UPDATES

ഇന്ത്യ

അമിത് ഷായുടെ പരിപാടിക്കുള്ള ബിജെപിയുടെ ക്ഷണം കൊല്‍ക്കത്ത ബുദ്ധിജീവികളും കലാകാരന്മാരും തള്ളി

ചില പ്രത്യേക സമുദായങ്ങളെ ലക്ഷ്യം വച്ചുള്ള ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയവും നോട്ട് നിരോധനം പോലുള്ള ജനവിരുദ്ധ നടപടികളും ചൂണ്ടിക്കാട്ടിയാണ് സൗമിത്ര ചാറ്റര്‍ജി ക്ഷണം തള്ളിയത് എന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

                       

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗാളിലെത്തുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ, പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും എന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. കലാകാരന്മാരും ബുദ്ധിജീവികളുമടക്കം നിരവധി പ്രമുഖര്‍ ബിജെപിയുടെ ക്ഷണം നിരസിച്ചു. ചലച്ചിത്ര നടന്‍ സൗമിത്ര ചാറ്റര്‍ജി, സുപ്രീം കോടതി ജഡ്ജി അശോക് ഗാംഗുലി, ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സന്തോഷ് റാണ, തീയറ്റര്‍ ആര്‍ട്ടിസ്റ്റുകളായ രുദ്രപ്രസാദ് സെന്‍ ഗുപ്ത, ചന്ദന്‍ സെന്‍, മനോജ് മിത്ര, ഗായകന്‍ അമര്‍ പോള്‍, ചിത്രകാരന്‍ സമിര്‍ എയ്ച് എന്നിവരാണ് ബിജെപിയുടെ ക്ഷണം തള്ളിക്കളഞ്ഞത്.

ദക്ഷിണ കൊല്‍ക്കത്തയിലെ ഓഡിറ്റോറിയത്തിലാണ് അമിത് ഷായുടെ പരിപാടി സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഡല്‍ഹിയിലെ ശ്യാമപ്രസാദ് മുഖര്‍ജി ഫൗണ്ടേഷനാണ് പരിപാടിയുടെ സംഘാടകര്‍. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയെക്കുറിച്ച് അമിത് ഷാ പ്രഭാഷണം നടത്തും. ഇതിന് ശേഷം ബുദ്ധിജീവികളുമായുള്ള ചര്‍ച്ച എന്നാണ് ഉദ്ദേശിച്ചിരുന്നത്. നഗരത്തിലെ 650ഓളം ബുദ്ധിജീവികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്. എന്നാല്‍ ആരൊക്കയാണ് ഇതിലുള്ളതെന്ന് പറയാന്‍ അവര്‍ തയ്യാറിയിട്ടുമില്ല. ബിജെപിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ ഇവര്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീഷണിയുണ്ടെന്നും അതിനാല്‍ പേരുകള്‍ പുറത്തുവിടാനാകില്ലെന്നുമാണ് ബിജെപി പശ്ചിമബംഗാള്‍ ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ പങ്കജ് റോയ് പറയുന്നു.

ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയാണ് സൗമിത്ര ചാറ്റര്‍ജിയെ രണ്ട് പരിപാടികള്‍ക്കും ക്ഷണിച്ചത്. രണ്ടിനുമുള്ള ക്ഷണം സൗമിത്ര ചാറ്റര്‍ജി നിരസിച്ചു. ചില പ്രത്യേക സമുദായങ്ങളെ ലക്ഷ്യം വച്ചുള്ള ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയവും നോട്ട് നിരോധനം പോലുള്ള ജനവിരുദ്ധ നടപടികളും ചൂണ്ടിക്കാട്ടിയാണ് സൗമിത്ര ചാറ്റര്‍ജി ക്ഷണം തള്ളിയത് എന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ മുതിര്‍ന്ന നേതാവ് മുകുള്‍ റോയ്, തന്നെ കാണാന്‍ വന്നിരുന്നതായും താന്‍ ക്ഷണം നിരസിച്ചതാ നാടക സംവിധായകനും എഴുത്തുകാരനുമായ മനോജ് മിത്ര പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