UPDATES

ട്രെന്‍ഡിങ്ങ്

തെറ്റുപറ്റി; പരാജയത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് കെജ്രിവാള്‍

ആംആദ്മിയുടെ തെരഞ്ഞെടുപ്പ് നയം ചരിത്രപരമായ വിഡ്ഢിത്തമായിരുന്നെന്ന് പാര്‍ട്ടിയ്ക്കകത്തു നിന്നും തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു

                       

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ നയരൂപീകരണത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വിമര്‍ശനങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നുവെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാജയത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളും.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കെജ്രിവാള്‍ തുറന്നുപറച്ചില്‍ നടത്തിയത്. ‘ഒഴിവുകഴിവുകള്‍ പറഞ്ഞാല്‍ പരാജയം ഒഴിവാകുകയില്ല, തീര്‍ച്ചയായും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകും. പാര്‍ട്ടിയുടെ അടിത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ആത്മപരിശോധനയ്ക്കുള്ള സമയമാണിത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ തന്നെ മുന്നോട്ട് വരണമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക് അര്‍ഹിക്കുന്നത് അവര്‍ക്ക് നല്‍കേണ്ടതുണ്ട്. അതില്‍ ഒരു കുറവും വരരുതെന്നും കെജ്രിവാള്‍ പറഞ്ഞു.

 

ആംആദ്മിയുടെ തെരഞ്ഞെടുപ്പ് നയം ചരിത്രപരമായ വിഡ്ഢിത്തമായിരുന്നെന്ന് പാര്‍ട്ടിയ്ക്കകത്തു നിന്നും തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ബിജെപിയ്ക്ക് വന്‍വിജയം സമ്മാനിച്ചത് മോദി തരംഗമല്ലെന്നും വോട്ടിംഗ് മെഷീന്‍ തരംഗമാണെന്നും ആംആദ്മി നേതാക്കള്‍ തോല്‍വിയെ ന്യായീകരിച്ചത് വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

രാജ്യം ഏറെ ആകാംക്ഷയോടെ നോക്കിയിരുന്ന തെരഞ്ഞെടുപ്പായിരുന്നു ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേത്. തെരഞ്ഞെടുപ്പില്‍ 181 സീറ്റ് നേടി ബിജെപി ഭരണം നിലനിര്‍ത്തുകയും ചെയ്തു. ഡല്‍ഹി ഭരിക്കുന്ന ആംആദ്മിക്ക് 48 സീറ്റ് നേടി രണ്ടാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് വിജയിച്ച 48 ആംആദ്മി പ്രതിനിധികളുടെ യോഗം കെജ്രിവാള്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്തിരുന്നു. തന്റെ പാര്‍ട്ടിയെ വഞ്ചിക്കില്ലെന്ന് ദൈവം സാക്ഷിയാക്കി കെജ്രിവാള്‍ ഇവരെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചു.

Share on

മറ്റുവാര്‍ത്തകള്‍