UPDATES

വായന/സംസ്കാരം

‘വരിക ചങ്ങാതി, കാലത്തുരങ്കത്തിലൂടെ പിന്നോട്ട് പിന്നോട്ടിറങ്ങാന്‍ കൊതിയുള്ളവനേ..’: ആറ്റൂര്‍ ഒരു പുനര്‍വായന

“ഭൂഗോളത്തിന്റെ മറുപുറത്ത് ഞാനിപ്പോള്‍ ദിവസത്തിന്റെ മറുപുറത്ത് ഞാനിപ്പോള്‍” എന്നെഴുതിയ കവിയുടെ മടക്കയാത്രയെ കവിതയിലേക്കുള്ള യാത്രയായി മാത്രം കാണാം.

ആർഷ കബനി

ആർഷ കബനി

                       

ഓര്‍മ്മയിലും, പുനര്‍വായനയിലും ആധുനികതയുടെ തിരയടങ്ങിയ ഇക്കാലത്തില്‍ നിന്നുള്ള തിരിഞ്ഞുനോട്ടത്തിലും ആറ്റൂരിന്റെ കവിതയിലേക്ക് നാം കൂടുതല്‍ പ്രിയത്തോടെ തിരിച്ചെത്തുന്നുവെന്ന് ആറ്റൂര്‍ കവിതകളെ കുറിച്ചുള്ള പഠനത്തില്‍ കെ.സി നാരായണനെഴുതി. എല്ലായിപ്പോഴും കവിതയുടെ തുടിപ്പില്‍ മലയാളികളെ പുനര്‍ജീവിപ്പിച്ച, ഓരോ വായനക്കാരേയും കവിതയിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നതിനൊപ്പം, ഒരിക്കല്‍ക്കൂടി വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന കാന്തിക ശക്തിയുള്ള വാക്കുകളായിരുന്നു ആറ്റൂരിന്റെ തൂലികയില്‍നിന്ന് പിറവിയെടുത്തത്. ഒരിക്കല്‍ കവി ഇങ്ങനെ പറഞ്ഞിരുന്നു എനിക്ക് മൗനമാണിഷ്ടം. പുലര്‍ച്ചക്കോ വൈകുന്നേരമോ നടപ്പാതയിലൂടെയുള്ള നടത്തം. ഞാന്‍ മാത്രം.. ഞാനുമില്ല ഒപ്പം വാക്കുകള്‍. കലഹിക്കുന്ന വാക്കുകളുടെ ഉടയതമ്പുരാനായ ആറ്റൂര്‍ ജീവിതത്തില്‍നിന്ന് മടങ്ങുമ്പോള്‍ മരണമായിട്ടല്ല, കവിതക്കൊപ്പം, വാക്കുകള്‍ക്കൊപ്പം ഒറ്റക്കുള്ള അദ്ദേഹത്തിന്റെ യാത്രയായിവേണം കാണുവാന്‍.

വഴികാട്ടി എന്ന കവിതയില്‍ ആറ്റൂരെഴുതി
വരിക ചങ്ങാതി,
കാലത്തുരങ്കത്തിലൂടെ
പിന്നോട്ട് പിന്നോട്ടിറങ്ങാന്‍ കൊതിയുള്ളവനേ…
ജീവിച്ചകാലത്തെ കവിതയില്‍ ശേഖരിച്ചുവെച്ച കവി എന്നും വായനക്കാരെ തന്റെ കവിതയിലൂടെ തന്നെയായിരുന്നു ചരിത്രത്തിലേക്ക് വിളിച്ചത്. കാലഘട്ടത്തെ ആറ്റിക്കുറുക്കി മൂര്‍ച്ചയുള്ള വാക്കുകള്‍കൊണ്ട് വാര്‍ത്തെടുത്ത തീക്കാറ്റ് പോലുള്ള വാക്കുകള്‍ വായനക്കാരിലേക്ക് പടര്‍ന്നുകയറി. പിന്നോട്ട് പിന്നോട്ട് നടക്കാന്‍ കൊതിയുള്ളവനേ.. ഈ വിളി തീമഴ പോലുള്ള കവിതകളിലേക്കാണ് നമ്മെ വഴിതെളിച്ച് കൊണ്ടുപോയത്.

