‘കുറച്ചുകാലം ഞാന്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരംഗത്തെപോലെ ആയിരുന്നു. രണ്ടായിരത്തിന്‍റെ തുടക്കത്തിലാണ് ഞാനും എല്ലയും തമ്മില്‍ അടുപ്പത്തിലാകുന്നത്’, അമേരിക്കൻ മാഗസിനായ ‘വാനിറ്റി ഫെയറി’ന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യൻ എഴുത്തുകാരനും പത്രപ്രവർത്തകയുമായ, ആറ്റിഷ് ടസീര്‍ തുറന്നു പറഞ്ഞു. ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗമായ ‘എല്ല’ എന്ന് വിളിപ്പേരുള്ള ഗബ്രിയേല വിൻസറുമായുള്ള മൂന്നു വർഷത്തെ ബന്ധത്തെക്കുറിച്ചുള്ള ഒരു ‘സാധാരണക്കാരന്റെ’ തുറന്നു പറച്ചില്‍ പക്ഷേ ലണ്ടനില്‍ വലിയ കോളിളക്കം ഉണ്ടായില്ല.
‘മൂന്ന് വര്‍ഷത്തോളം ഞാനും എല്ലയും കൻസിങ്സ്ടൺ കൊട്ടാരത്തിലായിരുന്നു ചിലവഴിച്ചിരുന്നത്. ബക്കിങ്ഹാം കൊട്ടാരത്തിലെ രാജ്ഞിയുടെ കുളത്തിൽ ഞങ്ങള്‍ ഒരുമിച്ചു കുളിച്ചിട്ടുണ്ട്’ ആറ്റിഷ് പറഞ്ഞു. 2003-ൽ അമേരിക്കയില്‍ പത്രപ്രവർത്തകനായി ജോലി തുടങ്ങിയ സമയത്താണ് ആറ്റിഷ് വിദ്യാര്‍ത്ഥിനിയായ ഗബ്രിയേലയെ കണ്ടുമുട്ടുന്നത്.
ലേഖനത്തില്‍ ബ്രിട്ടീഷ് സമൂഹത്തെ മാത്രമല്ല രാജകുടുംബത്തെയും സ്വന്തം അച്ഛനേയും ശക്തമായി വിമര്‍ശിക്കുന്നുണ്ട് ആറ്റിഷ്. ‘എനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ പാകിസ്താനി ബിസിനസുകാരനും രാഷ്ട്രീയക്കാരനുമായ അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയി. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ അമ്മ ഒരു പത്രപ്രവര്‍ത്തകയായി. തീക്ഷ്ണമായ സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ക്ക് നടുവിലാണ് ഞാന്‍ ഇന്ത്യയില്‍ വളര്‍ന്നത്’ അദ്ദേഹം പറയുന്നു. ഡല്‍ഹി പത്രപ്രവര്‍ത്തകയായ തവ്ലീന്‍ സിംഗാണ് ആറ്റിഷിന്റെ അമ്മ. പിതാവ് സല്‍മാന്‍ ടസീര്‍ പാക് അധീന പഞ്ചാബിന്റെ ഗവര്‍ണ്ണറായിരുന്നു. 2011ല്‍ കൊല്ലപ്പെട്ടു.
എല്ലയുമായുള്ള ബന്ധം വിവാഹത്തില്‍ കലാശിക്കാതിരുന്നതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ‘ആളുകളുടെ നിറം നോക്കി സ്വീകരിക്കാനും തള്ളിക്കളയാനും നന്നായി അറിയുന്നവരാണ് ബ്രിട്ടീഷുകാര്‍. അത് കൃത്യമായ വര്‍ണ്ണ വിവേചനമാണ്’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ ഈ വെളിപ്പെടുത്തലുകളിലെ സത്യാവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് ലണ്ടനില്‍ നിന്നുള്ള പത്രമായ ഈവനിംഗ് സ്റ്റാൻഡേർഡ് രംഗത്തെത്തി. ആറ്റിഷ് ഒരു നല്ല നോവലിസ്റ്റ് ആണെന്നും അദ്ദേഹത്തിന്‍റെ ഭാവന അപാരമാണെന്നും പത്രം പരിഹസിച്ചു.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായ പ്രകടനവും ബക്കിങ്ഹാം കൊട്ടാരത്തില്‍നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ഹംഗേറിയൻ-ജർമ്മൻ വംശജയായ എല്ലയുടെ അമ്മയായ മൈക്കൽ രാജകുമാരി, സാധാരണക്കാരെ വിവാഹം കഴിക്കുന്നത് രാജകുടുംബത്തിന് ചേര്‍ന്നതല്ലെന്ന് ഉറച്ച വിശ്വാസമുള്ള ആളാണെന്ന് ആറ്റിഷ് പറയുന്നു. ‘ഒരു നിശ്ചിത പ്രായം കഴിഞ്ഞാല്‍ ബ്രിട്ടനിൽ എല്ലാവരും അല്‍പ്പമെങ്കിലും വംശീയത ഉള്ളില്‍ കൊണ്ടുനടക്കുന്നവരാണ്. രാജകുടുംബത്തിലെ ഒരംഗവുമായി സ്വകാര്യബന്ധം സ്ഥാപിക്കുന്ന ആദ്യത്തെ സാധാരണക്കാരന്‍ ഒരുപക്ഷെ ഞാനാകും’ അദ്ദേഹം കൂട്ടിചേര്‍ത്തു.
ലണ്ടന്‍ കീഴടക്കുകയാണ് വരുത്തന്‍മാരായ ഭൂപ്രഭുക്കള്‍; പഴയ പ്രഭുക്കള്‍ വെറും വീട്ടുടമകളും