UPDATES

വിപണി/സാമ്പത്തികം

ഏറ്റവും കൂടുതല്‍ ബാങ്ക് ശാഖകളുള്ള രാജ്യമെന്ന ബഹുമതി നേടാനൊരുങ്ങി ഇന്ത്യ; ചുക്കാന്‍ പിടിച്ച് ഇന്ത്യാ പോസ്റ്റ്

രാജ്യത്ത് 650 ശാഖകള്‍ തുടങ്ങി പ്രവര്‍ത്തനം വിപുലീകരിക്കുകയാണ് ഐപിപിബി. കേരളത്തില്‍ 14 ശാഖകള്‍ ഉണ്ടാകും.

                       

അടിമുടി സ്മാര്‍ട്ടാവുകയാണ് ഇന്ത്യ പോസ്റ്റ്. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും വലിയ ബാങ്കിംഗ് ശൃഖലയാകാനൊരുങ്ങുകയാണ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐപിപിബി). രാജ്യത്ത് 650 ശാഖകള്‍ തുടങ്ങി പ്രവര്‍ത്തനം വിപുലീകരിക്കുകയാണ് ഐപിപിബി. കേരളത്തില്‍ 14 ശാഖകള്‍ ഉണ്ടാകും. ഡിസംബര്‍ അവസാനത്തോടെ 1,55,000 പോസ്റ്റ് ഓഫീസുകളിലേക്ക് ഐപിപിബി പ്രവര്‍ത്തനം വിപുലീകരിക്കും. നിലവില്‍ 1,40,000 ബാങ്ക് ശാഖകളാണ് ഐപിപിബിക്ക് നിലവിലുള്ളത്. ഇത് 2,95,000 ആകും. നൂറു ശതമാനം സാമ്പത്തിക സാക്ഷര കൈവരിക്കുന്നതിനോടൊപ്പം ഏറ്റവും കൂടുതല്‍ ബാങ്ക് ശാഖകളുള്ള രാജ്യമെന്ന ബഹുമതിയും ഐപിപിബി ലക്ഷ്യം കൈവരിക്കുന്നതോടെ ഇന്ത്യക്ക് ലഭിക്കും.

കൗണ്ടര്‍ സേവനങ്ങള്‍, ഡിജിറ്റല്‍ സേവനങ്ങള്‍, മൊബൈല്‍ ആപ് തുടങ്ങി ഉപഭോക്താവിന്റെ സൗകര്യാര്‍ഥമുള്ള സേവനങ്ങള്‍ ബാങ്ക് ഉറപ്പു വരുത്തും. അക്കൗണ്ട് ഉടമകള്‍ക്ക് ലഭ്യമാക്കുന്ന ക്യുആര്‍കാര്‍ഡ് (ക്വിക്ക് റെസ്‌പോണ്‍സ് കാര്‍ഡ്) പോസ്റ്റ് ബാങ്കിന്റെ പ്രത്യേകതയാണ്. അക്കൗണ്ട് നമ്പറോ രഹസ്യ കോഡോ ഒന്നും നല്‍കാതെ ഇടപാടുകള്‍ നടത്താന്‍ ഈ സംവിധാനം സഹായിക്കും. ബയോ മെട്രിക് കാര്‍ഡായതിനാല്‍ കാര്‍ഡ് നഷ്ടപ്പെട്ടാലും അതാത് അക്കൗണ്ടിലെ പണം സുരക്ഷിതമായിരിക്കും.

തിരുവനന്തപുരം, കൊല്ലം, റാന്നി, ആലപ്പുഴ, കട്ടപ്പന, കോട്ടയം, ഇടപ്പളളി, തൃശൂര്‍, പാലക്കാട്, പെരിന്തല്‍മണ്ണ, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍, ഉപ്പള, എന്നിവിടങ്ങളില്‍ ബാങ്ക് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നു. ഈ ശാഖകള്‍ക്കു പുറമേ സംസ്ഥാനത്തെ 74 ഓഫീസുകള്‍ ആക്‌സസ് പോയിന്‍റുകളായിരിക്കും.

Share on

മറ്റുവാര്‍ത്തകള്‍