യാത്രക്കാരോടുള്ള പെരുമാറ്റത്തില്‍ അടുത്ത കാലത്തായി സ്ഥിരം വിവാദം ക്ഷണിച്ച് വരുത്തുന്ന യുണൈറ്റെഡ് എയര്‍ലൈന്‍സ് വീണ്ടും കുരുക്കില്‍. ഇത്തവണ തങ്ങളുടെ വിവാഹ ചടങ്ങിനായി പോയ കമിതാക്കളെ ബലം പ്രയോഗിച്ച് പുറത്താക്കിയെന്നതാണ് യുണൈറ്റെഡ് എയര്‍ലൈന്‍സിനെതിരെയുള്ള പരാതി. സീറ്റുകളിലെ ക്ലാസ് തര്‍ക്കമാണ് കമിതാക്കളായ മൈക്കല്‍ ഹോളിനെയും ആംബര്‍ മാക്‌സ്‌വെല്ലിനെയും വിമാന ജീവനക്കാര്‍ പുറത്താക്കിയതിന് കാരണമായി കമ്പിനി പറയുന്നത്.
കോസ്റ്റാറിക്കയില്‍ വച്ച് വിവാഹം കഴിക്കുന്നതിനായി ഹ്യൂസ്റ്റണില്‍ നിന്ന് വിമാനത്തില്‍ കയറിയതായിരുന്നു മൈക്കല്‍ ഹോളും കാമുകി ആംബര്‍ മാക്‌സ്‌വെല്ലും. എന്നാല്‍ എക്കോണമി ക്ലാസില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്ത ഇവര്‍ അനുവാദമില്ലാതെ ഉയര്‍ന്ന ക്ലാസില്‍ ചെന്നിരിക്കുകയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ കൂട്ടാക്കാത്തിനെ തുടര്‍ന്നുമാണ് ഇവരെ ബലം പ്രയോഗിച്ച് പുറത്താക്കിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.
മൈക്കളും ആംബറും പറയുന്നത് തങ്ങളുടെ എക്കോണമി ക്ലാസ് സീറ്റില്‍ ഒരു യാത്രക്കാരന്‍ ഉറങ്ങുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഒഴിഞ്ഞ സീറ്റുകള്‍ അനുവദിക്കണമെന്നും അതിന് കൂടുതല്‍ പണം നല്‍കാമെന്നും അറിയിക്കുകയായിരുന്നുവെന്നാണ്. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തുവെന്ന യുണൈറ്റെഡ് എയര്‍ലൈന്‍സിന്റെ വാദം ശരിയല്ലെന്നും കമിതാക്കള്‍ വ്യക്തമാക്കി.
കഴിഞ്ഞാഴ്ച യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് വിയ്റ്റ്‌നാം വംശജനായ 69-കാരനായ ഡോക്ടര്‍ ഡേവിഡ് ഡാവുനെ വലിച്ചിഴച്ച് പുറത്താക്കിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യാത്രക്കാര്‍ അധികമെന്ന കാരണമായിരുന്നു ഇതിന് അധികൃതര്‍ വിശദീകരണം നല്‍കിയത്. ഇതിനെ തുടര്‍ന്ന് എയര്‍ലൈന്‍സിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു.
കൂടുതല്‍ വായനയ്ക്ക്- https://goo.gl/kfyf6O