UPDATES

വായിച്ചോ‌

“ഇത് ആര്‍ക്കും സംഭവിക്കാം, ഒരിക്കല്‍ ലോകത്തെ ഏറ്റവും വേഗതയുള്ള മനുഷ്യനായിരുന്ന വ്യക്തിക്ക് പോലും”: സ്‌ട്രോക്കിനെക്കുറിച്ച് മൈക്കള്‍ ജോണ്‍സണ്‍

“ഇത് ആര്‍ക്കും സംഭവിക്കാം. ഒരിക്കല്‍ ലോകത്തെ ഏറ്റവും വേഗതയുള്ള മനുഷ്യനായിരുന്ന വ്യക്തിക്ക് പോലും”.

                       

1990കളില്‍ ലോകത്തെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ യുഎസിന്റെ മൈക്കള്‍ ജോണ്‍സണ്‍ ആയിരുന്നു. 200 മീറ്ററിലും 400 മീറ്ററിലുമെല്ലാം. 1996ലെ അറ്റ്‌ലാന്റ ഒളിംപിക്‌സിലെ ഏറ്റവും ശ്രദ്ധയരായ താരം. 200 മീറ്ററിലും 400 മീറ്ററിലും മൈക്കള്‍ ജോണ്‍സണ്‍ സ്വര്‍ണം നേടി. പക്ഷാഘാതം ബാധിച്ച് തളര്‍ന്ന യുഎസ് ഇതിഹാസ സ്പ്രിന്റര്‍ മൈക്കള്‍ ജോണ്‍സണ്‍ തന്റെ അസാധാരണമായ അനുഭവം ദ ഗാര്‍ഡിയനുമായി പങ്കുവയ്ക്കുകയാണ്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ വീട്ടിലെ ജിമ്മിലുള്ള പതിവ് വര്‍ക്ക് ഔട്ടിനിടെയാണ് അത് സംഭവിച്ചത്. തളര്‍ച്ച തോന്നിയ ഉടന്‍ ഭാര്യ ആര്‍മൈനിനെ വിളിച്ചു. നാല് തവണ ഒളിംപിക് ചാമ്പ്യനായിട്ടുള്ള താരത്തിന് 50 വയസ് മാത്രമാണ് അപ്പോള്‍. ഇത് ആര്‍ക്കും സംഭവിക്കാം. ഒരിക്കല്‍ ലോകത്തെ ഏറ്റവും വേഗതയുള്ള മനുഷ്യനായിരുന്ന വ്യക്തിക്ക് പോലും. സ്‌ട്രോക്ക് ബാധിക്കുന്ന പലരും തുടര്‍ന്നുള്ള ജീവിതം മുഴുവന്‍ തങ്ങള്‍ ശരീരം തളര്‍ന്ന അവസ്ഥയില്‍ ജീവിക്കേണ്ടി വന്നേക്കാം എന്നൊന്നും ആലോചിക്കാറില്ല. പ്രത്യേകിച്ച് വേദനയൊന്നും അനുഭവപ്പെടാത്ത അവസ്ഥയാണ് ഏറ്റവും ഭീകരം എന്ന് മൈക്കള്‍ ജോണ്‍സണ്‍ പറയുന്നു.

സ്‌ട്രോക്ക് വന്ന് അര മണിക്കൂറോളം സമയം എന്താണ് സംഭവിച്ചത് എന്ന് മനസിലാകാതെ ഇരുന്നു. പിന്നീട് ഭാര്യയോടൊപ്പം ആശുപത്രിയിലേയ്ക്ക് പോയി. സാന്റ മോണിക്കയിലെ യുസിഎല്‍എ മെഡിക്കല്‍ സെന്ററില്‍. ആദ്യം സിടി സ്‌കാന്‍, പിന്നെ എംആര്‍ഐ സ്‌കാന്‍. സ്‌ട്രോക് ആണ് എന്ന് ഡോക്ടര്‍. കിടക്കയില്‍ നിന്നെഴുന്നേറ്റ് എംആര്‍ഐ സ്‌കാനിനുള്ള ബെഡില്‍ പോയി കിടക്കാന്‍ മൈക്കള്‍ ജോണ്‍സണ്‍ കഴിഞ്ഞിരുന്നു. എന്നാല്‍ അര മണിക്കൂര്‍ നേരമെടുത്ത എംആര്‍ഐ സ്‌കാനിന് ശേഷം നടക്കാന്‍ കഴിയാത്ത അവസ്ഥയിലായി ജോണ്‍സണ്‍. നില്‍ക്കാന്‍ വയ്യ, ഇടതുകാലില്‍ യാതൊന്നും എടുക്കാന്‍ വയ്യ.

ഒരു കാലത്ത് ട്രാക്കിലെ സൂപ്പര്‍മാന്‍ ആയിരുന്ന മൈക്കള്‍ ജോണ്‍സണ് ആണ് ഈ അവസ്ഥ വന്നത്. ഒരുപാട് ചോദ്യങ്ങള്‍ ജോണ്‍സണ്‍ സ്വയം ചോദിച്ചുതുടങ്ങി. തനിക്ക് ഇനി കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ കഴിയുമോ, സ്‌ട്രോക്കില്‍ നിന്ന് മുക്തനാകാന്‍ കഴിയുമോ – ജോണ്‍സണ്‍ ഇങ്ങനെ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങി. ഡോക്ടര്‍മാരുടേയും മെഡിക്കല്‍ സംഘത്തിന്റേയും മറുപടികളില്‍ അദ്ദേഹം തൃപ്തനായില്ല. എല്ലാ കാര്യങ്ങളും ശരിയായി ചെയ്തിട്ടും ആരോഗ്യത്തോടെ ഇരുന്നിട്ടും എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു – ജോണ്‍സണ്‍ ചോദിച്ചു. ജോണ്‍സണ് വലിയ ദേഷ്യം തോന്നി. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ജോണ്‍സണ്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടു. പിന്നെയുള്ളത് നിശ്ചയദാര്‍ഢ്യത്തിന്റേയും പോരാട്ടത്തിന്റേയും ജീവിത തുടര്‍ച്ച തന്നെ.

വായനയ്ക്ക്:
https://www.theguardian.com/lifeandstyle/2019/may/06/sprinter-michael-johnson-on-recovering-from-a-stroke-i-did-feel-like-why-did-this-happen-to-me?CMP=Share_AndroidApp_WhatsApp

Share on

മറ്റുവാര്‍ത്തകള്‍