UPDATES

വായിച്ചോ‌

പണി പാളി! ഇഷ്ടമില്ലാത്തവരെ ട്വിറ്ററില്‍ ബ്ളോക്ക് ചെയ്യാന്‍ ട്രംപിന് ഇനി സാധിക്കില്ല

ഈ വിധി ആയിരക്കണക്കിന് വരുന്ന ഗവണ്‍മെന്‍റ് സോഷ്യല്‍ മീഡിയ എക്കൌണ്ടുകളെ ബാധിക്കും എന്നാണ് കരുതുന്നത്

                       

തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ഇഷ്ടപ്പെടാത്ത ആളുകളെ ബ്ലോക്ക് ചെയ്തതിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണഘടന ലംഘിച്ചുവെന്ന് ഫെഡറൽ അപ്പീൽ കോടതി പ്രസ്താവിച്ചു. അമേരിക്കയുടെ ആദ്യ ഭരണഘടനാ ഭേദഗതി പ്രകാരം ഔദ്യോഗിക പദവി വഹിക്കുന്ന ഒരു വ്യക്തിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുമായി ആര്‍ക്കൊക്കെ ഇടപെടാം എന്നതിന് ‘വിലക്കേര്‍’പ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നാണ് മാൻഹട്ടനിലെ യു.എസ് സർക്യൂട്ട് അപ്പീല്‍ കോടതി പ്രസ്താവനയില്‍ പറഞ്ഞത്. ട്രംപിനു ട്വിറ്റര്‍ ഹാന്‍ഡിലായ @realDonaldTrump 61.8 ദശലക്ഷം ഫോളോവേഴ്‌സുണ്ട്.

‘എല്ലാത്തരം ഔദ്യോഗിക ആവശ്യങ്ങൾക്കും സമൂഹമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥന്, തന്‍റെ ഔദ്യോഗിക കാഴ്ചപ്പാടുകളോട് ആരെങ്കിലും അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചാല്‍, അത്തരം ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍നിന്നും വിലക്കേര്‍പ്പെടുത്താന്‍ ഒന്നാം ഭേദഗതി അനുവദിക്കുന്നില്ല’ എന്ന് മൂന്നംഗ വിധികര്‍ത്താക്കളില്‍ ഒരാളായ സർക്യൂട്ട് ജഡ്ജി ബാരിംഗ്ടൺ ഡി പാർക്കർ പറഞ്ഞു.

അതേസമയം, കോടതിവിധിയില്‍ നിരാശ പ്രകടിപ്പിച്ച അമേരിക്കൻ നീതിന്യായ വകുപ്പിന്‍റെ വക്താവ് അടുത്ത സാധ്യതകള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ച് വരികയാണെന്ന് പറഞ്ഞു. വൈറ്റ് ഹൌസോ ട്വിറ്ററോ വിഷയത്തില്‍ പെട്ടന്നൊരു പ്രതികരണത്തിന് തയ്യാറായിട്ടില്ല.

ഈ വിധി ആയിരക്കണക്കിന് വരുന്ന ഗവണ്‍മെന്‍റ് സോഷ്യല്‍ മീഡിയ എക്കൌണ്ടുകളെ ബാധിക്കും എന്നാണ് കരുതുന്നത്. ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരോ ഏജന്‍സികളോ കൈകാര്യം ചെയ്യുന്ന പൊതുവായതോ അല്ലാത്തതോ ആയ സോഷ്യല്‍ മീഡിയ എക്കൌണ്ടുകളില്‍ വരുന്ന കമന്റുകള്‍ നീക്കം ചെയ്യാനോ അത്തരം വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നവരെ ബ്ളോക്ക് ചെയ്യാനോ ഇനി മുതല്‍ സാധിക്കില്ല.

ട്രംപ് തന്‍റെ അജണ്ടകള്‍ നടപ്പിലാക്കാനും ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും വിമര്‍ശകരെ ആക്രമിക്കുവാനും അതിസമര്‍ത്ഥമായി ഉപയോഗിക്കുന്ന മാധ്യമമാണ് ട്വിറ്റര്‍. കൊളംബിയ യൂണിവേഴ്സിറ്റിയിലെ നൈറ്റ് ഫസ്റ്റ് അമെൻഡ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും അദ്ദേഹം ബ്ലോക്ക് ചെയ്ത ഏഴു ട്വിറ്റർ ഉപയോക്താക്കളുമാണ് കോടതിയെ സമീപിച്ചത്. ‘നമ്മുടെ ജനാധിപത്യത്തില്‍ കൂടുതല്‍ പ്രാധാന്യമുള്ള ഡിജിറ്റൽ ഇടങ്ങളുടെ സമഗ്രതയും ഊര്‍ജ്ജസ്വലതയും ഉറപ്പാക്കാന്‍ കോടതിവിധി സഹായകരമാകുമെന്ന്’ നൈറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജമീൽ ജാഫർ പ്രസ്താവനയിൽ പറഞ്ഞു.

കോടതി വിധി ‘അടിസ്ഥാനപരമായി തെറ്റിദ്ധാരണ’ മൂലമാണെന്നാണ് നീതിന്യായ വകുപ്പ് പറയുന്നത്. ട്രംപ് തന്‍റെ വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് മാത്രമാണ് തന്‍റെ ട്വിറ്റര്‍ അക്കൌണ്ട് ഉപയോഗിക്കുന്നതെന്നും അതിനെ പൊതു ചര്‍ച്ചകള്‍ക്കായുള്ള ഒരു വേദിയായി കാണുന്നില്ലെന്നും ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു.

എന്നാല്‍ ഈ വാദത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ പാര്‍ക്കര്‍, ഔദ്യോഗിക ആശയ പ്രചാരണത്തിനുള്ള മാധ്യമമായി ട്രംപ് തന്‍റെ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടെന്നും നാഷണല്‍ ആർക്കൈവ്സ് പോലും ആ ട്വീറ്റുകള്‍ ഔദ്യോഗിക രേഖകളായി കാണുന്നുണ്ടെന്നും പറഞ്ഞു.

Read More: Aljazeera, Electronic Frontier Foundation

Share on

മറ്റുവാര്‍ത്തകള്‍