ചൊവ്വാഴ്ച്ച തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരാളുടെ പേര് എടുത്ത് പറഞ്ഞു വികാരാധീതനായിരുന്നു. മോദിയുടെ കണ്ണ് നിറച്ച ആ വ്യക്തി വി. രമേഷ് ആയിരുന്നു. ഓഡിറ്റര്‍ രമേഷ് എന്ന് തമിഴ്‌നാട്ടില്‍ അറിയപ്പെട്ടിരുന്ന ബിജെപി നേതാവ്. രമേഷ് ഇന്ന് ഈ ലോകത്തില്ല, 2013 ല്‍ അയാള്‍ കൊല്ലപ്പെട്ടു.
‘ ഇന്ന് ഞാന്‍ സേലത്തുണ്ട്, ഞാനിപ്പോള്‍ ഓഡിറ്റര്‍ രമേഷിനെ ഓര്‍ക്കുന്നു. ഇന്ന് എന്റെ രമേഷ് ഇവിടെയില്ല. രാവും പകലുമില്ലാതെ ഈ പാര്‍ട്ടിക്കു വേണ്ടി രമേഷ് പ്രവര്‍ത്തിച്ചു. സ്വയം സമര്‍പ്പിതനായ നേതാവായിരുന്നു രമേഷ്. അദ്ദേഹം മികച്ചൊരു വാഗ്മിയും അതുപോലെ കഠിനാദ്ധ്വാനിയുമായിരുന്നു, ഞാനദ്ദേഹത്തിന് ആദരഞ്ജലി അര്‍പ്പിക്കുന്നു”- രമേഷിനെ അനുസ്മരിച്ചുള്ള മോദിയുടെ വാക്കുകള്‍.
ആരായിരുന്നു ഓഡിറ്റര്‍ രമേഷ്?
തമിഴ്‌നാട്ടിലെ ബിജെപിയുടെ അറിയപ്പെടുന്ന മുഖമായിരുന്നു രമേഷ്. കടുത്ത ഹിന്ദുത്വവാദി. രണ്ട് തവണ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്.
2013 ജൂലൈ 19 നാണ് 53 മത്തെ വയസില്‍ രമേഷ് കൊല്ലപ്പെടുന്നത്. സേലത്തുള്ള മറവനേറി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ വച്ചായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. പാര്‍ട്ടി യോഗം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ ഉടനെയായിരുന്നു ആക്രമണം. കാത്തുനിന്നിരുന്ന കൊലയാളികള്‍ രമേഷ് വീട്ടിലെത്തിയ ഉടനെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയിലും കഴുത്തിലുമായി ഏറ്റ മാരകമായ മുറിവുകള്‍ രമേഷിന്റെ ജീവനെടുത്തു.
ആരായിരുന്നു കൊലയാളികള്‍?
പൊലീസ് അന്വേഷണത്തിനൊടുവില്‍ ബിലാല്‍ മാലിക്ക്, ‘ പൊലീസ്’ ഫക്രുദ്ദീന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. 2011 മാര്‍ച്ചില്‍ മധുരയില്‍ നടന്ന പൈപ്പ് ബോംബ് ആക്രമണത്തിലെയും ഹിന്ദുത്വ നേതാക്കന്മാര്‍ക്കെതിരായ ആക്രമണത്തിലുമൊക്കെ പ്രതികളായിരുന്നു മാലിക്കും ഫക്രുദ്ദീനും. ക്രൈം ബ്രാഞ്ച് സി ഐ ഡി സംഘമാണ് ഫക്രുദ്ദീനെ അറസ്റ്റ് ചെയ്തത്. മാലിക്കിനെയും മറ്റൊരു പ്രതിയെയും ആന്ധ്രപ്രദേശിന് അടുത്തുള്ള പുത്തൂരില്‍ നിന്നാണ് പിടികൂടിയത്. 12 മണിക്കൂര്‍ നീണ്ട വെടിവയ്പ്പിനുശേഷമായിരുന്നു മാലിക്കിനെ കീഴടക്കിയത്. ഈ കേസ് പിന്നീട് തമിഴ്‌നാട് പൊലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍(എസ് ഐ ഡി) ഏറ്റെടുത്തു.
