അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന താന്‍ പട്ടിണിയാണെന്നും പലപ്പോഴും മോശം ഭക്ഷണമാണ് കിട്ടുന്നതെന്നും സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ച ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. കശ്മിരിലെ അതിര്‍ത്തി സുരക്ഷാ ബെറ്റാലിയനിലെ ജവാനായ യാദവ് ഇതുസംബന്ധിച്ച വീഡിയോയുള്‍പ്പെടെയാണ് വിവരം ഫേസ്ബുക്കിലൂടെ പങ്ക് വച്ചത്.
പലദിവസങ്ങളിലും അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നത് വിശന്ന വയറുമായാണെന്നും പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും മേലുദ്യോഗസ്ഥരോടുള്ള മോശം പെരുമാറ്റത്തിന്റെയും അച്ചടക്ക ലംഘനത്തിന്റെയും മദ്യപാനത്തിന്റെയും പേരില്‍ നിരവധി തവണ അച്ചടക്ക നടപടിക്ക് വിധേയനായ ആളാണ് യാദവ് എന്നാണ് ബിഎസ്എഫ് ഇതിന് വിശദീകരണം നല്‍കിയത്.
അതേസമയം ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് ശേഷം യാദവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന ആരോപണവുമായി ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ഭാര്യ ശര്‍മ്മിള രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹം എവിടെയാണെന്നോ എങ്ങനെയാണെന്നോ അറിയില്ലെന്നാണ് ശര്‍മ്മിള പറയുന്നത്. അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ മോശക്കാരനായും മനോരോഗിയായും ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ബിഎസ്എഫ് നടത്തുന്നത്. കൂടാതെ ഭ്രാന്തായിരുന്നെങ്കില്‍ എന്തുകൊണ്ട് യാദവിനെ അതിര്‍ത്തിയില്‍ ജോലിക്ക് നിയോഗിച്ചുവെന്നും ശര്‍മ്മിള ചോദിക്കുന്നു.
ഓരോ പട്ടാളക്കാര്‍ക്കും വേണ്ടി വാദിച്ച യാദവിനെ സത്യാവസ്ഥ അന്വേഷിക്കാതെ കുറ്റക്കാരനാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. തേജിന്റെ മകന്‍ രോഹിതും അച്ഛന്റെ ആവശ്യം ന്യായമായിരുന്നെന്നാണ് പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും യാദവ് സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തണമെന്നും തങ്ങളുമായി സംസാരിക്കാന്‍ അവസരമുണ്ടാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
തങ്ങളുടെ ദുരിതാവസ്ഥയില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ അഴിമതിയാണ് തങ്ങളുടെ മോശപ്പെട്ട അവസ്ഥയ്ക്ക് കാരണമെന്നും യാദവ് പറഞ്ഞിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നുമാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇതേക്കുറിച്ച് പ്രതികരിച്ചത്.