നിലം തുടച്ച് വൃത്തിയാക്കുന്ന പ്രധാനമന്ത്രിമാരെ സങ്കല്‍പ്പിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. എന്നാല്‍, ഇക്കാര്യത്തില്‍ യാതൊരു മടിയുമില്ലാത്തയാളാണ് താന്‍ എന്നാണ് ഡച്ച് (നെതര്‍ലാന്റ്‌സ്) പ്രധാനമന്ത്രി മാര്‍ക്ക് റട്ടെ കാണിക്കുന്നത്. തന്റെ കയ്യില്‍ നിന്ന് നിലത്ത് വീണ കാപ്പി തുടച്ച് വൃത്തിയാക്കിയാണ് ഡച്ച് പ്രധാനമന്ത്രി മാതൃകയായത്. റട്ടെയുടെ എളിമയെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. പാര്‍ലമെന്റിലെ സുരക്ഷാഗേറ്റിനടുത്ത് വച്ചാണ് പ്രധാനമന്ത്രിയുടെ കയ്യിലെ കാപ്പിക്കപ്പ് നിലത്തുവീണത്.
കാപ്പി തുടച്ചുവൃത്തിയാക്കാന്‍ പാര്‍ലമെന്റിലെ ജോലിക്കാര്‍ ഓടിയെത്തി. പക്ഷേ, റട്ടെ അവരെ കാത്തുനില്‍ക്കാതെ കാപ്പിക്കപ്പ് എടുത്തു. കാപ്പി വീണ നിലം തുണി ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്തു. സമീപമുണ്ടായിരുന്ന ആരോ അതിന്റെ വിഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ പ്രവൃത്തിയില്‍ ആദ്യം അമ്പരക്കുകയും പിന്നെ സന്തോഷിക്കുകയും ചെയ്യുന്ന ജീവനക്കാരേയും ദൃശ്യത്തില്‍ കാണാം. അതേസമയം, പ്രധാനമന്ത്രി ഇത് പ്രശസ്തിക്ക് വേണ്ടി ചെയ്യുന്നതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.