ഇന്ന് പുറത്തു വന്ന ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ് ഫലം ഒട്ടും അപ്രതീക്ഷിതമല്ല എന്ന മുന്നുരയോടുകൂടി കൂടി തന്നെ തുടങ്ങട്ടെ. തുടക്കം മുതൽക്കേ ഇന്ത്യയുടെ ഹൃദയ ഭൂമിയിൽ നരേന്ദ്ര മോദിയും കൂട്ടരും ആധിപത്യം നേടിക്കഴിഞ്ഞിരുന്നു. ഇതിലേക്ക് നയിച്ചതാവട്ടെ ഒരു കുടുംബ കലഹവും. മകൻ വാഴുന്നതിൽ അച്ഛന് എതിർപ്പില്ല. എങ്കിലും തന്റെ വാക്കുകൾ തൃണവൽക്കരിച്ചുള്ള ആ പോക്ക് ഒരുതരം ഒരുപോക്കാണെന്ന് മുലായം സിംഗ് യാദവിന് ഓതിക്കൊടുക്കാൻ പലരുണ്ടായിരുന്നു. കൂട്ടത്തിൽ കേമൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ മാത്രമല്ല കോർപ്പറേറ്റ് സംവിധാനങ്ങളിലെയും ഇടനിലക്കാരൻ എന്ന് അറിയപ്പെടുന്ന അമർ സിംഗ് ആവുമ്പോൾ കാര്യങ്ങൾ ബിജെപിക്കും മോദിക്കും കുറച്ചുകൂടി എളുപ്പമാകുകയായിരുന്നു. ഇതിപ്പോൾ ഇങ്ങു കേരളത്തിൽ നിന്നുകൊണ്ട് ഞാൻ പറയുന്നതല്ല; ഒരു വക എല്ലാ ഉത്തരേന്ത്യൻ പത്രങ്ങളും അവിടുത്തെ ഹിന്ദി ചാനലുകളും മുലായം കുടുംബത്തിൽ കലാപക്കൊടി ഉയർന്നപ്പോൾ തന്നെ പുറത്തുവിട്ട കാര്യങ്ങളാണ്.
പണ്ടൊരിക്കൽ പൊളിഞ്ഞു പാളീസായിപ്പോയ ഒരു നടന കുടുംബത്തെ അമർ സിംഗ് കരകയറ്റിയ ജാലവിദ്യ അക്കാലത്ത് ഹിന്ദി ഗോസിപ്പ് കോളങ്ങളിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്നു. ആ നടൻ സമാജ് വാദി പാർട്ടിയിൽ എത്തിയതിന്റെ അണിയറക്കഥ എന്ന രീതിയിലാണ് അന്നാ ദുഷിപ്പു പൂത്തുലഞ്ഞത്. അമർ സിങിന്റെ ജാലവിദ്യയെ വെല്ലുന്ന ജാലവിദ്യ ഉള്ളവരാണ് മഞ്ഞ പ്രസദ്ധീകരണങ്ങളും സിനിമ മാഗസിനുകളിൽ പ്രാമുഖ്യം നേടുന്ന ഗോസിപ്പ് കോളങ്ങൾ എന്നും അറിയുന്നവർ അന്നൊന്നും അതിനു വലിയ വില കല്പിച്ചില്ല.
ചവിട്ടേറ്റ പാമ്പു കടിക്കും എന്നത് വെറുമൊരു ചൊല്ല് മാത്രമല്ല. നടുവിൽ ചവുട്ടിയാലും വാലിൽ ചവിട്ടായാലും പാമ്പ് കടുക്കും അല്ലെങ്കിൽ കടിക്കാൻ ശ്രമിക്കും. അത് പാമ്പിന്റെ കുറ്റമല്ല; അതിജീവനത്തിന്റെ പ്രശ്നമാണ്. പാമ്പ് ഒരു സാധു ഉരഗ ജീവിയാകുമ്പോഴും മനുഷ്യന്റെ ധാരണക്കുറവുകൾ പാമ്പിനെ ഒരു ശത്രുവായി പ്രഖ്യാപിക്കുന്നുണ്ട് എന്നത് മറന്നുകൊണ്ടല്ല അമർ സിങിനെ ചവിട്ടേറ്റ പാമ്പ് എന്ന് വിശേഷിപ്പിച്ചത് എന്ന് കൂടി ഓര്‍മ്മപ്പെടുത്തേണ്ടതുണ്ടെന്നു തോന്നുന്നു.
