February 19, 2025 |
Share on

“അവന്‍ അര്‍ജന്റീനക്കാരനാണ്, തീരെ അച്ചടക്കമില്ല”, എന്നെ പോലെ സ്വതന്ത്രന്‍: പോപ്പ് ഫ്രാന്‍സിസ്

അവന്റെ അച്ചടക്കമില്ലായ്മയാല്‍ സ്വതന്ത്രനാണ്. സദസില്‍ നിന്ന് കൂട്ടച്ചിരിയും നിറഞ്ഞ കയ്യടികളുമുയര്‍ന്നു. പോപ്പും ചിരിച്ചു.

വത്തിക്കാനില്‍ പോപ്പ് ഫ്രാന്‍സിസ് വേദിയില്‍ കസേരയിലിരുന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയാണ്. ഒരു മുതിര്‍ന്ന പുരോഹിതന്‍ സമീപത്ത് ഇരിക്കുന്നുണ്ട്. ആ സമയത്താണ് പോപ്പിനെ തെല്ലും വക വയ്ക്കാതെ ഒരു വിരുതന്‍ അവിടേയ്ക്ക് കയറിച്ചെന്നത്. പരമ്പരാഗത വേഷത്തില്‍ കുന്തവും പിടിച്ച് നിവര്‍ന്നുനില്‍ക്കുന്ന ഗാര്‍ഡിന്റെ കൈയില്‍ ഒന്ന് പിടിച്ചുനോക്കി. ഭടന് ചിരി വരുന്നുണ്ടെങ്കിലും അയാള്‍ അത് അടക്കിപ്പിടിച്ചു. പുരോഹിതനും ചിരിക്കുന്നുണ്ട്. ഓടിയെത്തിയ അനുജത്തി, ജേഷ്ഠനെ തിരിച്ചുകൊണ്ടുപോകാനായി കയ്യില്‍ പിടിച്ചു വലിച്ചു. രക്ഷയില്ല. ഇവരുടെ അമ്മയുമെത്തി എടുത്തുകൊണ്ടുപോകാന്‍ നോക്കി. പയ്യന്‍ വഴങ്ങുന്നില്ല. പോപ്പ് ചിരിച്ചുകൊണ്ട് പുരോഹിതനോട് പറഞ്ഞു. അവന്‍ അര്‍ജന്റീനക്കാരനാണ്, തീരെ അച്ചടക്കമില്ല. പോപ്പ് ഫ്രാന്‍സിസും അര്‍ജന്റീനക്കാരനാണ്.

തുടര്‍ന്ന് പോപ്പ് ഇങ്ങനെ പ്രസംഗിച്ചു – ആ കുട്ടിക്ക് സംസാരശേഷിയില്ല. എന്നാല്‍ അവന് എങ്ങനെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തണമെന്നും സ്വന്തം വികാര-വിചാരങ്ങള്‍ പ്രകടിപ്പിക്കണമെന്നും അറിയാം. അവന്‍ എന്നെ ചിന്തിപ്പിക്കുന്നു. അവന്‍ സ്വതന്ത്രനാണ്. അവന്റെ അച്ചടക്കമില്ലായ്മയാല്‍ സ്വതന്ത്രനാണ്. സദസില്‍ നിന്ന് കൂട്ടച്ചിരിയും നിറഞ്ഞ കയ്യടികളുമുയര്‍ന്നു. പോപ്പും ചിരിച്ചു. അവന്‍ എന്നെക്കുറിച്ച് തന്നെ ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഞാന്‍ ദൈവത്തിന് മുന്നില്‍ സ്വതന്ത്രനാണോ? യേശു ക്രിസ്തു പറഞ്ഞത് നമ്മള്‍ കുട്ടികളെ പോലെയാകണം എന്നാണ്. ഒരു കുട്ടിക്ക് പിതാവിന് മുന്നിലുള്ളത് പോലുള്ള സ്വാതന്ത്ര്യം ദൈവത്തിന് മുന്നില്‍ നമുക്കോരോര്‍ത്തര്‍ക്കും വേണം എന്നാണ് അവന്‍ നമ്മോട് പറഞ്ഞത്. ആ കുട്ടിക്ക് സംസാരശേഷി ലഭിക്കാനുള്ള അനുഗ്രഹമുണ്ടാകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം – പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു.

×