April 17, 2025 |
Share on

ഇപ്പോള്‍ ഉള്ള ട്രെയിന്‍ നേരാംവണ്ണം ഓടിക്കാന്‍ നോക്കൂ, എന്നിട്ടാകാം ബുള്ളറ്റ് ട്രെയിന്‍: മോദിയോട് ബിജെപി നേതാവ്

പിയൂഷ് ഗോയല്‍ജീ, മോദിജീ, ദൈവത്തെ ഓര്‍ത്ത് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഒഴിവാക്കൂ. സാധാരണക്കാരോട് അല്‍പ്പം അനുകമ്പ കാട്ടൂ.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുംബയ് – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ പഞ്ചാബ് മുന്‍ മന്ത്രിയായ ബിജെപി നേതാവ്. ബുള്ളറ്റ് ട്രെയിനെല്ലാം മറന്നേക്കൂ. ഇപ്പോള്‍ നിലവിലുള്ള ട്രെയിനുകള്‍ മര്യാദയ്ക്ക് ഓടിക്കാന്‍ നോക്കൂ – അമൃത്സറിന് ബിജെപി നേതാവ് ലക്ഷ്മി കാന്ത ചൗള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കുന്ന ഉപദേശമാണ്. സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ലക്ഷ്മിയുടെ ട്രെയിന്‍ വീഡിയോ. സരയു-യമുന ട്രെയിനില്‍ 10 മണിക്കൂറിലധികം കുടുങ്ങിയ തന്റെ ദുരനുഭവമാണ് ഇതേ ട്രെയിനില്‍ വച്ച് വീഡിയോയില്‍ ലക്ഷി ചൗള പങ്കുവയ്ക്കുന്നത്.

ഈ ട്രെയിന്‍ ഒരിക്കല്‍ അറിയപ്പെട്ടിരുന്നത് ഫ്‌ളയിംഗ് മെയില്‍ എന്നാണ്. ഈ ട്രെയിന്‍ പറന്നിരുന്ന ഒരു കാലം എനിക്ക് ഓര്‍മ്മയില്ല. 32 മണിക്കൂറായിട്ടും എത്തേണ്ടിടത്ത് എത്തിയിട്ടില്ല. ഒമ്പത് മണിക്കൂര്‍ വൈകിയോടുകയാണ് ഈ ട്രെയിന്‍. പ്രധാനമന്ത്രി മോദിയോടും സര്‍ക്കാരിനോടും എനിക്ക് പറയാനുള്ളത് സാധാരണക്കാരോട് അല്‍പ്പം അനുകമ്പ കാട്ടണമെന്നാണ്. അത്രയ്ക്ക് പരിതാപകരമാണ് ട്രെയിനുകളുടെ അവസ്ഥ – ഡോറുകള്‍ തകര്‍ന്നിരിക്കുന്നു. ടോയ്‌ലറ്റിലെ പൈപ്പുകള്‍ തകര്‍ന്നിരിക്കുന്നു. ടോയ്‌ലറ്റില്‍ ഇരിക്കാനുള്ള ഭാഗം തകര്‍ന്നിരിക്കുന്നു. ട്രെയിനിന്റെ റൂട്ട് തന്നെ മാറി. ഇത് സംബന്ധിച്ച് യാതൊരു വിവരവും യാത്രക്കാര്‍ക്ക് നല്‍കിയില്ല. ഭക്ഷണമില്ല.

പിയൂഷ് ഗോയല്‍ജീ, മോദിജീ, ദൈവത്തെ ഓര്‍ത്ത് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഒഴിവാക്കൂ. റെയില്‍വേ സ്റ്റേഷനുകളുടെ അവസ്ഥയും പരിതാപകരമാണ്. വെയ്റ്റിംഗ് റൂമുകളില്ല്. തണുപ്പത്ത് പ്ലാറ്റ്‌ഫോമില്‍ ഇരിക്കേണ്ടി വരുകയാണ്. ഹെല്‍പ്പ്‌ലൈനില്‍ വിളിച്ചുനോക്കിയിട്ട് ഒരു കാര്യവുമില്ല. പിയൂഷ് ഗോയലിന് താന്‍ മെയില്‍ അയച്ചിരുന്നതായും ലക്ഷ്മി ചൗള പറയുന്നു. ഇതുവരെ നടപടിയൊന്നുമുണ്ടായില്ല.

https://www.azhimukham.com/india-bullet-train-project-economically-not-viable-departments-objects/

Leave a Reply

Your email address will not be published. Required fields are marked *

×