UPDATES

വായന/സംസ്കാരം

ആണിന് തങ്ങളെ വിട്ടുകൊടുക്കാത്ത പെണ്ണുങ്ങളുടെ കഥ പറഞ്ഞ ‘മീശ’ വീണ്ടും വായിക്കുന്നു

ആചാരങ്ങള്‍ക്ക് വേണ്ടി, ദൈവത്തെ രക്ഷിക്കാന്‍ വേണ്ടിയുള്ള സമരം നടത്താന്‍ തെരുവില്‍ വരുന്ന ഭക്തരുടെ കണ്ണിലൂടെ ഒരു കാലത്ത് എന്തായിരുന്നു ജാതിവ്യവസ്ഥ, അത് മനുഷ്യനെ എങ്ങനെ അടിമകളാക്കി വച്ചിരുന്നു എന്ന് മീശയിലൂടെ ഹരീഷ് പറയുന്നത് ഇപ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാം.

                       

വരുംകാലത്തെക്കുറിച്ചെന്ന പോലെ ഓര്‍മ്മയെക്കുറിച്ചും ഭാവന ചെയ്യുന്ന വാവച്ചന്റെ കഥയാണ് മീശ. അത് ഒരു കഥമാത്രമാണ്. പറഞ്ഞു കേട്ട കഥകളിലെയും പാടിക്കേട്ട പാട്ടുകളിലേയും മീശയെപ്പോലെ കുറച്ചു മാത്രം ശരിയായ ഓര്‍മ്മയാണ് വാവച്ചന്റേത്.

കഥകളും പാട്ടുകളും കേട്ടവരുടെ വിശ്വാസത്തില്‍ ജീവിക്കുന്ന മീശയും മീശയുടെ പിന്നിലെ വാവച്ചനും തമ്മിലുള്ള ശരിയെ തിരയല്‍ ആണ് മീശ എന്ന നോവല്‍ എന്ന് വായിക്കാവുന്നതാണ്. ഇല്ലാതിരുന്ന ഒന്നിനെ സൃഷ്ടിച്ചെടുക്കുകയായിരുന്നു ചരിത്രമേത് കഥയേത് എന്ന് തിരിച്ചറിയാനാവാത്ത വിധം കുഴമറിഞ്ഞു പോയ പാട്ടുകളിലൂടെയും കഥകളിലൂടെയും വാവച്ചന്റെ മീശ.

അരങ്ങില്‍ നിന്ന് വേഷമഴിക്കാതെ ജീവിതത്തിലേക്ക് കുടിയേറിവന്‍. എന്നാല്‍ പുഞ്ചപ്പാടത്തേക്ക്‌ രക്ഷപെടുമ്പോള്‍ അയാള്‍ അരങ്ങിലെ മീശക്കാരനല്ല. അവിടെ മുതല്‍ അത് ഫെയറിടെല്‍ പോലെയാണ്. മീശ വാവച്ചനല്ല, വാവച്ചന്‍ മീശയുമല്ല. പക്ഷെ രണ്ടു പേരും ഒന്നാണ് ഈ വരിയില്‍ ഈ നോവലിന്റെ ആത്മാവുണ്ട്.

യഥാര്‍ത്ഥമല്ലാത്ത വരമ്പിലെ യഥാര്‍ത്ഥമല്ലാത്ത വീട്ടില്‍ അയഥാര്‍ത്ഥമായ വിളക്ക്‌തെളിച്ച് കഥകളിലും പാട്ടുകളിലും മാത്രമായി കുട്ടത്തിയും മീശയും ഇരുന്നു. കായലുണ്ടായ കാലം മുതലും അതിനു മുന്‍പുമുള്ള കാറ്റ് ഇന്നലെയുണ്ടായ തടി ജനലിനെ തുളച്ച് വെളിച്ചത്തെ ഇളക്കിമറിച്ചു. തിരിയില്‍ നിന്ന് തീ സ്വതന്ത്രമാക്കാന്‍ നോക്കി. പലതവണ അത് തിരിയില്‍ നിന്ന് വിട്ട് ചാഞ്ഞ് അല്പ്പമകന്ന ശേഷം തിരികെയെത്തി അതില്‍ മരണവെപ്രാളത്തോടെ ഒട്ടിപ്പിടിച്ചു. ഒറ്റരാത്രികൊണ്ട് കാറ്റ് ഭൂമിയിലെ ഏറ്റവും ഇളയ ജീവിയുടെ നിര്‍മ്മിതികളെ തൂത്തെറിയാന്‍ നോക്കി. അങ്ങനെ മനുഷ്യനാലും കാറ്റിനാലും തൂത്തെറിപ്പെട്ടതും ഇനിയും ഏറിയപ്പെടെണ്ടതുമായ ചിലതിനെ പറ്റിയാണ് മീശയില്‍ വായിക്കുന്നത്.

