്ഞ പ്രതീതി ആയിരുന്നു ഇന്റർവ്യൂ കഴിഞ്ഞ് പുറത്തു വന്നപ്പോൾ. എന്റെ ഉത്തരങ്ങൾക്കെല്ലാം തന്നെ ‘ലവ്‌ലി’ ‘വെൽഡൺ’ എന്നൊക്കെ പറഞ്ഞ് അവർ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. ഇത്ര മനോഹരമായി ഒരു ഇന്റർവ്യൂവിനും ഞാൻ പെർഫോം ചെയ്തിട്ടില്ല എന്ന ചിന്ത എന്നിൽ വളർന്നു. ഞാൻ കണ്ട സൂര്യമുഖങ്ങളുടെ രഹസ്യവും അപ്പോഴാണ് പിടി കിട്ടിയത്. ജോലി ഉറപ്പാണ് എന്ന മനസ്സിന്റെ തോന്നലിൽ ഒരു പട്ടം പോലെ ഞാൻ ആകാശത്തേക്ക് ഉയർന്നു പൊങ്ങിക്കൊണ്ടേയിരുന്നു.
ഇന്റർവ്യൂ കഴിഞ്ഞപ്പോളാണ് കൂടെയുള്ള ഏകദേശം എല്ലാവരും തന്നെ ഇങ്ങനെ പട്ടങ്ങളായി കൂടെ പറക്കുന്നുണ്ടെന്ന സത്യം മനസ്സിലായത്. പക്ഷെ, പ്രവൃത്തിപരിചയക്കുറവ് എന്നെ പതുക്കെ പതുക്കെ ‘താഴേക്കു വരൂ, താഴേക്കു വരൂ’ എന്ന് പറഞ്ഞു വലിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ, ആകാംക്ഷയോടെ കാത്തിരുന്ന ഫലമെത്തി. പല പട്ടങ്ങളും ചരട് പൊട്ടി നിലത്തു വീണു. പെട്ടെന്ന് ഒരു മരണവീട് പോലെ ചിലർ വാവിട്ടു കരഞ്ഞു തുടങ്ങി. ചിലരോട് അടുത്ത തവണ വരാൻ പറഞ്ഞ് ആശ്വസിപ്പിച്ചു അവർ വിട്ടു. ചക്ക വീണു, മുയൽ ചത്തു. അതെ, ഞാനും ജയിച്ചവരുടെ ലിസ്റ്റിൽ പെട്ടു!
‘ലവ്‌ലിയും’ ‘വെൽ ഡണും’ അപ്പാടെ വിശ്വസിക്കരുതെന്ന ആദ്യപാഠം ഞാനും പഠിച്ചു. കിട്ടാതിരുന്നവരുടെ അമിതപ്രതീക്ഷക്കു കാരണം ഈ പിശക് പിടിച്ച വാക്കുകൾ ആയിരുന്നേ. എങ്കിലും അവർ വാക്കു പാലിച്ചു. അന്ന് കിട്ടാതിരുന്ന ചിലർ പിന്നീടുള്ള ബാച്ചുകളിൽ യുകെയിൽ എത്തി.
യുകെയിലെ ജോലി തുടങ്ങിയ ആദ്യ ദിവസങ്ങൾ എനിക്ക് ഒരു ‘മെന്റർ’ (ടീച്ചർ) ഉണ്ടായിരുന്നു. ആറ് മാസത്തെ അഡാപ്റ്റേഷൻ കാലത്തു പുതിയ സ്ഥലത്തെ സാഹചര്യങ്ങളും പ്രവർത്തനരീതികളുമായി പൊരുത്തപ്പെടാൻ നമ്മളെ സഹായിക്കാനാണ്. പഠിച്ചു കഴിഞ്ഞാൽ ഇവിടെ ജോലി ചെയ്യാൻ പ്രാപ്തയാണ് എന്ന് അവർ ഒപ്പിട്ടു തന്നാൽ മാത്രമേ യുകെയിൽ ജോലി തുടരാൻ സാധിക്കൂ. എന്റെ യൂണിറ്റിൽ തന്നെ ജോലി ചെയ്യുന്ന അവർ ഒരു നൈജീരിയക്കാരി ആണ്. യൂണിറ്റിൽ കൂടുതലും വെള്ളക്കാർ. എല്ലാവർക്കും നല്ല സ്നേഹം. അങ്ങോട്ട് പോകുമ്പോഴും, ഇങ്ങോട്ടു പോകുമ്പോഴും ‘ആർ യു ഓൾറൈറ്റ്?’ എന്ന പരിഗണന. സന്തോഷമായി. കുറച്ചു കാലമെടുത്തു ഈ ചോദ്യം അവരുടെ ഒരു ശീലമാണെന്നു മനസ്സിലാക്കിയെടുക്കാൻ.
