UPDATES

വായിച്ചോ‌

‘ജമൈക്കയിലെ കഞ്ചാവ്’ പരാമർശം: യുഎസ് പ്രസിഡന്റ് മത്സരാര്‍ത്ഥി കമല ഹാരിസിന് പിതാവിന്റെ ചീത്തവിളി

കമല മഹത്തായ ജമൈക്കൻ സംസ്കാരത്തെ അധിഷേപിച്ചുവെന്നാണ് പിതാവ് ആരോപിക്കുന്നത്.

                       

ജമൈക്ക ദ്വീപിലെ കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് നോമിനേഷന് വേണ്ടി മത്സരിക്കുന്ന കമല ഹാരിസ് നടത്തിയ പരാമർശം അവരുടെ പിതാവ് ഡൊണാൾഡ് ഹാരിസിനെ ചൊടിപ്പിച്ചു. കഞ്ചാവ് ഉപയോഗിക്കുന്ന ആനന്ദവാദികളായ ജമൈക്കക്കാരെക്കുറിച്ച് തെറ്റായ വാർപ്പുമാതൃക ലോകത്തിനുമുന്പിൽ അവതരിപ്പിക്കുക വഴി കമല വലിയൊരു പാതകമാണ് ചെയ്തതെന്നാണ് അച്ഛന്റെ ശകാരം. കമല ഹാരിസ് ഒരു റേഡിയോ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് കഞ്ചാവിനെ കുറിച്ച് വിവാദപരമാര്ശം നടത്തിയത്.

“നീ വൃത്തികെട്ട സ്വത്വരാഷ്ട്രീയം കളിക്കുകയാണ്, ഞങ്ങളുടെ മഹത്തായ ജമൈക്കൻ സംസ്കാരത്തെയാണ് നീ ഇന്ന് അധിക്ഷേപിച്ചത്. മണ്മറഞ്ഞ് പോയ ഞങ്ങളുടെ പിതാമഹന്മാരെയാണ് നീ അപമാനിച്ചത്. അവർ ഇപ്പോൾ അവരുടെ ശവക്കല്ലറയിൽ പോലും അസ്വസ്ഥരാകുന്നുണ്ടാകും. തമാശ പറഞ്ഞതോ അല്ലയോ, അതൊന്നും വിഷയമല്ല. നീ ചെയ്തത് വളരെ മോശമായിപ്പോയി – ജമൈക്കക്കാരനായ ഡൊണാൾഡ് ഹാരിസ് പരസ്യമായി തന്നെയാണ് മകൾക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ കഞ്ചാവ് ഉപയോഗത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ജമൈക്കയിലെ കഞ്ചാവ് ഉപയോഗത്തിനോട് തനിക്ക് എതിർപ്പൊന്നുമില്ലെന്നും അത് നിയമ വിധേയമാക്കണമെന്നാണ് തന്റെ പക്ഷം എന്നും അഭിമുഖത്തിൽ വളരെ കൂൾ ആയി കമല മറുപടി പറഞ്ഞത്. കഞ്ചാവ് വലിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പുഞ്ചിരിച്ച് കൊണ്ട് പിന്നേ, ഇപ്പോഴൊന്നുമല്ല വളരെ മുമ്പ് താൻ ഒരു രസത്തിന് വലിച്ച് നോക്കിയിട്ടുണ്ടെന്നും കമല ഹാരിസ് അതെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതൊക്കെ താൻ തമാശയ്ക്ക് പറഞ്ഞതാണെന്നുള്ള ന്യായീകരണമൊന്നും അച്ഛന്റെയടുത്ത് വിലപ്പോയില്ല. കഞ്ചാവിനെക്കുറിച്ചും പ്രത്യേകിച്ച് മഹത്തായ ജമൈക്കൻ സംസ്കാരത്തെക്കുറിച്ചും മകൾ പറഞ്ഞത് വലിയ പാതകമായിപ്പോയെന്നാണ് സ്റ്റാൻഡ്‌ഫോർഡ് പ്രൊഫസറും ജമൈക്കൻ ഗവണ്‍മെന്റ് മുന്‍ ഉപദേഷ്ടാവുമായ ഡൊണാൾഡ് ഹാരിസിന്റെ അഭിപ്രായം. കമലയുടെ അമ്മ ശ്യാമള ജി.ഹാരിസ് ഇന്ത്യക്കാരിയാണ്. തെരഞ്ഞെടുപ്പിനായി കമല ഹാരിസ് പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്ത വരുമ്പോഴാണ് കഞ്ചാവുമായി ബന്ധപ്പെട്ട പുതിയ വിവാദം.

“ഞാൻ അന്ന് ജോയിന്റാണ് വലിച്ചത്, ആളുകൾക്ക് അത് വലിക്കുമ്പോ നല്ല സന്തോഷം കിട്ടുമെന്നാണ് എനിക്ക് തോന്നുന്നത്, ഞാൻ പാതി ജമൈക്കക്കാരിയല്ലേ, ആളുകൾ തീർച്ചയായും കൂടുതൽ സന്തോഷിക്കേണ്ടതുണ്ട്,” കഞ്ചാവുവലിയെ കുറിച്ച് കമലാഹാരിസ് പറഞ്ഞ കാര്യങ്ങൾ തരംഗമാകുകയാണ്. 33 രാജ്യങ്ങളാണ് മരുന്നായി കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കിയിട്ടുള്ളത്.” മറ്റു രാജ്യങ്ങളിലും കൂടി ഇത് നടപ്പിലാക്കണമെന്നാണ് എന്റെ അഭിപ്രായം” കമല പറയുന്നു.

കൂടുതൽ വായനയ്ക്ക്: https://www.dailymail.co.uk/news/article-6725403/Kamala-Harris-Jamaican-father-slams-fraudulent-stereotype-linking-family-pot-smoking.html

Share on

മറ്റുവാര്‍ത്തകള്‍