UPDATES

വായിച്ചോ‌

12,000 കിലോമീറ്റര്‍ ഓടി: ലണ്ടനില്‍ നിന്ന് ചൈനയിലേയ്ക്ക് ആദ്യ ട്രെയിന്‍ കുതിച്ചെത്തി

പശ്ചിമ യൂറോപ്പുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചൈന മുന്‍കൈയെടുത്ത് പദ്ധതി തയ്യാറാക്കിയത്.

                       

ലണ്ടനില്‍ നിന്ന് 12,000 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഇന്ന് കീഴക്കന്‍ ചൈനയിലെ യിവുവിലേയ്ക്ക് നേരിട്ടുള്ള ആദ്യ ഗൂഡ്‌സ് ട്രെയിന്‍ എത്തിയത്. ഏപ്രില്‍ 10നാണ് ഈസ്റ്റ് വിന്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍ ലണ്ടനില്‍ നിന്ന് പുറപ്പെട്ടത്. 20 ദിവസത്തെ യാത്ര. പശ്ചിമ യൂറോപ്പുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചൈന മുന്‍കൈയെടുത്ത് പദ്ധതി തയ്യാറാക്കിയത്. വ്യോമ, ജലഗതാഗതത്തെക്കാള്‍ ചെലവ് കുറഞ്ഞതെന്ന പരിഗണനയിലാണ് ചൈനീസ് പദ്ധതി.

വിസ്‌കി, ബേബി മില്‍ക്ക്, മരുന്നുകള്‍, യന്ത്ര സാമഗ്രികള്‍ തുടങ്ങിയവയാണ് ലണ്ടനില്‍ നിന്ന് ചൈനയിലെത്തിയത്. ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, ബെലാറസ്, റഷ്യ, കസാക്കിസ്ഥാന്‍ വഴി ഏഴ് രാജ്യങ്ങള്‍ പിന്നിട്ടുള്ള യാത്ര. ഇത് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ റെയില്‍ റൂട്ടാണ്. റഷ്യയുടെ പ്രശസ്തമായ ട്രാന്‍സ് സൈബീരിയന്‍ പാതയേക്കാള്‍ ദൈര്‍ഘ്യമേറിയത്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ റെയില്‍ റൂട്ട് ചൈനയെ സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡുമായി ബന്ധിപ്പിക്കുന്നതാണ്. ഈ റെയില്‍പ്പാത 2014ല്‍ തുറന്നിരുന്നു. ഇതിനേക്കാള്‍ 1000 കിലോമീറ്റര്‍ ദൈര്‍ഘ്യം കുറവാണ് ലണ്ടന്‍ – യിവു പാതയ്ക്ക്.

കപ്പലില്‍ ചരക്ക് എത്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ എത്തിക്കാനും കഴിയും. എന്നാല്‍ 18 ദിവസമാണ് യാത്രയ്ക്ക് പ്രതീക്ഷിരുന്നതെന്നും രണ്ട് ദിവസം അധികമായെന്നും പ്രവിശ്യാ ഭരണകൂടം പറയുന്നു. ചരക്ക് കപ്പലില്‍ 10,000 മുതല്‍ 20,000 വരെ കണ്ടെയ്‌നറുകള്‍ എത്തിക്കാന്‍ കഴിയും. ട്രെയിനില്‍ 88 കണ്ടെയ്‌നര്‍ മാത്രമേ ഉള്ളൂ എന്ന വ്യത്യാസമുണ്ട്. അതേസമയം പദ്ധതിയുടെ സാമ്പത്തിക ലാഭം സംബന്ധിച്ച് പലരും ഇതിനകം സംശയം ഉന്നയിച്ചിട്ടുണ്ട്്. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ കാര്യമായി ബാധിക്കുന്നില്ല എന്നതും സ്റ്റോപ്പുകളും ട്രെയിനുകള്‍ ഉപയോഗിച്ചുള്ള ദീര്‍ഘദൂര ചരക്ക് നീക്കത്തിന്റെ ഗുണങ്ങളായി ചൈനീസ് അധികൃതര്‍ വിലയിരുത്തുന്നു.

ജര്‍മ്മനിയിലേയ്ക്കും ചൈന ട്രെയിന്‍ വഴിയുള്ള ചരക്ക് നീക്കം തുടങ്ങിയിട്ടുണ്ട്. ബീജിംഗില്‍ നിന്ന് ഹാംബര്‍ഗിലേയ്ക്കുള്ളത് ഉള്‍പ്പടെ രണ്ട് റെയില്‍പ്പാതകളാണ് ചൈനയില്‍ നിന്ന് ജര്‍മ്മനിയിലേയ്ക്ക് തുറന്നിരിക്കുന്നത്. ആഗോള വ്യാപാരത്തില്‍ 80 ശതമാനം ചരക്ക് നീക്കവും നടക്കുന്നത് കപ്പല്‍ മാര്‍ഗമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ ഉണ്ടാക്കുന്ന തടസങ്ങളുമെല്ലാം ട്രെയിന്‍ വഴിയുള്ള ചരക്ക് നീക്കത്തിന് തടസം സൃഷ്ടിക്കാറുണ്ട്.

വായനയ്ക്ക്: https://goo.gl/arWrFU

വീഡിയോ:

Share on

മറ്റുവാര്‍ത്തകള്‍