മര്യാദയുടെ കാര്യത്തിൽ ഏറ്റവും മുൻപിലാണ് ബ്രിട്ടീഷുകാർ എന്ന് അറിയാൻ അധികം താമസം വന്നില്ല. നമ്മുടെ കൈയിൽ അറിയാതെ ഒന്ന് കൈ കൊണ്ടാൽ പോലും ‘സോറി’. ഒരു പേപ്പർ നിലത്തു നിന്ന് ഒന്ന് എടുത്തു കൊടുത്താൽ പോലും ‘താങ്ക് യു’. അവർ എത്ര സീനിയർ ആണെങ്കിലും. എന്തിനു പറയണം- അവിടെ ജോലി ചെയ്യുന്ന ക്ലീനർ പോലും എത്ര അധികാരത്തോടെയാണ് ‘എനിക്ക് അത് ചെയ്യാൻ പറ്റില്ല. എന്റെ ജോലിയിൽ അത് അനുവദനീയമല്ല’ എന്ന് പറയുന്നത്! ആരും, ആരോടും കയർക്കുന്നതോ, ഓർഡർ ചെയ്യുന്നതോ കാണാനില്ല. എല്ലാ ജോലിക്കും അതിന്റേതായ മഹത്വം. സമത്വസുന്ദരമായ അന്തരീക്ഷം. കൊള്ളാം.., ഇഷ്ടപ്പെട്ടു.
എത്ര പ്രായം കൂടിയവരായാലും പേരുതന്നെ വിളിക്കുന്ന ഏർപ്പാട്, എന്തോ ഉൾക്കൊള്ളാൻ കുറച്ചു സമയമെടുത്തു. ഒരുദിവസം പോലും ജോലിയിൽ സീനിയർ ആയാൽ ആ ബഹുമാനം പോലും ചോദിച്ചു വാങ്ങുന്ന നമുക്ക് ഇതെങ്ങനെ ഉൾക്കൊള്ളാൻ പറ്റും. പിന്നെ പതുക്കെ ശീലിച്ചു തുടങ്ങി. എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം എന്തെന്നോ? ക്ലീനർക്കു പോലും കാർ സ്വന്തമായുണ്ട്. കല്പന ഏതോ സിനിമയിൽ പറഞ്ഞ പോലെ പിച്ചക്കാര് പോലും സംസാരിക്കുന്നതു ഇംഗ്ലീഷ്. അതെ, ഇവിടെ കാർ ഒരു ആഡംബരമല്ല, അത്യാവശ്യം വേണ്ട ഒന്നാണെന്ന് പഠിക്കാനും അധികനാൾ വേണ്ടി വന്നില്ല. മാത്രമല്ല, യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന കുട്ടികളും ഇതു പോലെയുള്ള ജോലികൾ ജീവിതച്ചെലവിനുള്ള പണമുണ്ടാക്കാൻ വേണ്ടി ചെയ്യുകയും ചെയ്യും. ഒരു അഭിമാനപ്രശ്നവും ഇല്ലാതെ. അതും നന്ന്. പിന്നെ എന്താണ് എന്റെ പ്രശ്നം?
അത്യാവശ്യം കുഴപ്പമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിവുണ്ടായിരുന്നിട്ടും, ആരും പറയുന്നത് പെട്ടെന്നങ്ങോട്ടു മനസ്സിലാകുന്നില്ല. ഉച്ചാരണം മനസ്സിലാക്കുന്നത് ഒരു പ്രശ്നം തന്നെയാണ്. എത്ര തവണയാണ് ‘പാർഡൺ മി’ എന്ന് പറയുക. അതിനു ഒരു സൂത്രം ഞാൻ കണ്ടു പിടിച്ചു. മനസ്സിലാക്കിയില്ലെങ്കിൽ ഞാൻ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. മനസ്സിനകത്തു തിരിച്ചും, മറിച്ചും അവർ പറഞ്ഞത് റെക്കോർഡ് ചെയ്തപോലെ ഓടിച്ചു ഒരു വലിയ അവലോകനം . എവിടെ? എന്നിട്ടും, ഫലം കണ്ടില്ല.
‘പാർഡൺ മി’ മാത്രമല്ല, “സോറി! ‘I didn’t get you’, ‘Could you please repeat it?’ ഇങ്ങനെ ഒരേ കാര്യം പല വിധത്തിൽ പറഞ്ഞു വീണ്ടും വീണ്ടും അവരെക്കൊണ്ടു പറയിപ്പിക്കാൻ ഞാൻ ശ്രമിച്ചു. നേരിട്ട് സംസാരിക്കുന്നത് പിന്നെയും സഹിക്കാം. ഫോൺ, അയ്യോ! ചിന്തിക്കാനേ വയ്യ. ഒരക്ഷരം മനസ്സിലാകുന്നില്ല.
