UPDATES

വായിച്ചോ‌

കംപ്യൂട്ടറിനേക്കാൾ വേഗത്തിൽ കണക്കുകൂട്ടുന്ന ശകുന്തളാദേവി സ്വവർഗ്ഗാനുരാഗികൾക്ക് വേണ്ടി പ്രവർത്തിക്കാനിറങ്ങിയതിന് ഒരു കാരണമുണ്ട്

അവരുടെ ‘ദി വേൾഡ് ഓഫ് ഹോമോ സെക്ഷ്വല്സ്’ എന്ന പുസ്തകം പോലെ സമഗ്രമായ ഒരു പുസ്തകം അക്കാലത്ത് ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് എഴുതപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്.

                       

ആളൊഴിഞ്ഞ സർക്കസ് കൂടാരത്തിൽ ക്ഷീണിതരായ ട്രപ്പീസ് കളിക്കാരുടെയും കൂട്ടിലടച്ച മൃഗങ്ങളുടെയും നടുവിലിരുന്ന് ഒരച്ഛൻ തന്റെ മൂന്ന് വയസുള്ള മകൾക്ക് ചീട്ടുകെട്ടുകള്‍
കൊണ്ടുള്ള ഒരു മായാജാലം കാണിച്ചുകൊടുത്തു. മായാജാലത്തോടുള്ള ഭ്രമം കൊണ്ട് യാഥാസ്ഥിതിക കന്നഡ ബ്രാഹ്മണ കുടുംബത്തിൽ നിന്നും ഒളിച്ചോടി സർക്കസ് കൂടാരത്തിലെത്തിയ ആളാണ് ആ അച്ഛൻ. താൻ അഗ്രഗണ്യനായ ആ ചീട്ടു വിദ്യ അച്ഛൻ മകൾക്ക് മുന്നിൽ കാണിക്കാൻ തുടങ്ങി. എന്നാൽ മൂന്നു വയസ്സുള്ള ആ പെൺകുട്ടി അതിശയകരമായ തന്റെ ഓർമ്മശക്തികൊണ്ട് അച്ഛന്റെ മായാജാലത്തിലെ കള്ളക്കളികളെല്ലാം കണ്ടുപിടിച്ചു. അസാധാരണക്കാരിയായ ആ കുഞ്ഞിന് മുന്നിൽ അച്ഛന്റെ കൺകെട്ട് വിദ്യകൾ ഒന്നും വിലപ്പോയില്ല. ഓർമ്മകൾ ഉണ്ടായി തുടങ്ങുന്ന മൂന്നാം വയസ്സിൽ തന്നെ അച്ഛനെ തോൽപ്പിച്ച ആ കുട്ടി മറ്റാരുമായിരുന്നില്ല. കമ്പ്യൂട്ടറിനെ തോൽപ്പിച്ച മനുഷ്യസ്ത്രീ എന്ന് അറിയപ്പെടുന്ന ഗണിതശാസ്ത്രജ്ഞ ശകുന്തളാദേവി! 13 അക്കങ്ങളുള്ള സംഖ്യകൾ കംപ്യൂട്ടറിനേക്കാൾ വേഗത്തിൽ കൂടിയതിന്റെ പേരിൽ ലോകം അതിശയത്തോടെ ബഹുമാനിച്ചിരുന്ന മനുഷ്യകമ്പ്യൂട്ടർ.!

യന്ത്രത്തേക്കാൾ വേഗത്തിൽ കണക്കുകൂട്ടുന്ന ശകുന്തളാദേവിയെകുറിച്ചെ ലോകം പലപ്പോഴും ചർച്ച ചെയ്യാറുള്ളൂ. സ്വവർഗ്ഗാനുരാഗികളുടെ അവകാശത്തിനായി തന്റെ സമയത്തിന്റെ ഒരു വലിയ പങ്കും ഉഴിഞ്ഞു വെച്ച ശകുന്തളയുടെ മാനവികതയുടെ മുഖം പലപ്പോഴും മറഞ്ഞു തന്നെയിരുന്നു.

1960 ലാണ് ശകുന്തള വിവാഹിതയാകുന്നത്. കൊൽക്കത്തയിലെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനായ പാരിതോഷ് ബാനർജി ആയിരുന്നു ഭർത്താവ്. ദാമ്പത്യത്തിന്റെ ആദ്യ നാളുകളിൽ തന്നെ ഭർത്താവ് ഒരു സ്വവർഗാനുരാഗിയാണെന്ന് ശകുന്തള തിരിച്ചറിഞ്ഞു. ആദ്യം തോന്നിയ ഞെട്ടലും വിഷമവും പതിയെ മാറി. സ്വവർഗാനുരാഗികളെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും ശകുന്തളയ്ക്ക് ബോധ്യം വന്നു.

പിന്നീട് വ്യത്യസ്തമായ ലൈംഗിക സ്വത്വങ്ങളുള്ളവരോട് സംസാരിക്കാനുള്ള നീണ്ട യാത്രയായിരുന്നു ശകുന്തളയുടെ ജീവിതം. ഇന്ത്യയിലും വിദേശത്തുമുള്ള സ്വവർഗാനുരാഗികളായ ആളുകളോടും അവരുടെ പങ്കാളികളോടും ഈ മനുഷ്യ കമ്പ്യൂട്ടർ അലിവോടെ സംസാരിച്ചു. ഇക്കഴിഞ്ഞ വര്ഷം മാത്രം റദ്ദ് ചെയ്ത ഇന്ത്യൻ ശിക്ഷ നിയമത്തിന്റെ 377 വകുപ്പ് റദ്ദ് ചെയ്യാൻ ഇവർ അന്നേ പൊരുതിയിരുന്നു. സ്വന്തം ലൈംഗിക സ്വത്വത്തിന്റെ പേരിൽ ഒരാൾ കുറ്റവാളിയായി ജീവിക്കേണ്ടി വരുന്ന അവസ്ഥ ഭയാനകമായിരുന്നുവെന്ന് ശകുന്തളയ്ക്ക് തിരിച്ചറിവുണ്ടായിരുന്നു. അവരുടെ ‘ദി വേൾഡ് ഓഫ് ഹോമോ സെക്ഷ്വല്സ്’ എന്ന പുസ്തകം പോലെ സമഗ്രമായ ഒരു പുസ്തകം അക്കാലത്ത് ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് എഴുതപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. അന്നത്തെ സമൂഹത്തിന് തീരെ സ്വീകാര്യമല്ലാത്ത ആ പുസ്തകം എഴുതിത്തീർത്തശേഷം ‘ഇത് എഴുതാൻ എനിക്കുള്ള ഒരേ ഒരു യോഗ്യത ഞാൻ ഒരു മനുഷ്യനാണെന്നത് മാത്രമാണ്.’ മനുഷ്യ കമ്പ്യൂട്ടറിന്റെ ഈ വാക്കുകൾക്ക് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.

കൂടുതൽ വായനയ്ക്ക് : https://www.thebetterindia.com/176842/ias-hero-shakuntala-devi-human-computer-gay-rights-lgbtq-india/

Share on

മറ്റുവാര്‍ത്തകള്‍