അമർ സിംഗ് എന്ന രാഷ്ട്രീയ നേതാവിനെ അയാളുടെ ഒരൊറ്റ ചിരിയിൽ നിന്നും വായിച്ചെടുക്കാം. അതിന് ഡെസ്മണ്ട് മോറിസിനെ വായിക്കേണ്ട കാര്യമില്ല. എല്ലാം ആ ചിരിയിലുണ്ട്. മുഖവായന പോരെന്നു തോന്നിയാൽ പല്ലിന്റെ നിറവും ചേലൊത്ത വിടവും കൂടി വായിക്കുക. ഇനിയും തിട്ടം വന്നില്ലായെങ്കിൽ നിങ്ങളുടെ നോട്ടം കൈ കാൽ ചലനങ്ങളിലേക്കു മാത്രം ഒതുക്കേണ്ടതില്ല. എന്ന് വെച്ചാൽ പൃഷ്ട ചലനങ്ങളും വായിക്കാം. പാഠങ്ങൾ ഒക്കെയും കൃത്യം കിറു കൃത്യം എന്ന് തോന്നുന്നവർ പോയി വായിക്കേണ്ടതുണ്ട് ഡെസ്മണ്ട് മോറിസിനെയും ഭാസനെയും കാളിദാസനെയുമൊക്കെ.
നോട്ടു നിരോധനത്തിലൂടെ മനുഷ്യരെ പറ്റിച്ച മോദി അല്ല പകരം അമർ സിംഗ് ഒരുക്കിക്കൊടുത്ത പുതിയ പാതയിലൂടെ തന്നെയാണ് ഉത്തർപ്രദേശിൽ ബി ജെ പി യുടെ ഈ രഥയോട്ടം. ഇനിയിപ്പോൾ ഇന്ത്യയുടെ ഹൃദയ ഭൂമിയിൽ കാര്യങ്ങൾ താൻ തന്നെ തീരുമാനിക്കും എന്ന് അമർ സിംഗ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ചത്ത വീടുകളിൽ നിന്നുള്ള കരച്ചിലുകൾക്കും പല്ലിറുമ്മലുകൾക്കും ഇനി അത്ര പ്രസക്തി പോരാ എന്ന് തന്നെ വേണം കരുതാൻ.
എല്ലാം നമോവാകം എന്ന ഏറെ മോദിതമായ മോദി അജണ്ടയിലേക്ക്, അമിത് ഷാ ഒരു രാഷ്ട്രത്തെ ഇരുണ്ട യുഗത്തിലേക്ക് നയിക്കുമ്പോൾ അതിനൊത്തു ചുവടു വെക്കുന്ന ഒരു ജനതയെയും നാം കാണാതെ പോകരുത്. മുലായത്തിന്റെ കുടുംബ തർക്കത്തിൽ തുടങ്ങി ആന പാർട്ടിക്കാരി മായാവതിയെയും ഒപ്പം മുസ്ലിംകളെയും വെട്ടിൽ വീഴ്ത്തി ഒരു മാസ്മരിക സ്പർശം സൃഷ്ടിച്ചു മോദിയെ കേമനായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന അമിത് ഷാ, ഗുജറാത്ത് വംശഹത്യാ കാലഘട്ടം മുതൽ കളിക്കുന്ന ആർ എസ് എസ് വിടുപണിയിൽ മാത്രം ഒതുങ്ങുമോ എന്ന് മാത്രമേ ഇനി അറിയേയേണ്ടതുള്ളൂ.