രമേഷിന്റെ കൊലപാതകത്തിനുശേഷം
ഓഡിറ്റര്‍ രമേഷിന്റെ കൊലപാതകം ഹിന്ദുത്വ സംഘങ്ങളും ബിജെപിയും വലിയ പ്രക്ഷോഭത്തിനുള്ള അവസരമാക്കി. തമിഴ്‌നാട്ടില്‍ അവര്‍ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. പൊലീസിനും സര്‍ക്കാരിനുമെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തി. രമേഷിന്റെ ജീവന് ഭീഷണിയുണ്ടെന്ന വിവരം സംസ്ഥാന ഇന്റലിജന്‍സിന് കിട്ടിയിട്ടും അവര്‍ ഒന്നും ചെയ്തില്ലെന്നായിരുന്നു ആരോപണം. രമേഷിന് പലതവണയായി വധിഭീഷണി ഉണ്ടാവുകയും കൊലപാതകത്തിനു ദിവസങ്ങള്‍ക്ക് മുമ്പ് അയാളുടെ കാര്‍ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു.
ബിജെപിയുടെ പ്രതിഷേധത്തിനു നേരെ പൊലീസ് അതിക്രൂരമായ അക്രമം അഴിച്ചുവിട്ടുവെന്ന ആരോപണവും പാര്‍ട്ടിക്കുണ്ടായിരുന്നു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് മെംബറായ ബി.രാജേശ്വരിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നത് വലിയ ആരോപണമായിരുന്നു. കൂടാതെ, ജില്ല എക്‌സിക്യൂട്ടീവ് അംഗം കെ മുരുഗമണി ഹൃദയാഘാതം വന്നു മരിച്ചതും പൊലീസിനെതിരെയുള്ള കുറ്റമാക്കി മാറ്റി.
ഓഡിറ്റര്‍ രമേഷിന്റെ കൊലപാതകം ദേശീയശ്രദ്ധയാകര്‍ഷിച്ചു. ബിജെപി ദേശീയതലത്തില്‍ തന്നെ ഈ കേസ് ചര്‍ച്ചയാക്കി. തമിഴ്‌നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുകയാണെന്ന ആഖ്യാനം അവര്‍ പ്രചരിപ്പിച്ചു. തമിഴ്‌നാട്ടില്‍ ഹിന്ദുത്വ നേതാക്കള്‍ക്കെതിരായ അക്രമങ്ങള്‍ പതിവാണെന്നും ആരോപിച്ചു.
മോദിയുടെ ദുഖം
രമേഷ് കൊല്ലപ്പെടുന്ന സമയത്ത് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അന്ന് രമേഷിന്റെ കുടുംബത്തെ ഫോണില്‍ വിളിച്ച് മോദി അനുശോചനം അറിയിച്ചിരുന്നു. അതേവര്‍ഷം തന്നെ ട്രിച്ചിയില്‍ നടന്നൊരു പരിപാടിയില്‍ പങ്കെടുത്ത മോദി, അന്നത്തെ മുഖ്യമന്ത്രി ജയലളിതയെ വേദിയിലിരുത്തി രമേഷിന്റെ കൊലപാതകത്തില്‍ അന്വേഷണം ഇഴയുന്നതിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു.
നീളുന്ന വിചാരണ
കേസില്‍ ഇന്നും വിചാരണ പൂര്‍ത്തിയായിട്ടില്ല. പലതവണകളായി കേസ് മാറ്റിവച്ചുകൊണ്ടിരിക്കുകയാണ്. ഒടുവില്‍, ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയും 2023 ഫെബ്രുവരി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. അറസ്റ്റിലായ പ്രതികള്‍ ഇപ്പോഴും ജയിലിലാണ്. രമേഷിന്റെ കൊലപാതകത്തിനു പുറമെ നിരവധി കുറ്റകൃത്യങ്ങള്‍ അവരുടെ പേരിലുള്ളതാണ് ജയില്‍വാസം നീണ്ടു പോകാന്‍ കാരണം.