UPDATES

വായന/സംസ്കാരം

കേരളം അനുഭവിച്ച പ്രളയഭീകരതയെ തുറന്നുകാട്ടി ഒരു ബംഗ്ലാദേശി കലാകാരി

“ഇക്കോസൈഡ് ആന്‍ഡ് ദി റൈസ് ഓഫ് ഫ്രീഫാള്‍” എന്നതാണ് ഈ പ്രതിഷ്ഠാപനത്തിന് ഫര്‍ഹാന നല്‍കിയിരിക്കുന്ന പേര്.

                       
കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ഫോര്‍ട്ട് കൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ ഒറ്റനോട്ടം കൊണ്ട് എല്ലാവരെയും ആകര്‍ഷിക്കുന്ന പ്രതിഷ്ഠാപനമാണ് ബംഗ്ലാദേശി കലാകാരി മര്‍സിയ ഫര്‍ഹാനയുടേത്. മുറിക്കുള്ളില്‍ എല്ലാ ഗൃഹോപകരണങ്ങളും തല കീഴായി കിടക്കുന്നു. കേരളം അനുഭവിച്ച ഏറ്റവും വലിയ പ്രളയത്തിന്‍റെ നേര്‍ക്കാഴ്ചയാണ് ഫര്‍ഹാനയുടെ ഈ പ്രതിഷ്ഠാപനം. ആലങ്കാരികമോ പ്രതീകാത്മകമോ അല്ല ഈ പ്രതിഷ്ഠാപനം.

പ്രളയക്കെടുതികളെ എങ്ങിനെയാണോ കേരളത്തിലെ ജനങ്ങള്‍ നേരിട്ടനുഭവിച്ചത്, അതേ രീതിയില്‍ തന്നെയാണ് ഈ പ്രതിഷ്ഠാപനവും. ഫ്രിഡ്ജ്, അലമാര, ടിവി, വാഷിംഗ് മെഷീന്‍ തുടങ്ങി എല്ലാം തല കീഴായി തൂങ്ങിക്കിടക്കുന്നു. മേല്‍ക്കൂരയില്‍ നിന്നും ഉരുക്ക് കയര്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്.  വെള്ളപ്പൊക്കങ്ങളുടെ നാടായി അറിയപ്പെടുന്ന ബംഗ്ലാദേശില്‍ നിന്നു വന്ന ഫര്‍ഹാന പ്രളയത്തെ അതിജീവിച്ച കേരളീയ ജനതയോട് തന്റെ കല കൊണ്ടാണ് സംവദിക്കുന്നത്. 

 
“ഇക്കോസൈഡ് ആന്‍ഡ് ദി റൈസ് ഓഫ് ഫ്രീഫാള്‍” എന്നതാണ് ഈ പ്രതിഷ്ഠാപനത്തിന് ഫര്‍ഹാന നല്‍കിയിരിക്കുന്ന പേര്. മനുഷ്യന്‍ പ്രകൃതിയോട് എങ്ങിനെ പെരുമാറുന്നുവോ അതു തന്നെ തിരിച്ചും പ്രതീക്ഷിക്കാമെന്ന് അവര്‍ പറഞ്ഞു. ചരിത്രത്തിന്‍റെ പരിണാമസന്ധിയില്‍ പെട്ട് പോയി താഴേക്ക് പതിക്കുന്ന മനുഷ്യകുലത്തെയാണ് തലകീഴായി കിടക്കുന്ന ഗൃഹോപകരണങ്ങള്‍ സൂചിപ്പിക്കുന്നത്.

തത്വദീക്ഷയില്ലാതെ ഭൂമിയെ ചൂഷണം ചെയ്യുന്നതു കൊണ്ടുള്ള ദൂഷ്യഫലങ്ങളാണ് ഇതിലൂടെ വിവരിക്കുന്നത്. എന്നാല്‍ കേവലം മനുഷ്യന്‍റെ ദുരിതാവസ്ഥ മാത്രമല്ല ഫര്‍ഹാന പറയാന്‍ ശ്രമിക്കുന്നത്. മറിച്ച് മുതലാളിത്ത വ്യവസ്ഥിതി ആധുനികതയുടെ മറവില്‍ നടപ്പില്‍ വരുത്തിയ പുതിയ സാമൂഹ്യ-രാഷ്ട്രീയ സംവിധാനത്തിന്‍റെ പരാജയമായി കൂടി ഇതിനെ വര്‍ണിക്കാം. ഈ പ്രതിഷ്ഠാപനത്തിലൂടെ ഇത്തരം പ്രവണതകള്‍ക്കെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ശ്രമിക്കുന്നു.

 

സമൂഹത്തില്‍ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സഹതാപവും അനുതാപവും തിരികെ കൊണ്ടുവരാനും ഇതിലൂടെ മര്‍സിയ ഫര്‍ഹാന ശ്രമിക്കുന്നുണ്ട്. മൂലധനധിഷ്ഠിതമായ കോര്‍പ്പറേറ്റ് ലോകത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ദാദ, ഫ്ളക്സസ്, സിറ്റുവേഷനിസ്റ്റ് ഇന്‍റര്‍നാഷണലെ എന്നിവയുടെ കലാചരിത്രവുമായി ബന്ധപ്പെട്ടാണ് മര്‍സിയ ഫര്‍ഹാനയുടെ താത്പര്യങ്ങള്‍ തുടങ്ങുന്നത്. പെയിന്‍റിംഗ്, പ്രതിഷ്ഠാപനങ്ങള്‍, പ്രദര്‍ശനങ്ങള്‍, വിഡിയോ പ്രതിഷ്ഠാപനങ്ങള്‍ എന്നിവയിലധിഷ്ഠിതമാണ് അവരുടെ സൃഷ്ടികള്‍. ലണ്ടന്‍ യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്സിലെ ഇനോവേഷന്‍ പുരസ്ക്കാരം 2014 ല്‍ 33 കാരിയായ മര്‍സിയ ഫര്‍ഹാന നേടിയിട്ടുണ്ട്.

 

 

Share on

മറ്റുവാര്‍ത്തകള്‍