മീശ ഒന്നിലധികമുണ്ട്. ഒന്നിന്റെ നിഴല്‍ മാത്രം മതി തനിക്ക് കഴിയാന്‍ എന്ന് പറയുന്ന മറ്റൊരു മീശയുണ്ട്. അതിലൊന്ന് ജടായൂ സമാനനാണ്. മീശ എന്ന രാമന്റെ സീതയെ തട്ടിക്കൊണ്ടു പോയവന്റെ വഴിതടഞ്ഞപ്പോള്‍ രണ്ടു കൈകളിലും വെട്ടു കിട്ടിയ ആളാണ് രണ്ടാം മീശ. ആണധികാരത്തിന്റെയും അന്വേഷണങ്ങളുടെയും പലായനത്തിന്റേയും കഥയാണ് മീശ.

പുലയകൃസ്ത്യാനിയായ പവിയനില്‍ അത് കുട്ടികളുടെ മേലും ഭാര്യയുടെ മേലും യാത്രകളില്‍ ചെന്നെത്തുന്ന പറമ്പുകളിലും അധികാരത്തിന്റെ കഥയാണെങ്കില്‍ വാവച്ചനത് പലായനത്തിന്റേതാണ്. വാവച്ചന്റെ മീശയും ആണധികാരത്തിന്റെ അടയാളം കൂടിയാണ്.

ഒരു പെലയ കൃസ്ത്യാനി മീശവെയ്ക്കുന്നു എന്നതാണ് സാമൂഹികമായ അതിന്റെ പ്രസക്തി. അത് കുട്ടികളില്‍ ഭയത്തിന് കാരണമാണ്. ഇന്നും ഇന്ത്യയുടെ പലഭാഗത്തും മീശവച്ച കീഴാളന്‍ മുന്നോക്കക്കാരന് ഒരു അശ്ലീലമാണ്. മീശവച്ചവനെ ആള്‍ക്കൂട്ടവിചാരണ നടത്തി ശിക്ഷിച്ച കഥകള്‍ ഇടയ്ക്ക് വായിക്കാറുള്ളവയാണ്. അവിടെയാണ് മീശയെന്ന വാക്കിന്റെ പ്രസക്തി.

വാവച്ചന്‍ ആദ്യമായി പുരുഷാധികാരം പ്രയോഗിക്കുന്ന പെണ്ണിനെ തേടിയുള്ള അന്വേഷണമാണ് പിന്നീടുള്ള ജീവിതം. ജോലിതേടി മലയായ്ക്ക് പോയ നാരായണപിള്ളയ്ക്കും ശിവരാമപിള്ളയ്ക്കും അത് തൊഴില്‍ അന്വേഷണമാണ്. തിരികെ വരുന്ന നാരായണപിള്ള കച്ചവടങ്ങള്‍ ചെയ്തു നശിക്കുകയും അക്ഷരങ്ങളില്‍ അഭയം പ്രാപിച്ച് എന്‍.എന്‍ പിള്ളയായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു. അദ്ദേഹം പറയുന്നു ഇവിടെ ജീവിക്കാന്‍ നോക്കിയാല്‍ അഭിനയിക്കണമെന്നു പറയും അഭിനയിക്കാന്‍ നോക്കിയാല്‍ അതഭിനയമല്ല ജീവിതമാണെന്ന്‌ പറയും.

