UPDATES

വായിച്ചോ‌

ലോകത്ത് മാധ്യമ സ്വാതന്ത്ര്യം നൂറ്റാണ്ടിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയില്‍

ജനാധിപത്യ രാജ്യങ്ങളിലും അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഭീഷണിയിലാണ് എന്ന് ആര്‍ട്ടിക്കിള്‍ 19ന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് ഹൂസ് പറയുന്നു.

                       

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മാധ്യമ സ്വാതന്ത്ര്യം ഏറ്റവും മോശപ്പെട്ട അവസ്ഥയിലെത്തിയതായി റിപ്പോര്‍ട്ട്. ഗവണ്‍മെന്റ് സെന്‍സര്‍ഷിപ്പ്, സംഘടിതമായ അതിക്രമങ്ങള്‍, ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയോടെയുണ്ടായ വാണിജ്യ സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിന് കാരണമാകുന്നുണ്ട് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രം പറയുന്നു. തുര്‍ക്കിയാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും മാധ്യമ സ്വാതന്ത്ര്യത്തിന്റേയും കാര്യത്തില്‍ തുര്‍ക്കിയാണ് ഏറ്റവും പിന്നില്‍. ബ്രസീല്‍, ബുറുണ്ടി, ഈജിപ്റ്റ്, പോളണ്ട്, വെനിസ്വെല, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും ഇക്കാര്യത്തില്‍ വളരെ മോശമാണ്. ആര്‍ട്ടിക്കിള്‍ 19 എന്ന കാംപെയിന്‍ ഗ്രൂപ്പും വി ഡെം എന്ന സംഘടനയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജനാധിപത്യ രാജ്യങ്ങളിലും അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഭീഷണിയിലാണ് എന്ന് ആര്‍ട്ടിക്കിള്‍ 19ന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് ഹൂസ് പറയുന്നു. 2006നും 2016നുമിടയ്ക്ക് 172 രാജ്യങ്ങളിലെ അവസ്ഥ പഠിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 32 സാമൂഹ്യ, രാഷ്ട്രീയ സൂചകങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. മാധ്യമ പക്ഷപാതങ്ങള്‍, അഴിമതി, ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ്, നിയമസഹായം, മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പീഡനങ്ങള്‍, സാമൂഹ്യ, ലിംഗ സമത്വങ്ങള്‍ തുടങ്ങിയവ പരിഗണിച്ചിരിക്കുന്നു.

മാധ്യമപ്രവര്‍ത്തകര്‍ പല വിധത്തിലുള്ള ഭീഷണികള്‍ നേരിടുന്നു. കേസുകള്‍ മുതല്‍ വധഭീഷണികള്‍ വരെ. പലരും കൊല്ലപ്പെടുന്നു. 2016ല്‍ മാത്രം മെക്‌സിക്കോയില്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വച്ച് 426 ആക്രമണങ്ങളുണ്ടായി. പൊതുവെ മാധ്യമ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുന്ന ബ്രിട്ടനാണ് ഏറ്റവും ദ്രോഹകരമായ നിരീക്ഷണ നിയമം മാധ്യമങ്ങള്‍ക്കെതിരെ കൊണ്ടുവന്നിരിക്കുന്നത് എന്ന് തോമസ് ഹൂസ് പറയുന്നു. ഇന്‍വെസ്റ്റിഗേറ്ററി പവേഴ്‌സ് ആക്ടിന്റെ പേരിലായിരുന്നു ഇത്. അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്ക് വലിയ ഭീഷണിയാകുന്ന നിയമമാണിത്.

ഇന്റര്‍നെറ്റ് മാധ്യമ സ്വാതന്ത്ര്യത്തിന് കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാക്കുകയാണ് ചെയ്യുന്നത് എന്ന റിപ്പോര്‍ട്ടിലെ നിരീക്ഷണം ശ്രദ്ധേയമാണ്. എന്നാല്‍ സുതാര്യതയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കമ്പനികള്‍ സ്ഥിതി വഷളാക്കുകയാണ്. വാര്‍ത്തകള്‍ക്ക് മേലുള്ള വാണിജ്യതാല്‍പര്യങ്ങള്‍ മാധ്യമ സ്ഥാപനങ്ങളെ ബാധിക്കുന്നു. നിക്ഷേപങ്ങള്‍ കുറയുന്നു. ചൈനയില്‍ നിരവധി വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം 259 മാധ്യമപ്രവര്‍ത്തകര്‍ ജയിലിലായി. 79 പേര്‍ കൊല്ലപ്പെട്ടു.

