UPDATES

വായന/സംസ്കാരം

‘ബുദ്ധമാനസം’: പറഞ്ഞു പറഞ്ഞ് അതീതമായ ജീവിതം

ബുദ്ധജീവിതത്തിലേക്കുള്ള ഒരു പുതിയ പാതയാണ് നിയതം ബുക്‌സ് ഇറക്കിയ ബുദ്ധമാനസം വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്.

                       

എപ്പോഴാണ് ഒരുവന്‍ നിഷ്‌കാമിയാകുന്നത്? അകം പൊരുളിന്റെ വെളിച്ചം തേടി അവന്‍ അവധൂതനാകുന്നത്? ആകാശത്തിലെ വെള്ളിവെളിച്ചങ്ങള്‍ക്കുനേരെ മിഴികള്‍ ഉയര്‍ത്തി ധ്യാനിയാകുന്നത്? ഹൃദയത്തിലെ മഹാമൗനത്തിലേക്ക് ചേക്കേറുവാനുള്ള വിളികേള്‍ക്കുന്നത്?

ജീവിതമെന്ന മഹാസത്യത്തിന്റെ പൊരുളു തേടിയായിരുന്നു ആ വലിയ രാത്രിയുടെ നിശ്ശബ്ദതയില്‍ അയാള്‍ കൊട്ടാരം വിട്ടിറങ്ങിയത്. ഓര്‍മ്മയുടെ മഴമേഘങ്ങള്‍ പെയ്‌തൊഴിഞ്ഞ ആകാശത്തു നിന്ന് നിര്‍മുക്തമായ ഹൃദയത്തോടെ കൊട്ടാരം വിട്ടിറങ്ങുമ്പോള്‍ അയാള്‍ ഉള്ളുകൊണ്ട് നേര്‍ത്തു തുടങ്ങിയ ഒരു മനുഷ്യനായി മാറിയിരുന്നു. ഇരുട്ടിന്റെ കനത്ത മതിലുകള്‍ കടന്നാണ് ആ യാത്ര ആരംഭിച്ചത്.

ബോധിയുടെ നിത്യവിസ്മയമായ ആകാശത്തേക്ക് നിര്‍മ്മമനായി നടന്നകലുമ്പോള്‍ ഉള്ളം നിറയെ വെളിച്ചമായിരുന്നു. മിഴികള്‍ നിറയെ കരുണയായിരുന്നു. ആര്‍ദ്രമായ ഹൃദയത്തില്‍ അനിര്‍വചനീയമായ അനുഭൂതിയായിരുന്നു. പിന്നിലായി ഒഴിഞ്ഞുപോയ നഗരഹൃദയത്തിന്റെ കാഴ്ചകളും അതിന്റെ വേദനകളും അയാളെ അലട്ടിയില്ല. പുഴയില്‍ നനഞ്ഞു കുതിര്‍ന്ന കാലടികള്‍ തന്റെ മണ്ണിനോടുള്ള അവസാന വിടവാങ്ങലിനായി ഒരുങ്ങി. പരമമായ ജീവിതപ്പൊരുളിന്റെ നിലാവെളിച്ചമേറ്റ് തിളങ്ങുകയായിരുന്നു അയാള്‍.

ജന്മജന്മാന്തരങ്ങളുടെ ഖനിപ്പഴുപ്പില്‍ നിന്നുണര്‍ന്നു വന്ന വെളിച്ചത്തിന്റെ നീരുറവ. മനനാകാശങ്ങളുടെ നിലാവെട്ടത്തിലെ പൂര്‍ണ്ണചന്ദ്രന്‍. കരുണയുടെ ആഴങ്ങളില്‍ കാലെടുത്തു വെച്ച ശാന്തിയുടെ മഞ്ഞുതുള്ളി. ജീവിതത്തിന്റെ മമതകളെ കീറിമുറിക്കാന്‍ കഴിഞ്ഞ വലിയ വൈദ്യന്‍.

ഉന്മുഖമായ ജീവിതത്തിന്റെ എഴുത്തുകളില്‍ ഏറ്റവും ശ്രേഷ്ഠമാകുന്ന ഒന്ന് ബുദ്ധജീവിതമാണ്. എഴുതിയെഴുതി, പറഞ്ഞു പറഞ്ഞ് അതീതമായ ഒരു ജീവിതം. സിദ്ധാര്‍ത്ഥ രാജകുമാരനില്‍ നിന്ന് ഗൗതമബുദ്ധനിലേക്കുള്ള മഹായാത്രയുടെ പുസ്തകം. ഇ എം ഹാക്കിം എഴുതിയ ബുദ്ധമാനസത്തിന്റെ അവതരികയിലെ പരാമര്‍ശമാണിത്.

ബുദ്ധജീവിതത്തിലേക്കുള്ള ഒരു പുതിയ പാതയാണ് നിയതം ബുക്‌സ് ഇറക്കിയ ബുദ്ധമാനസം വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