രാമാനുജന്‍ എഴുത്തച്ഛന്‍ എന്ന നാടകകൃത്ത് തന്റെ കഥാപാത്രത്തിനായുള്ള അന്വേഷണത്തിനിടെയാണ് വാവച്ചനെ മീശയുള്ള പോലീസുകാരനാക്കുന്നത്. ജാതിയധികാരമാണ് സീതയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ കാരണമാവുന്നത്. അധികാരമാണ് താണുലിംഗ നാടാരേ മീശയ്ക്ക് പിന്നാലെ എത്തിക്കുന്നത്. അവറാച്ചനും പാച്ചുപിള്ളയും വ്യത്യസ്ത തരക്കാരാണ് രണ്ടു പേരും വാവച്ചന്റെ മീശയുടെ തണല്‍ ഉപയോഗിക്കുകയാണ് രണ്ടു തരത്തില്‍.

അവറാച്ചന്‍ മീശയുടെ സഹായത്താല്‍ കണ്ടുപിടിക്കുന്ന പാടം വറ്റിക്കുന്ന എഞ്ചിനുകള്‍ക്ക് ഇടുന്ന പേരുകള്‍ പരമേശ്വേരന്‍, പാര്‍വ്വതി, വാവച്ചന്‍ എന്നിങ്ങനെയാണ്. പരമേശ്വരന്‍ അവറാച്ചനൊപ്പം ഉള്ള കൊല്ലനാണ്. പാര്‍വതി അയാളുടെ ഭാര്യയുടെ പേരും. വാവച്ചന്‍ അവറാച്ചന്റെ മൂന്നു തലമുറമുന്‍പ് മരിച്ച വല്യപ്പനാണ്. പവിയാന്റെ മകന്‍ വാവച്ചനെ അയാള്‍ക്കറിയില്ല.

ഒരു ദേശത്തിന്റെയും അതിന്റെ പ്രകൃതിയുടെയും അവിടത്തെ ജീവജാലങ്ങളുടെയും കഥയാണ് മീശ. സമീപസ്ഥമായിരുന്ന വെള്ളപ്പൊക്കത്തിന്റെ പാശ്ചാത്തലത്തില്‍ 99 വെള്ളപ്പൊക്കത്തിന്റെ സാഹചര്യം വളരെ വിശദമായി വന്നുപോവുന്നുണ്ട്. ഭക്ഷ്യക്ഷാമവും പാര്‍ശ്വവല്‍കൃത ജീവിതസാഹചര്യങ്ങളും വിശദീകരിക്കുന്നത് ഒരു അനുഭവമാണ്.

ഒരു മണി നെല്ല് പോലും ഇല്ലാത്ത കാലം. കുഴച്ചു തിന്നാന്‍ പിണ്ണാക്കോ തവിടോ ഇല്ല. കട്ടന്‍കപ്പയില തിന്ന മനുഷ്യര്‍ ചത്ത് പോയി. കിട്ടുന്ന മീനും കക്കായും ഞാവുണിക്കായും ഉപ്പും ചേര്‍ത്ത് പുഴുങ്ങിത്തിന്നെണ്ടി വന്ന മനുഷ്യര്‍ പശു തിന്നുന്ന പുല്ലു വരെയും വെറുതെ വിട്ടില്ല.

ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ജീവികളുണ്ട് മീശയില്‍ – എരണ്ടകളും മുതലകളും കാരയാമകളും മനുഷ്യരോട് വിരോധമുള്ള തത്തകളും അരയ്‌ക്കൊപ്പം വെള്ളത്തില്‍ ആയിരം പേരെ ഊമ്പിച്ച വരാലും ഒക്കെ ഉണ്ട്.

ആചാരങ്ങള്‍ക്ക് വേണ്ടി, ദൈവത്തെ രക്ഷിക്കാന്‍ വേണ്ടിയുള്ള സമരം നടത്താന്‍ തെരുവില്‍ വരുന്ന ഭക്തരുടെ കണ്ണിലൂടെ ഒരു കാലത്ത് എന്തായിരുന്നു ജാതിവ്യവസ്ഥ, അത് മനുഷ്യനെ എങ്ങനെ അടിമകളാക്കി വച്ചിരുന്നു എന്ന് മീശയിലൂടെ ഹരീഷ് പറയുന്നത് ഇപ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാം.

ചരിത്രത്തെ മറന്ന് ഞാനും ആ സവര്‍ണ്ണബ്ലോക്കിലെ ചിപ്പ് എന്ന് സ്വയം വിശ്വസിപ്പിക്കുന്ന പലര്‍ക്കും ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആവും വായന. അതാവണം വിവാദകാരണം എന്ന് തോന്നുന്നു. കാരണം മീശയിലെ ജാതിയും അധികാരത്തിന്റെ അശ്ലീലപ്രവണതയും തിരുവിതാംകൂര്‍ രാജക്കാന്മാരെ കൂടി ചേര്‍ത്ത് കൊണ്ടാണ്.

