UPDATES

ഇന്ത്യയൊരു ജനാധിപത്യ രാജ്യമായി തുടരില്ല

രാജ്യം ഏകാധിപത്യ സ്വഭാവത്തിലേക്ക് ‘ മുന്നേറുന്നതായി’ റിപ്പോര്‍ട്ട്

                       

ഇന്ത്യയില്‍ ജനാധിപത്യം കൂപ്പുകുത്തുകയാണെന്ന് വി-ഡെം(V-Dem – Varieties of Democracy) റിപ്പോര്‍ട്ട്. 1975-കളിലെ ജനാധിപത്യവിരുദ്ധ കാലത്തിനു സമാനമായി ഇന്ത്യന്‍ ജനാധിപത്യം തകര്‍ന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 179 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്. സമീപകാലത്തെ കണക്കില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് ഏകാധിപത്യ ഭരണ രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യയെ ഉള്‍പ്പെടുത്താമെന്നാണ് വി-ഡെം റിപ്പോര്‍ട്ട് പറയുന്നത്.

2013 മുതലുള്ള അവസ്ഥയാണ് വിശദീകരിക്കുന്നത്. പട്ടാള അട്ടിമറികളും രാഷ്ട്രീയ കെടുകാര്യസ്ഥതയും അരക്ഷിത ജീവിതാവസ്ഥയും തകര്‍ത്തു കളഞ്ഞ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കൊപ്പമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിപ്പോഴുള്ളത്. ഐവറി കോസ്റ്റിനെക്കാള്‍ മോശവും നൈജറിനെക്കാള്‍ മികച്ചതും എന്ന അവസ്ഥയില്‍ ഈ രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുമിടയിലാണ് ഇന്ത്യയുടെ ജനാധിപത്യ സ്ഥാനം. ഇന്ത്യയിനിയൊരു ജനാധിപത്യ രാജ്യമായി തുടരില്ലെന്നും 2018 ഓടെ അതൊരു തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യത്തിലേക്ക്(ഇലക്‌ടോറല്‍ ഓട്ടോക്രസി)വീണിരുന്നെന്നും ആ അവസ്ഥ ഇപ്പോഴും തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

സ്വേച്ഛാധ്യപത്യത്തിന്റെ ഒരു തരംഗം ആഗോളതലത്തില്‍ തന്നെ കാണാന്‍ കഴിയുമെന്നാണ് വി-ഡെം റിപ്പോര്‍ട്ടിലെ നിരീക്ഷണം. നിലവില്‍ 42 രാജ്യങ്ങളില്‍, അതായത്, ഏകദേശം 280 കോടിയോളം മനുഷ്യര്‍ താമസിക്കുന്നയിടങ്ങളില്‍ ഏകാധിപത്യം പിടിമുറുക്കിയിട്ടുണ്ട്. അതായത്, ലോക ജനസംഖ്യയുടെ 35 ശതമാനവും സ്വേച്ഛാധിപതികളുടെ കൈകള്‍ക്കുള്ളിലാണ്. മൊത്തം ജനസംഖ്യയുടെ 18 ശതമാനം ഇന്ത്യയിലുണ്ട്. ഏകാധിപത്യ രാജ്യങ്ങളില്‍ താമസിക്കുന്ന മൊത്തം ജനസംഖ്യയുടെ പകുതിയോളം വരുമിത്.

