UPDATES

വായന/സംസ്കാരം

‘ഇന്ന് ഇന്ത്യയില്‍ വായനക്കാരെക്കാള്‍ എഴുത്തുകാരുള്ള കാലമാണ്’: റസ്‌കിന്‍ ബോണ്ട്

‘നല്ല എഴുത്തുകാരനാവണമെങ്കില്‍ ഭാഷാ ജ്ഞാനവും സ്വന്തം ഭാഷയില്‍ ആത്മ വിശ്വാസവും വേണം.’ റസ്‌കിന്‍ ബോണ്ട്

                       

ഇന്ത്യയില്‍ വായനക്കാരെക്കാള്‍ എഴുത്തുകാരുള്ള ഒരു കാലമാണ് ഇന്നുള്ളതെന്ന് ബ്രിട്ടീഷ് വംശജനായ പ്രശസ്ത ഇന്ത്യന്‍ നോവലിസ്റ്റ് റസ്‌കിന്‍ ബോണ്ട്. ഇന്ത്യയിലെ പ്രസാധക വ്യവസായം ഇന്ന് വലിയ വളര്‍ച്ചയുടെ ഘട്ടത്തിലാണ്. ഇത് വളര്‍ന്നു വരുന്ന യുവ എഴുത്തുകാര്‍ക്ക് ഏറെ സഹായകമാണെന്നും റസ്‌കിന്‍ ബോണ്ട് പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്കായി വികസിപ്പിച്ച മൈഎല്‍സ ( ‘myELSA’) എന്ന ലേണിങ്ങ് ആപ്പിന്റെ സമാരംഭ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് എഴുതി ജീവിക്കുന്ന, എഴുത്തിലൂടെ പണം സമ്പാദിക്കുന്ന ഒരുപാട് എഴുത്തുകാരുണ്ട്. അത് നല്ലതു തന്നെ. എന്നാല്‍ വായനക്കാരെക്കാള്‍ എഴുത്തുകാര്‍ ഉണ്ടാവുക എന്നത് ഒരു അപകടകരമായ കാര്യമാണ്. ഇന്ത്യന്‍ സാഹിത്യത്തിന്റെ സമകാലിക അവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല എഴുത്തുകാരനാവണമെങ്കില്‍ ഭാഷാ ജ്ഞാനവും സ്വന്തം ഭാഷയില്‍ ആത്മ വിശ്വാസവും വേണം. അതുപോലെ തന്നെ എഴുത്തുകാരന്റെ ആത്മാവിലുള്ളത് അതുപോലെ തന്നെ വായനക്കാരിലേക്കെത്തിക്കാനുള്ള കഴിവും വേണം. ഇന്ന് വായന പുസ്തകത്തില്‍ നിന്നും ഇ-പുസ്തകങ്ങളിലേക്കു മാറിയിരിക്കുന്നു.

എന്നാല്‍ എനിക്കിപ്പോഴും പ്രിയപ്പെട്ടത് പുസ്തകങ്ങള്‍ തന്നെയാണ്. ജനങ്ങള്‍ക്കിന്ന് വായിക്കാനും മനസിലാക്കാനും ഇ-പുസ്തകങ്ങളായിരിക്കും എളുപ്പം. എന്നാല്‍ സന്തോഷകരമായ വായനയ്ക്ക് നല്ലത് എപ്പോഴും പുസ്തകങ്ങള്‍ തന്നെയാണ്. അദ്ദേഹം പറഞ്ഞു.

തന്റെ പ്രിയപ്പെട്ട എഴുത്തുകാരെക്കുറിച്ചുള്ള ചോദ്യത്തിന്, ഒരുപാട് എഴുത്തുകാര്‍ തനിക്ക് പ്രിയപ്പെട്ടവരാണെന്നും ചാര്‍ലി ഡിക്കന്‍സ്, സോമര്‍സെറ്റ് മോം, രവീന്ദ്രനാഥ ടാഗോര്‍ എന്നിവരെ കൂടുതല്‍ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on

മറ്റുവാര്‍ത്തകള്‍