UPDATES

വിദേശം

ഐ എസ് ചാരമാക്കിയ മൊസൂള്‍ ലൈബ്രറിക്ക് ജീവന്‍ പകര്‍ന്ന് അജ്ഞാത ബ്ലോഗര്‍

മൊസുളിന്റെ സാംസ്‌കാരിക പൈതൃക സ്മാരകങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി സര്‍വകലാശാല ലൈബ്രറിയും പുനര്‍നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്.

                       

2014 ജൂണില്‍ ഇറാഖിലെ മൊസൂള്‍ സര്‍വകലാശാല പിടിച്ചെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അവിടെയുണ്ടായിരുന്ന കയ്യെഴുത്ത് പ്രതികളുടെ വലിയൊരു ശേഖരം നശിപ്പിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസത്തോടും ചരിത്രപൈതൃകത്തോടും സംസ്‌കാരത്തോടുമുള്ള അസഹിഷ്ണുത കാട്ടുകയായിരുന്നു അവര്‍. ഇപ്പോള്‍ മൊസുളിന്റെ സാംസ്‌കാരിക പൈതൃക സ്മാരകങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി സര്‍വകലാശാല ലൈബ്രറിയും പുനര്‍നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ലൈബ്രറികളില്‍ ഒന്നായിരുന്നു ഇത്.

അജ്ഞാതനായ ഒരു ബ്ലോഗറാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഐഎസിന്റെ നിയന്ത്രണത്തിലുള്ള മൊസൂളിലെ ജീവിതത്തെ കുറിച്ചെഴുതി ശ്രദ്ധേയനായ വ്യക്തിയാണ് ബ്ലോഗര്‍. സ്വയം ഒരു ചരിത്രകാരനായി വിശേഷിപ്പിക്കുന്ന ഇദ്ദേഹം ബുക്കുകള്‍ക്കും മറ്റുമായി സംഭാവനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ അപൂര്‍വങ്ങളായ കയ്യെഴുത്ത് പ്രതികളും രേഖകളുമാണ് ഇവിടെയുണ്ടായിരുന്നത്. ഐഎസ് ഭീകരര്‍ ഒരു ലക്ഷത്തോളം കയ്യെഴുത്ത് പ്രതികള്‍ നശിപ്പിച്ചതായാണ് കരുതുന്നത്. മതനിന്ദാപരമെന്ന് ആരോപിച്ചായിരുന്നു ഐഎസിന്റെ നടപടി. ഫെബ്രുവരിയില്‍ തുടങ്ങിയ ഓണ്‍ലൈന്‍ കാമ്പെയിന് മറുപടിയായി 400 ബുക്കുകള്‍ എത്തിയിട്ടുണ്ട്. അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമായി ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉടന്‍ എത്തിയേക്കും. ഫ്രാന്‍സിലെ മാഴ്‌സേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 20 ടണ്‍ വരുന്ന പുസ്തകങ്ങള്‍ അയച്ച് തരാമെന്ന് പറഞ്ഞിട്ടുണ്ട്. രണ്ട് ലക്ഷ പുസ്തകങ്ങളാണ് പ്രതീക്ഷിക്കുന്നത്.

ഇത് മറ്റ് സാംസ്‌കാരിക ലോകങ്ങളുമായി മൊസൂളിനെ ബന്ധിപ്പിക്കുന്ന പരിപാടിയാകുമെന്ന് ബ്ലോഗര്‍ അഭിപ്രായപ്പെടുന്നു. ഇറാഖിലെ പല നഗരങ്ങളില്‍ നിന്നും ഈ ഉദ്യമത്തിന് അനുകൂല പ്രതികരണം വരുന്നുണ്ട്. എന്നാല്‍ മറ്റ് അറബ് രാജ്യങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. പണമായുള്ള സംഭാവനകള്‍ കാര്യമായൊന്നും ഇതുവരെ വന്നിട്ടില്ല. ജോര്‍ദാനില്‍ താമസിക്കുന്ന ഒരു ഇറാഖി വനിത പണം എത്തിച്ചിരുന്നു. ആഭ്യന്തരയുദ്ധം തുടരുന്ന ഇറാഖിലേയ്ക്ക് പുസ്തകങ്ങള്‍ എത്തിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. മൊസൂള്‍ മുഴുവനായും ഐഎസിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ചതിന് ശേഷം ലൈബ്രറിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ഇറാഖ് സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്. പൈതൃകനഗരമായിരുന്ന പാല്‍മിറയിലെ ഐഎസിന്റെ നശീകരണ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്. പ്രശസ്തമായ ടെമ്പിള്‍ ഓഫ് ബാല്‍ ഷമിന്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ 2015ലല്‍ വന്നിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