പല രാജ്യക്കാർ -ആഫ്രിക്കൻ വംശജരും, ഫിലിപ്പിനോകളും, ഐറിഷുകാരും എല്ലാം അക്കൂട്ടത്തിൽ വരും. ബ്രിട്ടന്റെ തന്നെ ഒരു ഭാഗമായ സ്കോട്ലൻഡിൽ നിന്ന് വരുന്നവരുടെ ഉച്ചാരണം ഇവിടെ ഉള്ളവർക്കു കൂടി മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളപ്പോൾ നമ്മുടെ കാര്യം പറയണോ? വീട്ടിൽ വച്ച് കിളിനാദം പോലെ ഞാൻ ആസ്വദിച്ച ഫോൺ പുതിയ ജോലിസ്ഥലത്തെ എന്റെ ശത്രുവായി മാറാൻ ഈ കാരണങ്ങൾ ഒക്കെ ധാരാളം മതിയല്ലോ. ഈ ഫോൺ വിളികളിൽ നിന്ന് മോചനം നേടാൻ ഞാൻ ഒരു ഉപായം പ്രയോഗിച്ചു. കഴിയുന്നതും ഫോണിന്റെ അടുത്ത് നിന്ന് ദൂരെയുള്ള രോഗികളോട് സംസാരിച്ചു നിൽക്കുക. അഥവാ, ഫോണിന്റെ അടുത്തുള്ള സമയം കാൾ വന്നാൽ നേരെ ടോയ്‌ലറ്റിൽ കയറുക. മറ്റാരെങ്കിലും ഫോൺ എടുത്തു കഴിഞ്ഞെന്നു ഉറപ്പു വരുത്തിയ ശേഷം പുറത്തു വരിക. പലപ്പോഴും, ടോയ്‌ലറ്റ് എന്റെ ഒളിത്താവളം ആയി മാറിക്കൊണ്ടിരുന്നു.
ഇതൊരു നിത്യപരിഹാരമാകില്ലെന്ന് മനസ്സ് ശഠിച്ചപ്പോൾ തൊലിക്കട്ടി കൂട്ടി എനിക്ക് മനസ്സിലാകുന്നത് വരെ ഞാൻ ചോദിച്ചു ചോദിച്ചു പഠിച്ചു. ഫോണിനോടുള്ള എന്റെ ശത്രുത അങ്ങനെ പതുക്കെ കുറഞ്ഞു വന്നു. കൂടെ ജോലി ചെയ്യുന്നവർ എന്നെക്കുറിച്ചറിയാൻ കുശലം ചോദിക്കാറുണ്ട്.
“ആർ യു മാരീഡ്?”
“ഓ! നോ”
“ഓകെ. ഡു യു ഹാവ് കിഡ്സ്?”
ഞാനൊന്നു ഞെട്ടി. ദൈവമേ, ഇവരെന്താ ഇങ്ങനെ ചോദിക്കുന്നത്? അത്ഭുതം വിട്ടുമാറാതെയും, ഒരു ചമ്മിയ ചിരിയോടെയും ഞാൻ എന്റെ ഞെട്ടലിനെ പുറത്തു കാണിക്കാതിരിക്കാന്‍ ശ്രമിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളൊന്നിൽ, തികച്ചും ഒരു ഗ്രാമാന്തരീക്ഷത്തിൽ നിന്നും വന്ന ഞാൻ അറിയാതെ ഇങ്ങനെ പറഞ്ഞു പോയി:
“യു നോ, ഇൻ ഔർ പ്ലേസ്, നോർമലി പീപ്പിൾ ഗെറ്റ് മാരീഡ് ഫസ്റ്റ്. ദെൻ ഒൺലി, ദേ വിൽ ഹാവ് കിഡ്സ്. അദർ വൈസ്, ഇട്സ് ലൈക് പ്രോസ്റ്റിട്യൂഷൻ.”
ആലോചിക്കാതെ, വായയിൽ വന്നത് കോതയ്ക്ക് പാട്ടെന്ന പോലെ ഞാൻ പറയുകയും ചെയ്തു. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥ.
എന്നോട് ചോദ്യം ഉന്നയിച്ച വ്യക്തി ഏഴു വർഷമായി ‘പാർട്ണറിന്റെ’ കൂടെ ഒരുമിച്ചു താമസിക്കുകയാണെന്നും, അവർ തമ്മിൽ വിവാഹം കഴിച്ചിട്ടില്ലെങ്കിലും രണ്ടു കുട്ടികളുടെ അമ്മയാണെന്നും അറിഞ്ഞപ്പോഴാണ് ഞാൻ പറഞ്ഞതു ഇച്ചിരി കടുപ്പമായി അവർക്കു തോന്നിക്കാണില്ലേ എന്ന ശക്തമായ ചിന്ത വന്നത്. എന്റെ മുഖഭാവം കണ്ടപ്പോഴേ, എന്റെ മനസ്സ് വായിച്ചപോലെ അവർ എന്നോട് വിശദീകരിച്ചു പറഞ്ഞു. ബ്രിട്ടനിലും കഴിഞ്ഞ തലമുറ വരെ ഈ ചിന്താഗതി തന്നെ ആയിരുന്നുവെന്നും, ഇപ്പോഴാണ് ഇങ്ങനെയുള്ള മാറ്റങ്ങൾ വന്നതെന്നും. അത് കേട്ടപ്പോഴാണ് ശ്വാസം നേരെ വീണതും. ഇനി സംസാരിക്കുമ്പോൾ കുറച്ചു ആലോചിച്ചതിനു ശേഷമേ എന്തെങ്കിലും പറയാവൂ എന്ന തീരുമാനം ഹ്രസ്വകാലത്തേക്കെങ്കിലും പാലിച്ചതും.