2000 മുതല്‍ ആഗോള മാധ്യമ സ്വാതന്ത്ര്യം കൂടുതല്‍ മോശപ്പെട്ട അവസ്ഥയിലേയ്ക്ക് നീങ്ങിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഫിലിപ്പൈന്‍സ്, മെക്‌സിക്കോ, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളില്‍ മയക്കുമരുന്നിനെതിരായ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ആക്രമണങ്ങളുണ്ട്. തുര്‍ക്കിയില്‍ എര്‍ദോഗന്‍ ഗവണ്‍മെന്റിന്റെ സ്വേച്ഛാധിപത്യ നടപടികള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ നടപടികളുണ്ട്. ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള പ്രതിപക്ഷത്തിന്റെ കണക്കനുസരിച്ച് തുര്‍ക്കിയില്‍ 152 മാധ്യമപ്രവര്‍ത്തകര്‍ ജയിലിലാണ്. എര്‍ദോഗന്‍ ഗവണ്‍മെന്റിനെതിരെ കഴിഞ്ഞ വര്‍ഷമുണ്ടായ പട്ടാള അട്ടിമറി ശ്രമത്തിന് ശേഷം 170 മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. പത്രങ്ങള്‍, ടിവി ചാനലുകള്‍, വാര്‍ത്താ ഏജന്‍സികള്‍, വെബ്‌സൈറ്റുകള്‍ തുടങ്ങിയവയെല്ലാം അടച്ചുപൂട്ടിയവയില്‍ ഉള്‍പ്പെടുന്നു. 2500 മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിട്ടു. അതേസമയം ടുണീഷ്യ, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വിവരാവകാശ നിയം നടപ്പാക്കിയ 119 രാജ്യങ്ങളെ ആര്‍ട്ടിക്കിള്‍ 19 റിപ്പോര്‍ട്ട് അഭിനന്ദിക്കുന്നു.

വായനയ്ക്ക്: https://goo.gl/Vj1UJ8

ഇതുപോലെ അപകടകരമായ മറ്റൊരു കാലം മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചുണ്ടായിട്ടില്ലെന്നാണ് കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ് (സിപിജെ) പറയുന്നത്. വ്യാജ വാര്‍ത്തകള്‍ സംബന്ധിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങള്‍ ലോക സ്വേച്ഛാധികാരികളായ നേതാക്കള്‍ക്ക് മാധ്യമങ്ങളെ അടിച്ചമര്‍ത്താന്‍ പ്രോത്സാഹനം നല്‍കുന്നതാണ് എന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. സിനായിയെ മുസ്ലീം പള്ളിയിലുള്ള ഭീകരാക്രണം റിപ്പോര്‍ട്ട് ചെയ്ത സിഎന്‍എന്നിനെ ഈജിപ്റ്റ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഇന്ത്യന്‍ മാധ്യമ ലോകത്ത് അംബാനിക്ക് എന്താണ് കാര്യം?

പരമ്പരാഗതമായി മാധ്യമ സ്വാതന്ത്ര്യത്തിന്റെ ശക്തരായ വക്താക്കളായിരുന്ന അമേരിക്ക ട്രംപിന്റെ വരവോടെ മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് സിപിജെ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോബര്‍ട്ട് മഹോണി പറയുന്നു. പുതിയ കോര്‍പ്പറേറ്റ് ഹൗസുകള്‍ 21ാം നൂറ്റാണ്ടില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് വലിയ ഭീഷണി ആയിക്കൊണ്ടിരിക്കുകയാണ് എന്ന് ബിബിസി വേള്‍ഡ് സര്‍വീസ് തലവന്‍ ഫ്രാന്‍സെസ്‌ക അണ്‍സ്‌വര്‍ത്ത് പറയുന്നു. സാമ്പത്തിക വികസനത്തിന്റെ ഭാഗമായി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രബുദ്ധ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലോകമല്ല ഇപ്പോഴുള്ളത്. ചൈന, വിയറ്റ്‌നാം ഏഷ്യന്‍ രാജ്യങ്ങളില്‍ വലിയ സാമ്പത്തിക വികസനം കാര്യമായി സംഭവിക്കുന്നു. എന്നാല്‍ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്ക് ഈ രാജ്യങ്ങള്‍ വലിയ വില കല്‍പ്പിക്കുന്നില്ല. ഈ പുതിയ സാമ്പത്തിക ശക്തികളാണ് ലോകത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ പോകുന്നത് എന്ന പ്രശ്‌നമുണ്ടെന്നും ഫ്രാന്‍സെസ്‌ക നിരീക്ഷിക്കുന്നു. ആഫ്രിക്കയിലും കരീബിയന്‍ മേഖലയിലും ചൈന സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. അടിസ്ഥാനസൗകര്യ വികസന പ്രശ്‌നങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പുറമെ പ്രാദേശിക മാധ്യമങ്ങളിലും ചൈന നിക്ഷേപം നടത്തുന്നു.

ബിബിസിയുടെ പേര്‍ഷ്യന്‍ സര്‍വീസുമായി ബന്ധപ്പെട്ട് ഇറാനിലെ ബിബിസി വേള്‍ഡ് ജേണലിസ്റ്റുകള്‍ വലിയ സമ്മര്‍ദ്ദം അനുഭവിക്കുന്നു. ഇറാനിയന്‍ ഗവണ്‍മെന്റ് 152 ബിബിസി പേര്‍ഷ്യന്‍ മാധ്യമപ്രവര്‍ത്തകരുടേയും നേരത്തെ ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നവരുടേയും സ്വത്ത് മരവിപ്പിച്ചിരുന്നു. വസ്തുവില്‍പ്പനയടക്കം ഇവരുടെ എല്ലാ സാമ്പത്തിക ഇടപാടുകളും തടയുകയും ചെയ്തു. ബിബിസി ജീവനക്കാരുടെ കുടുംബാംഗങ്ങളേയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുണ്ട്. ഇറാനിയന്‍ ഗവണ്‍മെന്റിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കെതിരെ ബിബിസി ഐക്യരാഷ്ട്ര സംഘടനയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