ആദ്യമായി നെല്ലിനു പകരം കാശ് കൂലികൊടുത്തതദ്ദേഹമാണ്. പക്ഷെ മുലമറയ്ക്കാതെ വരുന്ന പെണ്ണുങ്ങള്‍ക്ക് പണിയില്ല. അങ്ങനെയുള്ള പെണ്ണുങ്ങളെ കിട്ടാതെയായപ്പോള്‍ സായിപ്പിന്റെ ഭാര്യ മദാമ്മ എല്ലാവര്‍ക്കും കോറത്തുണിയില്‍ മുലകളും കക്ഷവും പിന്‍ഭാഗവും മറയുന്ന പിന്നില്‍ കെട്ടുള്ള കുപ്പായം തയ്ച്ചു നല്‍കി. നെഞ്ചത്ത് വെച്ചുകെട്ടില്ലായിരുന്നെങ്കില്‍ തങ്ങള്‍ ഇതിലും എത്രമാത്രം നന്നായി ജോലിയെടുത്തെനെ എന്നവര്‍ പണിക്കിടെ ചിന്തിച്ചു. കുപ്പായമുരഞ്ഞു മുലകള്‍ തിണര്‍ത്ത് വേദനിച്ചു. കക്ഷങ്ങളില്‍ ഇക്കിളിയായി. വൈകുന്നേരം സായിപ്പിന്റെ പറമ്പില്‍ നിന്നിറങ്ങുന്ന മാത്രയില്‍ അവരത് ഊരിയെടുത്ത് ആശ്വാസം കൊണ്ടു.

തികച്ചും ഗ്രാമ്യവും കഥയുടെ കാലവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഭാഷയാണ് മീശയുടെത്. അതിലെ ഇപ്പോള്‍ പലരും പ്രാകൃതമെന്നോ അശ്ലീലമെന്നോ വിവക്ഷിക്കുന്ന വാക്കുകള്‍ സ്ത്രീയെന്നത് അധികാരത്തിനും രതിക്കും വേണ്ടിയുള്ള ഉപകരണം എന്ന് നിലയ്ക്ക് മാത്രം കണ്ടിരുന്ന ആണ്‍മനസിന്റെതാണ്.

ഇപ്പോഴും മാറ്റമില്ലാത്ത ഇതേ മാനസികാവസ്ഥയാണ് ലിംഗപരമായ വേര്‍തിരിവുകളുടെ കാരണം എന്ന് സ്ത്രീകളില്‍ പലരും തിരിച്ചറിയാത്ത ഇടത്ത് നിന്ന് വായിക്കാനാവുന്നുണ്ട്. നൈഷ്ടിക ബ്രഹ്മചര്യത്തെ അപകടപ്പെടുത്തുന്ന തരത്തിലുള്ള സ്രവോത്പാദനത്തിന്റെ പേരില്‍ പ്രായം കണക്കാക്കി ഒരു വിഭാഗം സ്ത്രീകള്‍ പൊതുവിടമായ ക്ഷേത്രത്തില്‍ നിന്ന് അകറ്റിനിറുത്തപ്പെടുന്ന ജീര്‍ണ്ണമനസുകളില്‍ ഒരു കഥാപാത്രം അമ്പലത്തില്‍ പോവുന്ന സ്ത്രീകളെ പറ്റി പറയുന്ന നിസാര അഭിപ്രായത്തിനും വിവാദസാധ്യതയുണ്ട് എന്ന് കാണിച്ചു തരാന്‍ ഈ ഭാഷയ്ക്ക് കഴിയുന്നുണ്ട്. അത് തന്നെയാണ് ജാതിയുടെ പേരിലുള്ള അസഹിഷ്ണുതയും.