ഇനി എല്ലാം ശരി എന്ന് കരുതുന്നവരും ഉണ്ടാകാം. യഥാര്‍ത്ഥ രാഷ്ട്രീയത്തെയും മതോല്‍പ്പന്ന രാഷ്ട്രീയത്തെയും വേറിട്ട് കാണുന്നവര്‍ക്ക് ചങ്കില്‍ത്തറയ്ക്കുന്ന ഒന്നു തന്നെയാണ് യുപി തെരഞ്ഞെടുപ്പ് ഫലം. പുരാണം പറയുന്നത് യാദവര്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ സ്വന്തക്കാരാണെന്നാണ്. ശ്രീകൃഷ്ണന്റെ യാദവകുലം കൊന്നും ചത്തുമൊടുങ്ങിയെന്ന് പുരാണം. എന്നിട്ടും യാദവര്‍ ബാക്കി നിന്നിരുന്നു. അവിടെ പക്ഷെ പശുവിനെ പോറ്റിയും രാഷ്ട്രീയത്തില്‍ ഇടപെട്ടും നടന്ന അവര്‍ക്കെതിരെ വന്ന ഒരു വലിയ യുദ്ധമായിരുന്നു വിപി സിംഗിന്റെ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് കേന്ദ്രത്തിലും അത്യാവശ്യം പിടിപാട് കിട്ടിയ ബിജെപിയെ മുന്‍നിര്‍ത്തി ആര്‍എസ്എസ് നടത്തിയത്. എല്‍കെ അദ്വാനി നയിച്ച രഥയാത്ര മുലായം സിംഗ് യാദവിന്റെ ഉത്തര്‍പ്രദേശില്‍ എത്തും മുമ്പ് തന്നെ ബിഹാറില്‍ വച്ച് ലല്ലു പ്രസാദ് യാദവിനെക്കൊണ്ട് വിപി സിംഗ് തടയിച്ചു. തുടര്‍ന്നങ്ങോട്ട് കലാപം തന്നെയായിരുന്നു.
അന്ന് ബോംബയില്‍ മുലായം സിംഗ് യാദവിന് അവിടുത്തെ മുസ്ലിം സംഘടനകളും ഇടതുസംഘടനകളും ചേര്‍ന്ന് നല്‍കിയ ഉജ്ജ്വല സ്വീകരണത്തെ എങ്ങനെയാണ് സംഘപരിവാര്‍ എതിരിട്ടത് എന്നതിന്റെ നേര്‍സാക്ഷി കൂടിയാണ് ഇത് എഴുതുന്ന ആള്‍. പിന്നീട് യുപിയിലെ അയോധ്യയില്‍ തര്‍ക്ക വിധേയമായ ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ അടിച്ചു തകര്‍ക്കുകയും കാവി പതാക ഉയരുകയും ചെയ്തപ്പോള്‍ ശ്രീരാമനെക്കാള്‍ കേമര്‍ ശ്രീകൃഷ്ണന്റെ യാദവരാണെന്ന രീതിയില്‍ യാദവരാകെ ഒറ്റക്കെട്ടായതിന്റെ രാഷ്ട്രീയ ചരിത്രം നമ്മള്‍ കണ്ടതാണ്. ആ ചരിത്രമാണ് ഇന്ന് ഇപ്പോള്‍ കുടുംബത്തില്‍ കലഹമുണ്ടാക്കിയും അമര്‍സിംഗിനെ പോലൊരു രാഷ്ട്രീയ കങ്കാണിയെ കൂട്ടുപിടിച്ചും മോദിയ്ക്ക് വേണ്ടി അമിത് ഷാ തിരുത്തിക്കുറിച്ചിരിക്കുന്നത്.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)