കുടിയേറ്റക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് യുകെയില്‍ സന്ദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തയ്യാറാക്കിയ പരാതിയില്‍ പത്ത് ലക്ഷത്തിലേറെ പേര്‍ ഒപ്പിട്ടു. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഇത്രയേറെ പേര്‍ പരാതിയില്‍ ഒപ്പിട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ട്രംപിന്റെ യുകെ സന്ദര്‍ശനത്തിനെതിരെ വന്‍തോതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. നേരത്തെ യൂറോപ്യന്‍ യൂണിയനിലെ അമേരിക്കന്‍ സുഹൃത്തുക്കളായ ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലെ രാഷ്ട്രത്തലവന്മാരും ട്രംപിന്റെ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു.
ഏഴ് മുസ്ലിം രാജ്യങ്ങളിലെ ജനങ്ങളെ അമേരിക്കയില്‍ നിന്ന് പുറത്താക്കിയതുകൊണ്ട് മാത്രം തീവ്രവാദം അവസാനിപ്പിക്കാനാകില്ലെന്നാണ് തീവ്രവാദത്തിനെതിരെ എന്നും ശക്തമായ നിലപാടെടുത്തിട്ടുള്ള ജര്‍മ്മന്‍ ചാന്‍സിലര്‍ ഏയ്ഞ്ജല മെര്‍ക്കല പ്രതികരിച്ചത്.