പണ്ട് ചോവനെക്കണ്ടാല്‍ തെങ്ങ് തല ചായ്ച്ചു കൊടുത്തിരുന്നു. പുലയര്‍ക്കായി പുഴുങ്ങി ഉണങ്ങിയ അരിയാണ് നെല്‍ച്ചെടിയില്‍ വിളഞ്ഞിരുന്നത്. തെങ്ങും നെല്ലും ഇന്നത്തെപ്പോലെയായത് ചോവനും പുലയനും കാരണമാണ്. ഒരു ദിവസം ദാഹിച്ചുവന്ന ഒരു ചോവന് തെങ്ങ് തലതാഴ്ത്തിക്കൊടുത്തു. കരിക്ക് പറിക്കുന്നതിനിടെ അവന് ദേഷ്യം വന്നു.

”ഇതൊന്ന് വെട്ടി തന്നൂടെ? ‘

അവന്‍ ചോദിച്ചു. അന്ന് മുതല്‍ തെങ്ങ് ആരെക്കണ്ടാലും അനങ്ങില്ല. വിശന്നു വലഞ്ഞ ഒരു പുലയി നെല്ലിനോട് ചോദിച്ചു.

”ഇതൊന്ന് ചോറാക്കിത്തന്നൂടെ?

അന്ന് മുതല്‍ നെല്‍ച്ചെടിയില്‍ നെല്ലുമാത്രം വിളഞ്ഞു.

ഒരു ദിവസം കുമാരകംകാരന്‍ കുട്ടിചോകൊന്‍ ഔതച്ചനെക്കാണാന്‍ കാവാലത്തെ വീട്ടിലെത്തി ഔതച്ചനും ഭാര്യയും കാപ്പി അനത്തിക്കൊടുത്ത് കുട്ടിച്ചോവനെ സ്വീകരിച്ചു. ഇരിക്കാന്‍ കസേരയിട്ടുകൊടുത്തു. കാരണം കായലുകുത്താന്‍ കിഴക്കുനിന്നു മൂത്ത തെങ്ങിന്റെ എരികൊണ്ടുവന്ന് ആദ്യം അടിച്ചു താഴ്ത്തയാള്‍ കുട്ടിയാണ്. അയാളുടെ ബലമാണ് പുറം ചിറകളുടെ ബലം. പക്ഷെ കുട്ടിച്ചോവന്‍ ഇരുന്നില്ല. കാപ്പി കുടിച്ചതുമില്ല. കാരണം കൂലിനെല്ല് കിട്ടാന്‍ ഒരാഴ്ചയായി കുഞ്ഞച്ചന്റെ ആപ്പീസ് മുറിയില്‍ കയറിയിറങ്ങുന്നു. ആദ്യം തോളിലെ രണ്ടാംമുണ്ട് അയളഴിച്ചു ഔതച്ചന്റെ മുന്നില്‍ വച്ചു. പിന്നെ ഉടുത്തിരുന്ന മുണ്ടും ഉരിഞ്ഞു മടക്കിവച്ചു.

”ഇതെല്ലാം ഇവിടുത്തെ പണി ചെയ്ത് ഉണ്ടാക്കിയതാണ്. ഇനി ഇതൊന്നുമില്ലാതെ ജീവിച്ചോളാം. ‘

കോണകം മാത്രമുടുത്ത് കുട്ടിച്ചോവന്‍ പറഞ്ഞു. ആ കുഞ്ഞച്ചനെയാണ് മീശ വാരിയെടുത്ത് നിലത്തടിച്ചത്.

ബൗദ്ധികമായ വായനയല്ല നേരെ മറിച്ച് നോവല്‍ വായനയുടെ പതിവ് രീതികളെ മാറ്റി വച്ച് വായിക്കേണ്ട ഒന്നാണ് മീശ. ആണധികാരത്തിനു തങ്ങളെ വിട്ടുകൊടുക്കാത്ത രണ്ടു സ്ത്രീകഥാപാത്രങ്ങളാണ് കുട്ടത്തിയും സീതയും. അവരുടെ വഴികള്‍ വ്യത്യസ്തവുമാണ്. ചെല്ല പവിയാനെ തൊഴിച്ചകറ്റുന്നഭാഗത്തും ചെറുത്തു നില്‍പ്പിന്റെ, പ്രതിഷേധത്തിന്റെ സൂചനയുണ്ട്.