‘ ഉണ്ണുമ്പോഴുരുളയില്‍ ചോര-
ഞാനിടവഴിതാണ്ടുമ്പോളിറച്ചിയില്‍
കാല്‍തടഞ്ഞുളുക്കുന്നു
കണ്ണീരു പുളിക്കുന്നു വെള്ളത്തില്‍
കുപ്പായത്തിന്‍ പുള്ളിയില്‍ ചോരപ്പാടാ-
ണെന്തൊരാളായ്‌പ്പോയ് ഞാന്‍! ‘

കാലത്തിനെതിരെ കവിതയില്‍ പ്രതിരോധം തീര്‍ത്ത ഇത്തരത്തിലുള്ള ശക്തമായ വരികള്‍ ആറ്റൂരിന്റെ വാക്കുകളുടെ കരുത്തായിരുന്നു വിളിച്ചോതിയിരുന്നത്.

കല്‍പ്പറ്റ നാരായണന്‍ ആറ്റൂരിനെക്കുറിച്ച് ഇങ്ങനെ എഴുതി, ‘ ആറ്റൂര്‍ രവിവര്‍മ്മയാണ് എനിക്ക് ഹിമാലയത്തിന്റെ വലിപ്പം കാണിച്ച് തന്നത്. വലിപ്പത്തിന്റെ വലിപ്പംകണ്ട് ഞാന്‍ അന്തംവിട്ടു. എന്റെ മനസില്‍ നേരത്തെയുണ്ടായിരുന്ന വലിപ്പത്തിന്റെ മാനദണ്ഡം ചഞ്ചലമായി. വലിയ മഴയെന്നും, വലിയ വേദനയെന്നും, വലിയ ധീരതയെന്നും ഞാന്‍ പറഞ്ഞിരുന്നതിന്നാധാരമായ വലിപ്പം ഒന്നുലഞ്ഞു.’ ആറ്റൂര്‍ കവിതകളിലെ ആഴയും പരപ്പും കല്‍പ്പറ്റ നാരായണന്റെ ഈ വാക്കുകളില്‍ ദൃശ്യമാണ്. ‘എത്രയോ കാലമായി കയറിക്കൊണ്ടിരുന്ന പ്രാചീനനായ, മുന്നേ നടക്കുന്ന ഒരു വഴികാട്ടിയായി അദ്ദേഹത്തെ തോന്നി. വരും കാലത്തിലേക്ക് അദ്ദേഹം കയറിക്കയറി വരികയാണെന്നും കല്‍പ്പറ്റ നാരായണന്‍ എഴുതുന്നു’ . കല്‍പ്പറ്റ നാരായണന്‍ എഴുതിയതുപോലെ വരും കാലങ്ങളിലേക്കാണ് ആറ്റൂരിന്റെ കവിതകള്‍ നടന്നു കയറുന്നത്. കാലത്തിന് മുന്‍പില്‍ അവ നടന്നു പോവുകയും ചെയ്യുന്നു.

ആറ്റൂര്‍ രവിവര്‍മ്മയെ ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിചയപ്പെടുമ്പോള്‍ ആളൊരു കലാപകാരിയായ വിദ്യാര്‍ത്ഥിയാണെന്ന് എം. ഗംഗാധരന്‍ എഴുതുന്നു. സമരം ചെയ്തതിന് ഒരു കോളേജില്‍നിന്ന് പുറത്താക്കിക്കഴിഞ്ഞിരുന്നു. പിന്നീട് ചേര്‍ന്ന കോളേജില്‍നിന്ന് പുറത്താക്കുന്നതിന് തൊട്ടുമുന്‍പുള്ള കാലഘട്ടമായിരുന്നു അത്. കൗമാരത്തിലെ ആ വിപ്ലവകാരിയാണ് പിന്നീട് നിശബ്ദനായ കവിയായി മാറിയത്. എന്നാല്‍ ആ കവി എഴുതിയതെല്ലാം വിപ്ലവം ജ്വലിക്കുന്ന കവിതകളായിരുന്നു.

“ഭൂഗോളത്തിന്റെ മറുപുറത്ത് ഞാനിപ്പോള്‍
ദിവസത്തിന്റെ മറുപുറത്ത് ഞാനിപ്പോള്‍” എന്നെഴുതിയ കവിയുടെ മടക്കയാത്രയെ കവിതയിലേക്കുള്ള യാത്രയായി മാത്രം കാണാം. ദിവസത്തിന്റെ, ഭൂഗോളത്തിന്റെ മറുപുറത്ത് കവിതക്കൊപ്പമുള്ള ഏകാന്ത നടത്തമായി ഈ വിടവാങ്ങലിനെ വായിക്കാം.

ആർഷ കബനി

ആർഷ കബനി

അഴിമുഖം മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്‌

More Posts

Share on

മറ്റുവാര്‍ത്തകള്‍