UPDATES

വായിച്ചോ‌

ആധാര്‍ കാര്‍ഡ് ഇല്ലെങ്കിലും അഫ്ഗാന്‍ അഭയാര്‍ത്ഥി പെണ്‍കുട്ടിയെ പഠിക്കാന്‍ അനുവദിക്കണം: ഹൈക്കോടതി

ഡല്‍ഹിയിലെ തിലക് നഗര്‍ സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹാദ്യയ്ക്കാണ്‌ പഠനം നിഷേധിച്ചത്

                       

ആധാര്‍ കാര്‍ഡ് ഇല്ലെങ്കിലും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥി കുട്ടിയെ പഠിക്കാന്‍ അനുവദിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. അഫ്ഗാനില്‍ നിന്നുള്ള 12-കാരി അഭയാര്‍ത്ഥി പെണ്‍കുട്ടിയെയാണ് ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സ്‌കൂള്‍ പഠനത്തില്‍ തുടരുന്നതില്‍ നിന്നും അധികൃതര്‍ വിലക്കിയത്. കുട്ടിക്ക് ഒരു വര്‍ഷം നഷ്ടപ്പെടുന്നത് അനുവദിക്കാനാവില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തലും ജസ്റ്റിസ് അനു മല്‍ഹോത്രയും ഉള്‍പ്പെട്ട ബഞ്ച് പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാനും വിവരം കോടതിയെ അറിയിക്കാനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിന് ശേഷം കേസില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞു. ഈ കേസില്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ച നിലപാട് ഭരണഘടന വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാര്‍വത്രിക വിദ്യാഭ്യാസം എന്ന മൗലീക അവകാശത്തിന്റെ ലംഘനമാണിത്. വിദേശിയായാലും അഭയാര്‍ത്ഥിയായാലും ഈ അവകാശം ഭരണഘടന ഉറപ്പാക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.

ഡല്‍ഹിയിലെ തിലക് നഗര്‍ സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹാദ്യയ്ക്ക് പഠനം നിഷേധിച്ചത് സംബന്ധിച്ച പത്രവാര്‍ത്ത വന്നതിനെ തുടര്‍ന്ന് അഭിഭാഷകനായ അശോക് അഗര്‍വാളാണ് വിഷയത്തില്‍ കോടതിയുടെ ശ്രദ്ധ ക്ഷണിച്ചത്. അഫ്ഗാന്‍ അഭയാര്‍ത്ഥിയായ ആറാം ക്ലാസുകാരി ഹാദ്യയ്ക്ക് ആധാര്‍ കാര്‍ഡ് ഇല്ല എന്ന പേരിലാണ് പഠനം നിഷേധിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചത്.

ആധാര്‍ കാര്‍ഡില്ല എന്ന ഒറ്റക്കാരണത്താല്‍ സ്‌കൂള്‍ വിട്ടുപോകാന്‍ പറയാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അവകാശമില്ലെന്ന് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ സ്‌കൂളില്‍ പഠിക്കാന്‍ സാധിക്കില്ലെന്ന് ഹാദ്യയുടെ പിതാവിനോട് പ്രിന്‍സിപ്പള്‍ പറഞ്ഞതായാണ് വിവരം.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/cT2g9M

Share on

മറ്റുവാര്‍ത്തകള്‍