ചരിത്രവും മിത്തും ഭാവനയും തമ്മിലുള്ള കുഴമറിയലിലൂടെയാണ് നോവല്‍ കടന്നു പോവുന്നത്. പലതായി ചിതറിക്കിടക്കുന്ന കഥകളിലും കഥാപാത്രങ്ങളിലും ഏതെങ്കിലും ഒരിടത്ത് മീശയുണ്ടാവുന്നു. രണ്ടു തലങ്ങളായാണ് നോവല്‍ വികസിക്കുന്നത്. എഴുത്തുകാരന്‍ മകന് പറഞ്ഞു കൊടുക്കുന്ന കഥയാണ് മീശയുടേത്. എന്നാല്‍ കഥാപാത്രം കഥപറയുന്ന ആളെ കൈവിട്ട് മുന്നോട്ടു പോവുകയാണ്. വേമ്പനാടും പരിസരവും, തണ്ണീര്‍മുക്കം, ബ്രണ്ടന്‍ കായല്‍, ഇപ്പോഴത്തെ ആലപ്പുഴയുടെ ഭൂമിക, ചങ്ങനാശ്ശേരി-കുമരകം അങ്ങനെ വിശാലമായ തോടുകളുടെയും ആറുകളുടെയും വയലുകളുടെയും ചരിത്രമാണ് മീശയില്‍. ഇഷ്ടം പോലെ കയറ്റാനും ഇറക്കാനും പറ്റുന്ന ജലത്തിന്റെ ലോകം. നാല് നദികളും ഇരുനൂറു തോടുകളും ഉണ്ടായിരുന്ന ഇടം. ഏറെ ആഴത്തില്‍ ഈ ഭൂമികയിലൂടെ സഞ്ചരിച്ചതിന്റെ അടയാളങ്ങള്‍ നോവലില്‍ പ്രത്യക്ഷമായുണ്ട്.

ശങ്കരാചാര്യരെപ്പറ്റിയുള്ള പരാമര്‍ശം വരുന്നത് മീശയുടെയും ശങ്കരാചാര്യരുടേയും സഞ്ചാരവുമായി ബന്ധപ്പെടുത്തിയാണ്. അമ്മ മരിക്കാന്‍ നേരം രണ്ടാളും തിരികെ വരുന്നുണ്ട്. മറ്റൊന്ന് അമ്മയും മുതലയും തമ്മിലുള്ള സന്ധിസംഭാഷണത്തെ പറ്റിയാണ്.

താണുലിംഗനാടാരിലൂടെയാണ് സ്വാതി തിരുനാളിലും ഉത്രം തിരുനാളിലും എത്തുന്നത്. ശ്രീനാരായണഗുരുവിന്റെ സന്ദര്‍ശനം അവറാച്ചന്റെ ഓര്‍മ്മയിലൂടെയാണ് വരുന്നത്.

ഒരാളെ, ഒരു മിത്തിനെ നിര്‍മ്മിക്കുന്നത് എത്രയധികം കഥകള്‍ ആ കഥാപാത്രത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചാണ്. ഒരു പക്ഷെ അയാള്‍ കേട്ടാല്‍ പോലും വിശ്വസിക്കാത്ത കഥകളാണ് അവരുടെ ജീവിതത്തിലും മരണത്തിലും എഴുതിച്ചേര്‍ക്കുക.

ഏതെങ്കിലും തരത്തില്‍ ഔന്നത്യമുള്ളവര്‍ക്ക് യോജിച്ചത് അതിനു പറ്റിയ മരണമാണ്. സന്ന്യാസി ഭാഗവത്‌ നാമം ഉച്ചരിച്ച് മരിക്കുക. തെമ്മാടി കത്തിക്കുത്തില്‍ മരിക്കണം. അത്തരക്കാരുടെ മരണം യഥാര്‍ത്ഥത്തില്‍ ദയനീയമായിരുന്നാലും കേമാമായിരുന്നെന്നു പുറമേ പ്രശസ്തിയുണ്ടായാലും മതി. വേലുത്തമ്പിയുടെ അനുചരനായിരുന്ന വൈക്കം പത്മനാഭപിള്ളയെ സായിപ്പന്മാര്‍ തുറുവേലിക്കുന്നില്‍ വെച്ച് പിടികൂടി ഒരു വീപ്പയില്‍ തള്ളിക്കയറ്റി ചുറ്റും ആണിയടിച്ചശേഷം താഴെക്കുരുട്ടി കൊല്ലുകയായിരുന്നെങ്കിലും അദ്ദേഹം വജ്രമോതിരം വിഴുങ്ങി ജീവന്‍ വെടിയുകയായിരുന്നെന്നാണാല്ലോ പുറമെയുള്ള കേള്‍വി. ശ്രീമൂലം തിരുനാള്‍ രാജാവ് തീപ്പെട്ടു മാസങ്ങള്‍ കഴിഞ്ഞാണ് തൊണ്ണൂറ്റിയോന്‍പതിലെ വെള്ളപ്പൊക്കം ഉണ്ടായതെങ്കിലും വെള്ളം ഉയര്‍ന്നു വരുന്നതുകണ്ടു എന്റെ പ്രജകളിനി എന്ത് ചെയ്യും എന്ന് ചങ്കില്‍ കൈവച്ചു ചോദിച്ചു നെഞ്ചു പൊട്ടി അദ്ദേഹം മരിക്കുകയാരുന്നെന്നാണ് പില്‍ക്കാലം ആളുകള്‍ ആത്മാര്‍ത്ഥമായും വിശ്വസിച്ചത്.

