UPDATES

വായന/സംസ്കാരം

നവോത്ഥാന ചര്‍ച്ചകള്‍ക്ക് വേദിയായ പ്രേംജിയുടെ വീട് തകര്‍ന്ന് വീണു; ഏറ്റെടുത്ത് സംരക്ഷിക്കാമെന്ന് സര്‍ക്കാര്‍

സംരക്ഷിത സ്മാരകമായി നിലനിര്‍ത്താമെങ്കില്‍ വീടും പുരയിടവും വിട്ടു നല്‍കാമെന്ന് പ്രേംജിയുടെ മകന്‍ നീലന്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു.

                       

ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ തൃശൂര്‍ പൂങ്കുന്നത്തെ പ്രേംജിയുടെ വീട് മഴയില്‍ തകര്‍ന്നു. ഇതേ തുടര്‍ന്ന് വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.

വിധവാ വിവാഹവും തുടങ്ങിയ സാമൂഹിക പരിഷ്‌കരണ ശ്രമങ്ങളിലൂടെ ചരിത്രത്തില്‍ ഇടം നേടിയ പ്രേംജി താമസിച്ചിരുന്ന വീടാണ് മൂന്ന് ദിവസം മുന്‍പ് മഴയില്‍ തകര്‍ന്ന് വീണത്. വിധവയായ ആര്യ അന്തര്‍ജനത്തെ വിവാഹം കഴിച്ചശേഷം സാമൂഹിക ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട കാലത്ത് പ്രേംജിയും ആര്യയും താമസിച്ചത് പൂങ്കുന്നത്തെ ഈ വീട്ടിലാണ്. കേരള നവോത്ഥാന ചരിത്രത്തില്‍ സുപ്രധാന പങ്കുവഹിച്ച പാട്ടബാക്കി,നമ്മളൊന്ന് തുടങ്ങിയ നാടക ചര്‍ച്ചകള്‍ക്ക് വേദിയായത് ഈ വീടായിരുന്നു. കേരളത്തില്‍ പ്രത്യേകിച്ചും ബ്രാഹ്മണ സമൂഹത്തില്‍ പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിച്ചത് പ്രേംജിയുടെ നാടകങ്ങളായിരുന്നു.

സാംസ്‌കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും കേന്ദ്രവും മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ അടക്കമുള്ള കമ്മ്യൂണിസ്റ്റുകാരുടെ ഒളിവു ജീവിതത്തിനും വീട് ഇടമായിട്ടുണ്ട്. ജോസഫ് മുണ്ടശ്ശേരി, വൈലോപ്പിള്ളി ശ്രീധരമേനോന്‍, വയലാര്‍ രാമവര്‍മ, ആറ്റൂര്‍ രവിവര്‍മ, ഉറൂബ്, എസ്.കെ. പൊറ്റെക്കാട് തുടങ്ങിയവരും പ്രേംജിയുടെ സുഹൃത്തുകള്‍ ഈ വീട്ടിലെ നിത്യസന്ദര്‍ശകരുമായിരുന്നു. പ്രേംജി അഭിനയിച്ച ചില സിനിമകളുടെ ലൊക്കേഷനാകാനുള്ള ഭാഗ്യവും ഈ വീടിന് ലഭിച്ചിട്ടുണ്ട്. ബസ് കണ്ടക്ടറായ ഹനീഫയും കുടുംബവും എട്ടുവര്ഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

സംരക്ഷിത സ്മാരകമായി നിലനിര്‍ത്താമെങ്കില്‍ വീടും പുരയിടവും വിട്ടു നല്‍കാമെന്ന് പ്രേംജിയുടെ മകന്‍ നീലന്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു. വീടിന്റെ സംരക്ഷണകാര്യം മന്ത്രി എ.കെ ബാലനുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും വി എസ് സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Share on

മറ്റുവാര്‍ത്തകള്‍