മധ്യേഷന്‍ മേഖലയില്‍ ശരാരശരി മനുഷ്യര്‍ ആസ്വദിച്ചിരുന്ന ലിബറല്‍ ജനാധിപത്യം ഏതാണ്ട് അരനൂറ്റാണ്ട് മുമ്പത്തെ അവസ്ഥയിലേക്ക് കൂപ്പുകുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 1975 കളില്‍ ദൃശ്യമായിരുന്ന അടിച്ചമര്‍ത്തല്‍ ഘട്ടത്തിനു സമാനം. ആ കാലമെന്ന് പറയുന്നത്, വിയറ്റ്‌നാം യുദ്ധം അവസാനിച്ചതും, ഇന്ത്യയില്‍ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതുമായി സമയമാണ്. ആ അവസ്ഥയിലേക്ക് കാര്യങ്ങള്‍ വീണ്ടുമെത്തിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ജനസംഖ്യ സൂചിക പ്രകാരം ഇന്ത്യയിലെ 140 കോടി ജനങ്ങളും സ്വേച്ഛാധിപത്യത്തിനു കീഴിലാണ് ജീവിക്കുന്നത്. അടുത്തകാലത്തായി ഏറ്റവും മോശം സ്വേച്ഛാധിപത്യ രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലിബറല്‍ കമ്പോണന്റ് ഇന്‍ഡക്‌സ്(എല്‍സിഐ) ഇലക്ടറല്‍ ഡെമോക്രസി ഇന്‍ഡക്‌സ്(ഇഡിഐ) എന്നിവയുള്‍പ്പെടെ 71 സൂചകങ്ങളെ അടിസ്ഥാനമാക്കി ജനാധിപത്യത്തിന്റെ ലിബറല്‍, ഇലക്ടറല്‍ വശങ്ങളാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്. റിപ്പോര്‍ട്ടിലെ ലിബറല്‍ ഡെമോക്രസി ഇന്‍ഡക്‌സ് പ്രകാരം .28 സ്‌കോര്‍ ഉള്ള ഇന്ത്യയുടെ സ്ഥാനം 104 ആണ്. ഇത് കഴിഞ്ഞ തവണത്തേക്കാള്‍ മോശമാണ്. പാകിസ്ഥാന്റെ റാങ്ക് 119 ആണ്, അവരുടെ സ്‌കോര്‍ .21.

ഭരണകൂടങ്ങള്‍ എത്രത്തോളം ശുദ്ധവും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നുവെന്നത് മാത്രമല്ല, രാജ്യത്ത് യഥാവിധമുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം, വിവരങ്ങളുടെ ബദല്‍ സ്രോതസ്സുകള്‍, കൂട്ടായ്മകള്‍, അതുപോലെ പുരുഷ-സ്ത്രീ വോട്ടവകാശം, തെരഞ്ഞെടുക്കപ്പെട്ട ഭരണകര്‍ത്താക്കളുടെ നയം എന്നിവയും ജനാധിപത്യത്തെ അളക്കാന്‍ അടിസ്ഥാനമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വി-ഡെം ഇലക്‌ടോറല്‍ ഡെമെക്രസി ഇന്‍ഡെക്‌സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം 110 ആണ്. ഈ റാങ്ക് വളരെ താഴ്ന്നതാണ്. യൂറോപ്യന്‍ യൂണിയന്‍ അംഗമായ ഹംഗറി, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഇന്ത്യ, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെ 18 രാജ്യങ്ങളില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ന്യൂനപക്ഷ സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുള്‍പ്പെടെ ലിബറല്‍ ജനാധിപത്യം സ്ാധ്യമാക്കുന്ന ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ ലിബറല്‍ കോമ്പണന്റ് ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ റാങ്കിംഗ് മറ്റൊരു മോശം സ്ഥാനമായ 92 ല്‍ നില്‍ക്കുന്നു. എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും രാഷ്ട്രീയ രംഗത്ത് തുല്യ പങ്കാളിത്തമുണ്ടോയെന്ന് പരിശോധിക്കുന്ന സമത്വ ഘടക സൂചിക പ്രകാരം 137 രാജ്യങ്ങളുടെ റാങ്കിംഗില്‍ 42 ആം സ്ഥാനം മാത്രമാണ് ഇന്ത്യക്കുള്ളത്. എല്ലാ രാഷ്ട്രീയ പ്രക്രിയകളിലും രാജ്യത്തെ എല്ലാ പൗരന്മാരും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന പങ്കാളിത്ത ഘടക സൂചികയിലും ഇന്ത്യയുടെ സ്ഥാനം താഴെയാണ്-103 ല്‍.

