UPDATES

വായിച്ചോ‌

കിണറ്റിന്‍കര ശങ്കരന്‍ നായരും ‘റോ’യും പിന്നെ ഞാനും: രഹസ്യാന്വേഷണ സംഘടനയ്ക്ക് 50 വയസ്‌

ചാര സംഘടനയെന്ന നിലയില്‍ മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് ചെയ്യുന്ന മോശം പ്രവൃത്തികള്‍ ഒരിക്കലും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ചെയ്യരുതെന്നും രാജ്യത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി മാത്രം ചെയ്യുന്നതാണ് ഇത്തരം കാര്യങ്ങളെന്നും ഓറിയന്റേഷന്‍ കോഴ്‌സിനെത്തിയ താനടക്കമുള്ളവരോട് ശങ്കരന്‍ നായര്‍ പറഞ്ഞത് ഹോര്‍മിസ് തരകന്‍ ഓര്‍ക്കുന്നു.

                       

ഇന്ത്യയുടെ അന്താരാഷ്ട്ര രഹസ്യാന്വേഷണ സംഘടന ‘റോ’യ്ക്ക് (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) 50 വയസ് തികയുകയാണ് ഈ വര്‍ഷം. റോയിലെ തന്റെ 23 വര്‍ഷത്തെ ഔദ്യോഗിക ജീവിതം, സംഘടനയുടെ സ്ഥാപകരായ കെഎന്‍ കാവു, മലയാളിയായ കിണറ്റിന്‍കര ശങ്കരന്‍ നായര്‍, നിലവില്‍ റോ നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയവയെക്കുറിച്ചാണ് മുന്‍ റോ ഡയറക്ടറും മലയാളിയും മുന്‍ കേരള പൊലീസ് മേധാവിയുമായ ഹോര്‍മിസ് തരകന്‍ ദ വീക്കില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്.

ലേഖനത്തില്‍ നിന്നുള്ള ഭാഗങ്ങള്‍:

റോയെ സംബന്ധിച്ച് ആര്‍എന്‍ കാവു ആസൂത്രകനും (planner) ശങ്കരന്‍ നായര്‍ കാര്യങ്ങള്‍ നടപ്പാക്കുന്നയാളും (implementer) ആയിരുന്നെന്ന് ഹോര്‍മിസ് തരകന്‍ പറയുന്നു. ഇന്ദിര ഗാന്ധിയാണ് ആര്‍എന്‍ കാവുവിനെ റോയുടെ സ്ഥാപക ഡയറക്ടറായി കൊണ്ടുവരുന്നത്, തന്റെ ഡെപ്യൂട്ടിയായി കിണറ്റിന്‍കര ശങ്കരന്‍നായരെ കൊണ്ടുവന്നത് കാവുവിന്റെ തീരുമാനമായിരുന്നു. ഇന്ത്യക്ക് പുറത്തുള്ള രഹസ്യാന്വേഷണത്തിനായി ഐബി അല്ലാതെ പ്രത്യേക ഏജന്‍സി എന്ന ആവശ്യം ഉയര്‍ന്നത് 1965ലെ യുദ്ധവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വീഴ്ചകള്‍ സംബന്ധിച്ച വിമര്‍ശനങ്ങളും പരാതികളുമാണെന്ന് The Rolling Stone that Gathered Moss എന്ന ഓര്‍മ്മക്കുറിപ്പുകളില്‍ ശങ്കരന്‍ നായര്‍ പറയുന്നുണ്ട്. ഇന്റലിജന്‍സ് ഏജന്‍സികളെ ആഭ്യന്തര, വൈദേശിക ചുമതലുകളുടെ അടിസ്ഥാനത്തില്‍ രണ്ടാക്കുന്നതായിരുന്നു പാശ്ചാത്യരാജ്യങ്ങള്‍ മുന്നോട്ടുവച്ച മാതൃക. 1971ല്‍ പാകിസ്താനുമായുള്ള രണ്ടാമത്തെ യുദ്ധമായപ്പോളേക്കും റോ ശക്തമായ സംഘടനായി മാറിയിരുന്നു.

ചാര സംഘടനയെന്ന നിലയില്‍ മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് ചെയ്യുന്ന മോശം പ്രവൃത്തികള്‍ ഒരിക്കലും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ചെയ്യരുതെന്നും രാജ്യത്തിന്റെ താല്‍പര്യ മുന്‍നിര്‍ത്തി മാത്രം ചെയ്യുന്നതാണ് ഇത്തരം കാര്യങ്ങളെന്നും ഓറിയന്റേഷന്‍ കോഴ്‌സിനെത്തിയ തങ്ങള്‍ യുവ ഉദ്യോഗസ്ഥരോട് ശങ്കരന്‍ നായര്‍ പറഞ്ഞത് ഹോര്‍മിസ് തരകന്‍ ഓര്‍ക്കുന്നു. “ഇത്തരം ട്രിക്കുകളെല്ലാം പഠിച്ചുകഴിഞ്ഞോ” എന്ന് ചോദിച്ചപ്പോള്‍ ഉവ്വ് എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. സംഘടനയില്‍ അതുല്യ വ്യക്തിത്വമായിരുന്ന ശങ്കരന്‍ നായര്‍ അന്താരാഷ്ട്രതലത്തില്‍ ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു.

കാവുവിന്റേയും ശങ്കരന്‍ നായരുടേയും കാലത്ത് നിന്ന് ഇന്റലിജന്‍സ് സംഘടനകളുടെ വെല്ലുവിളികള്‍ ഏറെ മാറിയിട്ടുണ്ട്. ശത്രുരാജ്യങ്ങളുടെ സൈനികശേഷിയും നീക്കങ്ങളും മാത്രമല്ല ഇപ്പോള്‍ ഏജന്‍സികള്‍ക്ക് മുന്നിലുള്ള വിഷയം. അതിനേക്കാളും വലിയ പ്രശ്‌നമായി ഭീകരപ്രവര്‍ത്തനം മാറിയിരിക്കുന്നു. ഇതിനെ നേരിടാന്‍ പുതിയ തന്ത്രങ്ങളും സംവിധാനങ്ങളും വേണം. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഏകോപനം പ്രധാനമാണ്. ഇത് വലിയ വെല്ലുവിളിയുമാണ്. എന്നാല്‍ റോ അപ്രസക്തമാകുന്നില്ല – തരകന്‍ പറയുന്നു. 1968ല്‍ ഐപിഎസില്‍ ചേര്‍ന്ന ഹോര്‍മിസ് തരകന്‍ 76ല്‍ റോയുടെ ഭാഗമായി. 2007ല്‍ റോയുടെ മേധാവി സ്ഥാനത്തിരിക്കുമ്പോളാണ് തരകന്‍ ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ചത്. ധാരാളം ഉയര്‍ച്ച – താഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ‘റോ’ തന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ലെന്ന് ഹോർമിസ് തരകൻ പറയുന്നു.

വായനയ്ക്ക്: https://goo.gl/Qfsgcm

മുന്‍ ഡിജിപിയും റോ തലവനുമായിരുന്ന ഹോര്‍മിസ് തരകന്‍ എന്ന കര്‍ഷകന്‍ ഇന്ന് ഒളവയ്പില്‍ ചെയ്യുന്നത്

Share on

മറ്റുവാര്‍ത്തകള്‍