UPDATES

വായിച്ചോ‌

ബോൾഷെവിക്കുകളെ ‘നരച്ച വൃത്തികെട്ട മനുഷ്യർ’ എന്നു വിളിച്ച വ്ലാദിമിർ നബക്കോവിന്റെ അഭയാര്‍ത്ഥി ജീവിതത്തിന് 100 വര്‍ഷം

ഒക്ടോബർ വിപ്ലവത്തിന് ശേഷം 1919ല്‍ റഷ്യയിൽ നിന്ന് പലായനം ചെയ്ത വ്ലാദിമിർ കുടുംബം പിന്നീട് ജർമനിയിൽ എത്തപ്പെട്ടു.

                       

ജീവിതാന്ത്യം വരെ ലിബറലുകൾ ആയിരുന്ന വ്ലാഡിമർ കുടുംബം ബോൾഷെവിക്കുകളെ ഭയന്ന് റഷ്യയിൽ നിന്നും ക്രിമീൻ പെനിൻസുലയിലേക്ക് പലായനം ചെയ്യാനായി നടത്തിയ ഭയാനകമായ യാത്രയെക്കുറിച്ച് വ്ലാദിമിർ നബക്കോവ് തന്നെ പിന്നീട് എഴുതിയിട്ടുണ്ട്. സുഖലോലുപതയിൽ ജീവിച്ചിരുന്ന നബക്കോവ് കുടുംബം യാത്രയ്ക്കിടയിൽ പല ദിവസവും പട്ടിണികിടക്കേണ്ടി വന്നു. പട്ടി ബിസ്‌ക്കറ്റുകൾ മാത്രം കഴിച്ച് ജീവൻ നിലനിർത്തേണ്ടി വന്നു. പട്ടുമെത്ത ഉപേക്ഷിച്ച് ബെഞ്ചിലോ വെറും തറയിലോ അന്തി ഉറങ്ങേണ്ടി വന്നു. ഇനിയെന്താകും തങ്ങളുടെ ഭാവി എന്നറിയാതെ വ്ലാദിമിർ കുടുംബം റഷ്യയിൽ നിന്നും ആ ഭീകരമായ കപ്പൽ യാത്ര നടത്തിയിട്ട് ഒരു നൂറ്റാണ്ട് തികയുകയാണ്. നബക്കോവിന്റെ പലായനങ്ങളും അഭയാർത്ഥി ജീവിതവും ആരംഭിക്കുന്നത് അവിടെ നിന്നാണ്.

ബോൾഷെവിക്കുകളുടെ നിത്യ വിമര്‍ശകനായിരുന്നു നബക്കോവിന്റെ അച്ഛൻ വ്ലാദിമിർ ഡിമിട്രെവിച്ച്. ഒക്ടോബർ വിപ്ലവത്തിന് ശേഷം 1919ല്‍ റഷ്യയിൽ നിന്ന് പലായനം ചെയ്ത വ്ലാദിമിർ കുടുംബം പിന്നീട് ജർമനിയിൽ എത്തപ്പെട്ടു. ജർമ്മനിയിൽ തന്റെ ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം നബക്കോവ് പിന്നീട് ബെർലിനിലേക്ക് പോയി അവിടെ സ്ഥിരതാമസമാക്കി. അക്കാലയളവിലാണ് നബക്കോവിന്റെ അച്ഛനെ ഒരാൾ ആളുമാറി വെടിവെയ്ക്കുന്നത്. ഇത് തന്റെ  ജീവതത്തിൽ പലമാറ്റങ്ങളും വരുത്തിയ ഭീതിദമായ ഒരേടായിരുന്നുവെന്ന് നബക്കോവ് തന്നെ പലപ്പോഴും എഴുതിയിട്ടുണ്ട്. ആളുമാറി വെടിയേറ്റുള്ള മരണം അദ്ദേഹത്തിന്റെ നോവലുകളിലും കഥകളിലും പലപ്പോഴും ആവർത്തിച്ച് കാണാറുള്ളതിന്റെ കാരണം  അച്ഛന്റെ മരണം ഉണ്ടാക്കിയ ആഘാതം തന്നെയാണ്.

ബെർലിൻ നാളുകളിലാണ് നബക്കോവ് വേരാ സ്ലോമിൻ എന്ന പെൺകുട്ടിയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. നബക്കോവിന്റെ പലായനങ്ങൾ അവിടെ കൊണ്ടും അവസാനിച്ചില്ല. ബെർലിനിൽ നിന്നും നബക്കോവും വേരയും അമേരിക്കയിലേക്ക് കുടിയേറി. അവിടെ ഇരുവരും പല ജോലികളും നോക്കി. നബക്കോവിന് തന്റെ വേരുറപ്പിക്കാൻ കഴിഞ്ഞില്ല. സ്വിറ്റ്സർലാൻഡ് കുടിയേറ്റമായിരുന്നു അവസാനത്തേത്. ഒടുവിൽ സ്വിറ്റ്സർലണ്ടിൽ ഒരു പുതുജീവിതം കെട്ടിപ്പെടുത്തുവരുന്നതിനിടയിൽ ആ അഭയാർത്ഥി ജീവിതം പൊലിഞ്ഞുപോകുകയായിരുന്നു.

ഒക്ടോബർ വിപ്ലവത്തെ അത്യന്തം വെറുത്തിരുന്ന, ബോൾഷെവിക്കുകളെ ‘നരച്ച വൃത്തികെട്ട മനുഷ്യർ’ എന്ന് വിശേഷിപ്പിച്ച വ്ലാദിമിർ നബക്കോവിനെ ‘ലോലിത’ എന്ന കോളിളക്കമുണ്ടാക്കിയ നോവലിന്റെ പേരിലാണ് ലോകം അറിയുന്നത്. ലോലിതയെന്ന ചെറിയ പെൺകുട്ടിയോട് മുതിർന്ന ഒരാൾക്ക് തോന്നുന്ന ലൈംഗികാസക്തിയുടെ കഥയായിരുന്നു ആ ചെറു നോവൽ. നോവലിന്റെ കലാമൂല്യം പിന്നീടാണ് ലോകം തിരിച്ചറിഞ്ഞത്. മോഡേൺ ലൈബ്രറിയുടെ 100 മികച്ച നോവലുകളിൽ ഇന്ന് വ്ലാഡിമിര്‍ നബക്കോവിന്റെ ലോലിതയുമുണ്ട്.

കൂടുതൽ വായനയ്ക്ക്: https://www.nytimes.com/2019/04/02/opinion/vladimir-nabokov-literary-refugee.html#click=https://t.co/C7rLDbc9bq

Share on

മറ്റുവാര്‍ത്തകള്‍