കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ ഇംഗ്ലണ്ടിലെ ചാള്‍സ് രാജകുമാരന് പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു തലവേദനയാകുമെന്ന് ഉറപ്പായി. വൈറ്റ് ഹൗസില്‍ ട്രംപിന്റെ വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും ഇത് സംബന്ധിച്ച് രാജകുമാരന് വ്യക്തമായ സന്ദേശം ലഭിച്ചു കഴിഞ്ഞു.
ജൂണില്‍ ട്രംപ് നടത്തുന്ന ഇംഗ്ലണ്ട് സന്ദര്‍ശനത്തിനിടെ അദ്ദേഹത്തോട് പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത് ഫലപ്രദമായിരിക്കില്ലെന്നാണ് രാജകുമാരന് ലഭിച്ച സന്ദേശം. കൂടിക്കാഴ്ചയ്ക്കിടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചോ മറ്റോ സംസാരിച്ചാല്‍ പ്രസിഡന്റ് പൊട്ടിത്തെറിക്കുമെന്നാണ് വൈറ്റ്ഹൗസ് ചാള്‍സ് രാജകുമാരന് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം ഒരു തട്ടിപ്പാണെന്നാണ് ട്രംപ് പറയുന്നത്. അദ്ദേഹം അധികാരത്തിലേറിയ ഉടന്‍ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെല്ലാം തന്നെ വൈറ്റ് ഹൗസ് വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിരുന്നു. അതേസമയം ‘പടിവാതിലില്‍ എത്തിനില്‍ക്കുന്ന ചെന്നായ’ എന്നാണ് ചാള്‍സ് രാജകുമാരന്‍ കാലാവസ്ഥാ വ്യതിയാനത്തെ വിശേഷിപ്പിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് ആരുമായും സംസാരിക്കുന്നത് ട്രംപിന് ഇഷ്ടമല്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ട്രംപിന്റെ കുടിയേറ്റ നിരോധന കരാറില്‍ പ്രക്ഷോബ്ധരായ ബ്രിട്ടീഷ് ജനത ട്രംപിന് സന്ദര്‍ശനാനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്. മൂന്ന് ദിവസത്തിനകം ഇരുപത് ലക്ഷത്തോളം പേരാണ് ട്രംപിന് സന്ദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെടുന്ന അപേക്ഷയില്‍ ഒപ്പുവച്ചിരിക്കുന്നത്.