UPDATES

വിദേശം

വധശിക്ഷ: കമ്മ്യൂണിസ്റ്റ് ചൈന മറ്റ് രാജ്യങ്ങളേക്കാള്‍ ബഹുദൂരം മുന്നില്‍

വധശിക്ഷകള്‍ കുറയ്ക്കുന്നതായും ജുഡീഷ്യല്‍ നടപടികളില്‍ സുതാര്യത വരുത്തുന്നതായും ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുണ്ടാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

                       

ലോകത്ത് ഏറ്റവുമധികം വധശിക്ഷ നടപ്പാക്കുന്ന രാജ്യം ചൈനയാണ്. മറ്റ് രാജ്യങ്ങളിലെല്ലാമായി നടപ്പാക്കുന്നതില്‍ അധികം വധശിക്ഷകളാണ് കഴിഞ്ഞ വര്‍ഷം ചൈന നടപ്പാക്കിയതെന്നാണ് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നത്. ഇന്ന് പുറത്തിറക്കിയ ഗ്ലോബല്‍ റിവ്യൂവിലാണ് ആംനസ്റ്റി ഇക്കാര്യം പറയുന്നത്. ലോകത്താകെ വധശിക്ഷകളില്‍ വലിയ കുറവ് വരുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് ചൈനയില്‍ ഞെട്ടിപ്പിക്കുന്ന രീതിയില്‍ അത് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. വധശിക്ഷകള്‍ കുറയ്ക്കുന്നതായും ജുഡീഷ്യല്‍ നടപടികളില്‍ സുതാര്യത വരുത്തുന്നതായും ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുണ്ടാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

2016ല്‍ മറ്റ് രാജ്യങ്ങളെല്ലാം ചേര്‍ന്ന് നടപ്പാക്കിയത് 1,032 വധശിക്ഷകളാണ്. 2015ലേക്കാള്‍ 37 ശതമാനം കുറവ് വന്നിട്ടുണ്ട്. ഈ വധശിക്ഷകളില്‍ 87 ശതമാനവും നാല് രാജ്യങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. ഇറാന്‍, സൗദി അറേബ്യ, ഇറാഖ്, പാകിസ്ഥാന്‍ എന്നിവ. അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം 20 വധശിക്ഷകള്‍ നടപ്പാക്കി. ചൈനയിലെ വധശിക്ഷകളുടെ കൃത്യമായ കണക്ക് ലഭ്യമല്ല. 2014-2016 കാലത്ത് 931 വധശിക്ഷകളുടെ റിപ്പോര്‍ട്ടുകളാണ് ചൈനയില്‍ പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ 85 എണ്ണം മാത്രമേ ഔദ്യോഗിക രേഖകളിലുള്ളൂ എന്ന് ആംനസ്റ്റി പറയുന്നു. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൈനീസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂ ക്വിയാങ് അവകാശപ്പെട്ടത് 10 വര്‍ഷമായി വധശിക്ഷകള്‍ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു.

2011ല്‍ 13 സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നിര്‍ത്തലാക്കുന്നതായി ചൈന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും അഴിമതിയുടെ പേരില്‍ ചൈന നടപ്പാക്കുന്ന വധശിക്ഷകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. 2014ല്‍ ആയുധക്കടത്തിനും കള്ളനോട്ട് കടത്തിനും ആണവ സാമഗ്രികള്‍ കടത്തുന്നതിനും മറ്റും ചൈന വധശിക്ഷ റദ്ദാക്കിയിരുന്നു. അവയവ മാറ്റത്തിനായി ചൈന കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്നതായി ആരോപണം ഉയര്‍ന്നതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളില്‍ നിന്ന് അവയവങ്ങള്‍ സ്വീകരിക്കുന്നത് 2015ല്‍ ചൈന നിരോധിച്ചു.

Share on

മറ്റുവാര്‍ത്തകള്‍