UPDATES

ഓട്ടോമൊബൈല്‍

KL 01 CK 01 വാങ്ങിയത് 31 ലക്ഷത്തിന്, KL 01 CM 01ന് വ്യവസായി മുടക്കിയത് ഒരു ലക്ഷം മാത്രം: വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ വ്യവസായത്തിന്റെ ഗ്ലാമര്‍ പോയോ?

അടുത്തിടെ ഏര്‍പ്പെടുത്തിയ വാഹന്‍ സാരഥി എന്ന സോഫ്റ്റ്‌വെയറാണ് ഫലപ്രദമായി ലേലം നടത്തുന്നതിന് തടസമാകുന്നത്

                       

വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ വ്യവസായത്തിന്റെ ഗ്ലാമര്‍ നഷ്ടമായോയെന്ന സംശയം ശക്തമാക്കി പുതിയ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ ലേലം. ലേലത്തില്‍ ഭീമന്‍ തുക പ്രതീക്ഷിച്ച സംസ്ഥാനത്തെ ഏറ്റവും വിലപിടിപ്പുള്ള ഫാന്‍സി നമ്പര്‍ ആണ് ലേലം ഇല്ലാതെ വെറും ഒരു ലക്ഷം രൂപയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് വിറ്റത്. മുഖ്യമന്ത്രിയുടെ കാറിന്റെ നമ്പറിനോട് സാമ്യമുള്ള KL 01 CM 01 എന്ന നമ്പരാണ് തിരുവനന്തപുരം സ്വദേശിയും വ്യവസായിയുമായ കെ എസ് ബാലഗോപാല്‍ സ്വന്തം ബെന്‍സ് കാറിന് വേണ്ടി സ്വന്തമാക്കിയത്.

CM 01 എന്ന നമ്പറിനേക്കാള്‍ ആവശ്യക്കാര്‍ കുറവായ KL 01 CK 01 എന്ന നമ്പര്‍ ബാലഗോപാല്‍ തന്നെ തന്റെ പോര്‍ഷെ 718 ബോക്‌സ്റ്റര്‍ കാറിന് വേണ്ടി കഴിഞ്ഞ ഫെബ്രുവരിയില്‍ 31 ലക്ഷം രൂപ മുടക്കിയാണ് സ്വന്തമാക്കിയത്. ആ 31 ലക്ഷം രൂപയാണ് ഫാന്‍സി നമ്പര്‍ വ്യവസായത്തിലെ റെക്കോര്‍ഡ് തുക. അടുത്തിടെ ഏര്‍പ്പെടുത്തിയ വാഹന്‍ സാരഥി എന്ന സോഫ്റ്റ്‌വെയറാണ് ഫലപ്രദമായി ലേലം നടത്തുന്നതിന് തടസമാകുന്നത്. ഡീലര്‍മാരാണ് ഇപ്പോള്‍ നമ്പര്‍ ബുക്ക് ചെയ്യുന്നത്.

ഒരു ഡീലര്‍ ബുക്ക് ചെയ്യുന്ന നമ്പര്‍ മറ്റു ഡീലര്‍മാര്‍ ആവശ്യപ്പെടാറില്ല. കൃത്യസമയത്ത് ഓണ്‍ലൈനായി ലേലത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ആഗ്രഹിക്കുന്ന നമ്പര്‍ കിട്ടുകയുമില്ല. ഇതുകാരണം കോടികളാണ് കഴിഞ്ഞ അഞ്ച് മാസമായി മോട്ടോര്‍ വാഹന വകുപ്പിന് നഷ്ടമാകുന്നത്. മുഖ്യമന്ത്രിയുടെ കാറിന്റെ നമ്പറുമായി സാമ്യമുള്ള CM 01 എന്ന നമ്പറിന് ഒരു ലക്ഷം രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് നിശ്ചയിച്ച അടിസ്ഥാന വില. ഈ നമ്പറിനായി ബാലഗോപാല്‍ മാത്രം ആവശ്യമുന്നയിച്ചതോടെ ലേലം ഒഴിവാക്കുകയായിരുന്നു.

2017ല്‍ തന്റെ ലാന്‍സ് ക്രൂസറിന് വേണ്ടി KL 01 CB 01 എന്ന നമ്പര്‍ 18 ലക്ഷം രൂപ മുടക്കിയാണ് ബാലഗോപാല്‍ വാങ്ങിയത്. 2004ല്‍ മൂന്ന് ലക്ഷം രൂപ മുടക്കി KL 01 AK 01 എന്ന ഇദ്ദേഹം സ്വന്തമാക്കിയിരുന്നു. അമ്പതോളം വാഹനങ്ങള്‍ക്ക് വലിയ തുക മുടക്കി ഒന്നാം നമ്പര്‍ സ്വന്തമാക്കിയ ബാലഗോപാലിന്റെ മൊബൈല്‍ നമ്പരുകളും ഫാന്‍സി നമ്പറുകളാണ്.

read more:കണ്‍സള്‍ട്ടേഷന്‍ ഫീ 49 രൂപ, മരുന്നുകള്‍ക്ക് 60% വരെ കിഴിവ്; മദേഴ്‌സ് ക്ലിനിക് സാമ്പത്തിക തിരിമറി ചങ്ങലയെന്ന് ആരോപണം, പ്രവാസികളടക്കമുള്ള ഫ്രാഞ്ചൈസികളില്‍ നിന്നും കോടികള്‍ തട്ടിയതായി പരാതി

Related news


Share on

മറ്റുവാര്‍ത്തകള്‍