വരമ്പില്‍കുത്തിയ തന്റെ കൈവെള്ളയ്ക്കടിയില്‍ ഒരനക്കം പോലെ തോന്നി മീശയ്ക്ക്. കൈപൊക്കി നോക്കിയപ്പോള്‍ ഒരു തവളക്കുഞ്ഞ് അര്‍ദ്ധ പ്രാണനായിക്കിടക്കുന്നു.അതിന്റെ അരയ്ക്ക് കീഴോട്ട് ചതഞ്ഞിട്ടുണ്ട്. മുന്‍കൈയ്യില്‍ ഏന്തി അതനങ്ങാന്‍ നോക്കി.

” മോളില്‍ കൈവച്ചപ്പോള്‍ നിനക്ക് കരയാന്‍ മേലാരുന്നോ?

മീശ ചോദിച്ചു.
”ഞാനന്നേരെ കൈയെടുത്തെനെ”

”ഞാനെങ്ങനെയാണ് കരയുന്നത്?

തവളക്കുഞ്ഞ് പറഞ്ഞു

”എല്ലാവരും സങ്കടം വരുമ്പോള്‍, രക്ഷയില്ലെന്ന് തോന്നുമ്പോള്‍ നിന്റെ കഥകള്‍ പറഞ്ഞാണ് ആശ്വസിക്കാറ്, നിന്റെ പാട്ടുകള്‍ പാടുമ്പോഴാണ് നാളെയെങ്കിലും സമാധാനിക്കാമെന്ന് തോന്നുന്നത്. എന്റെ അമ്മയും അമ്മയുടെ അമ്മയും അങ്ങനെയാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. ആ നീ തന്നെ എന്റെ ദേഹത്ത് കൈകുത്തുമ്പോള്‍ ഞാന്‍ ആരെ വിളിച്ച് കരയാനാണ്.

വായിച്ചു കഴിഞ്ഞാണ് പിന്നിലേക്ക് പോയത്.

വായിക്കുന്നതും കേള്‍വിക്കാരനാവുന്നതും രാഷ്ട്രീയപ്രവര്‍ത്തനം കൂടിയാണ്. പ്രത്യേകിച്ചും പ്രകോപനരഹിതമായ സാഹചര്യവും പാകപ്പെട്ട മനസുമായാവുമ്പോള്‍ .

എന്ത് കാര്യംപറയുമ്പോഴും അതില്‍ -പണ്ടാരാണ്ട് പറഞ്ഞത് പോലെ എന്ന് ഒരു കഥ തിരുകി വച്ചിരുന്ന ഒരു തലമുറയെ ഓര്‍മ്മിപ്പിക്കുന്നു മീശ.

read more:പിരിവെടുത്ത് ടെലിവിഷന്‍ മേടിച്ചു; ജയിലുകളിലെ റെയ്ഡില്‍ കണ്ടെത്തിയത് കഞ്ചാവ് മുതല്‍ ഇന്‍സ്ട്രുമെന്റ് ബോക്‌സ് വരെ

രാജേഷ് ചിത്തിര

രാജേഷ് ചിത്തിര

എഴുത്തുകാരൻ

More Posts

Share on

മറ്റുവാര്‍ത്തകള്‍