UPDATES

വിദേശം

തീവ്രവാദികളുടെ കുഞ്ഞുങ്ങളെ പെറ്റു വളർത്തുന്ന അമ്മമാർ; വലത് തീവ്രവാദത്തിന്റെ ഇരകളുടെ ജീവിതം ഇങ്ങനെ

ആദ്യം വെറുപ്പ് കൊണ്ട് ഞെരിച്ച് കൊല്ലാൻ തോന്നിയ കുഞ്ഞുങ്ങളെ പിന്നീട് പയ്യെ സ്നേഹിച്ച് തുടങ്ങിയ കഥകളായിരുന്നു മിക്കവാറും അമ്മമാർക്ക് ഫോട്ടോഗ്രാഫറോട് പറയാനുണ്ടായിരുന്നത്.

                       

ചില അമ്മമാർ മകളുടെ  കയ്യിൽ കൈകോർത്ത് പിടിച്ചിരുന്നു. ചിലർ മക്കളെ കെട്ടിപ്പിടിച്ചിരുന്നു. ചില ചിത്രങ്ങളിലെ അമ്മയും മകളും തമ്മിൽ ഒരുപാട് അകലമുള്ളത് പോലെ തോന്നും… പ്രശസ്ത ജർമ്മൻ ഫോട്ടോഗ്രാഫർ ഒലാഫ് ഹൈൻ ധാരാളം അമ്മ-മകൾ ചിത്രങ്ങൾ പകർത്തിയത് മാതൃത്വത്തിന്റെ ഉദാത്ത മാതൃകകൾ എന്ന നിലയ്ക്കല്ലായിരുന്നു. കാരണം ആ അമ്മമാരാരും തന്നെ തങ്ങളുടെ തൊട്ടടുത്ത് നിൽക്കുന്ന മക്കൾക്ക് വേണ്ടി ആഗ്രഹിച്ച് കാത്തിരുന്നവരല്ല. അവരുടെ സമ്മതത്തോടെയോ താല്പര്യത്തോടെയോ ആയിരുന്നില്ല അവർ ഗർഭിണികളായത്. 25 വർഷങ്ങൾക്ക് മുൻപ് നടന്ന റുവാണ്ട കൂട്ടക്കൊലയുടെ ഭീകരതകൾ മുഴുവൻ ഈ ഫോട്ടോഗ്രാഫർ  പകർത്തിയെടുത്തത് ഈ അമ്മ-മകൾ ചിത്രങ്ങളിലൂടെയാണ്. ഹുടു തീവ്രവാദികളാൽ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും ഗർഭിണികളാക്കപ്പെടുകയും ചെയ്ത ടുട്സി വനിതകളുടെ 25 വർഷത്തെ ജീവിതം മുഴുവൻ ആ ചിത്രങ്ങളിലുണ്ട്.

1994 ലാണ് ലോകമനസ്സാക്ഷിയെ ഞെട്ടിച്ച റുവാണ്ട കൂട്ടക്കൊല നടക്കുന്നത്. അന്നത്തെ പ്രസിഡന്റ് ജുവനെൽ ഹാബിയാറിമന സഞ്ചരിച്ച വിമാനം അപകടത്തിപ്പെടുത്തി എന്നാരോപിച്ച് ഒരു കൂട്ടം ഹുടു തീവ്രവാദികൾ ന്യൂനപക്ഷ വിഭാഗമായ ടുട്സി വിഭാഗത്തിന് നേരെ ആക്രമണങ്ങൾ അഴിച്ചുവിടുകയായിരുന്നു. ടുട്സി വംശത്തെ മുഴുവൻ കൊന്നൊടുക്കി രാജ്യത്തെ ശുദ്ധീകരിക്കണമെന്നായിരുന്നു ഹുടു തീവ്രവാദികളുടെ പക്ഷം. മൂന്നുമാസത്തോളം നീണ്ടുനിന്ന കൂട്ടക്കൊലയിലും ആക്രമണങ്ങളിലും ടുട്സി വിഭാഗത്തിലെ 70 ശതമാനത്തോളം ആളുകൾ കൊലചെയ്യപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ. എട്ടു ലക്ഷത്തിലധികം ടുട്സി വംശജരാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്.

രണ്ടര ലക്ഷത്തിലധികം ടുട്സി സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. നിരവധി സ്ത്രീകൾ എയ്ഡ്‌സ് പോലുള്ള രോഗങ്ങൾ പിടിപെട്ട് നരകിച്ച് മരിച്ചു. ചിലർ താല്പര്യമില്ലാത്ത കുഞ്ഞുങ്ങളെയും പ്രസവിച്ച് ധീരമായി അതിജീവിക്കാനൊരുങ്ങി. ഗർഭിണിയാകുമ്പോൾ പ്രായപൂർത്തിയായിട്ടു പോലുമില്ലാതിരുന്ന ആ അമ്മമാർ ഇന്ന് 24 വയസൊക്കെ വരുന്ന കുട്ടികളുടെ അമ്മമാരാണ്. ബലാത്സംഗകന്റെ  കുഞ്ഞ്, തങ്ങളുടെ വംശത്തെ നശിപ്പിക്കാൻ വന്നയാളിന്റെ കുഞ്ഞ് എന്ന പുരുഷാധിപത്യ ബോധത്തിന്റെ നോവ് പേറുന്ന ആ കുട്ടികൾ പതുക്കെപ്പതുക്കെ ജീവിക്കാനും സ്നേഹിക്കാനും പഠിക്കുകയാണ്.

റുവാണ്ട വംശഹത്യയുടെ ഇരുപത്തിയഞ്ചാം ഓർമ്മ ദിവസത്തോടനുബന്ധിച്ച്പുസ്തകമാക്കി ഇറക്കാൻ വേണ്ടിയാണ് ‘റുവാണ്ട ഡോട്ടേഴ്സ് ‘എന്ന് പേരിട്ട ഈ ഫോട്ടോഗ്രാഫുകൾ ഒലാഫ് പകർത്തിയത്. 80 ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീകളെയും അവരുടെ കുട്ടികളെയുമാണ് ഇദ്ദേഹം ചിത്രത്തിന് മോഡലുകളാക്കിയത്. ആദ്യം വെറുപ്പ് കൊണ്ട് ഞെരിച്ച് കൊല്ലാൻ തോന്നിയ കുഞ്ഞുങ്ങളെ പിന്നീട് പതുക്കെ സ്നേഹിച്ച് തുടങ്ങിയ കഥകളായിരുന്നു മിക്കവാറും അമ്മമാർക്ക് ഫോട്ടോഗ്രാഫറോട് പറയാനുണ്ടായിരുന്നത്.

ചിത്രങ്ങൾക്ക് കടപ്പാട്: സി എൻ എൻ

Read more:-  എട്ടുലക്ഷം പേര്‍ കൊല്ലപ്പെട്ട റുവാണ്ട വംശഹത്യ നടന്നിട്ട് 25 വർഷങ്ങൾ; ഇന്നും മുറിവുണങ്ങാതെ രാജ്യം

Share on

മറ്റുവാര്‍ത്തകള്‍