ലോകത്തില്‍ സ്വേച്ഛാധിപത്യ ഭരണ മേഖലകളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ദക്ഷിണ-മധ്യേഷയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവിടെ പത്തില്‍ ഒമ്പത് പേരും അല്ലെങ്കില്‍ ജനസംഖ്യയുടെ 93 ശതമാനം പേരും തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യ രാജ്യങ്ങളിലാണ് ജീവിക്കുന്നത്. അത്തരം രാജ്യങ്ങളില്‍പ്പെട്ടതാണ് ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയവ. മേഖലയിലെ മൊത്തം ജനസംഖ്യയുടെ നാല് ശതമാനം വരുന്ന ജനങ്ങള്‍ താമസിക്കുന്ന അഫ്ഗാനിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായ സ്വേച്ഛാധിപത്യമാണ്. അര്‍മേനിയ, ജോര്‍ജിയ തുടങ്ങി തെരഞ്ഞെടുപ്പ് ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ മൊത്തം ജനസംഖ്യയുടെ വെറും 3% മാത്രമാണ് താമസിക്കുന്നത്. ഭൂട്ടാന്‍ മാത്രമാണ് ഒരു ലിബറല്‍ ജനാധിപത്യ രാജ്യം എന്ന സ്ഥാനം ഈ മേഖലയില്‍ അലങ്കരിക്കുന്നത്.

ഇന്ത്യയിലെ സ്വേച്ഛാധിപത്യ പ്രക്രിയ 2008 മുതല്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വി-ഡെം റിപ്പോര്‍ട്ടില്‍ പറയുന്നത്. അവിടന്നങ്ങോട്ട് അതൊരു സ്ഥായിയാ മുന്നേറ്റം നടത്തുകയായിരുന്നു. ഈയൊരു കാലഘട്ടത്തില്‍ ഇന്ത്യയിലെ ജനാധിപത്യ ധ്വംസനങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, സോഷ്യല്‍ മീഡിയ അടിച്ചമര്‍ത്തലുകള്‍, സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള പീഡനങ്ങള്‍, പൗരന്മാര്‍ക്കെതിരേയുള്ള ആക്രമണം, പ്രതിപക്ഷത്തിനെതിരേയുള്ള അടിച്ചമര്‍ത്തലുകള്‍ തുടങ്ങിയവ പ്രകടമായി നടക്കുന്നു. ഭരണകക്ഷിയായ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് വിമര്‍ശകരെ നിശബ്ദരാക്കാന്‍ രാജ്യദ്രോഹം, അപകീര്‍ത്തിപ്പെടുത്തല്‍, തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ തുടങ്ങിയ ഉപയോഗിച്ചതും ജനാധിപത്യത്തെ കൂടുതല്‍ അപകടപ്പെടുത്തി.

മതസ്വാതന്ത്ര്യം ഇന്ത്യയില്‍ തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മോദി ഭരണകൂടം ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അടിച്ചമര്‍ത്തിയെന്നാണ് വിമര്‍ശനം. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷം, ഭരണകൂട നയങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന ജനങ്ങള്‍ എന്നിവരെയെല്ലാം നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ജനങ്ങള്‍ക്ക് നിഷേധിക്കുന്ന രാജ്യമെന്ന അപഖ്യാതിയും ഇന്ത്യക്ക് കിട്ടിയിട്ടുണ്ട്. തുടര്‍ച്ചയായി ഇവിടെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചതില്‍ 58 ശതമാനവും ഇന്ത്യയിലായിരുന്നു. അതുപോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഭരണകൂട ഇടപെടല്‍ കൂടുന്ന കാര്യത്തിലും ഇന്ത്യ മുന്നില്‍ പോകുന്നു. ഒരു ജനാധിപത്യ രാജ്യമെന്ന സങ്കല്‍പ്പം ഇനിയധിക കാലം ഇന്ത്യയില്‍ ഉണ്ടാകില്ലെന്നാണ് വി-ഡെം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