UPDATES

വിദേശം

ഈ ചിത്രം നിങ്ങള്‍ വിദ്വേഷപ്രചരണത്തിന് ഉപയോഗിച്ചോളൂ; പക്ഷേ ആ ഫോട്ടോഗ്രാഫര്‍ പറയുന്നതുകൂടി കേള്‍ക്കൂ

ഭീകരവാദത്തോട് മുസ്ലിമുകള്‍ക്കുള്ള മനോഭവമാണ് ഈ ചിത്രം വ്യക്തമാക്കുന്നതെന്നാണു സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള ഇസ്ലാം വിരുദ്ധര്‍ പ്രചരിപ്പിക്കുന്നത്‌

                       

ബ്രിട്ടീഷ് പര്‍ലമെന്റിനു സമീപം ഉണ്ടായ ആക്രമണത്തിനു പിന്നാലെയുള്ള  ചിത്രങ്ങള്‍ക്കിടയില്‍ നിന്നുള്ള ഒരു ചിത്രം വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നുണ്ട്. ആന്റി-ഇസ്ലാമിക് ഗ്രൂപ്പുകളാണ് ഈ ചിത്രം’ ആഘോഷിക്കുന്നത്. ഇന്ത്യയില്‍ സംഘപരിവാര്‍ ഗ്രൂപ്പുകളും ഇതേ ചിത്രം തങ്ങളുടെ വര്‍ഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നുണ്ട്.

ഇസ്ലാമിന്റെ യഥാര്‍ത്ഥ മുഖം ഇതാണെന്ന തരത്തില്‍ പ്രചരിക്കുന്ന ആ ചിത്രം വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിലായി ആക്രമണത്തില്‍ പരിക്കേറ്റ് കിടക്കുന്ന ഒരു യുവാവും അദ്ദേഹത്തിന്റെ അടുക്കല്‍ ദുഖാര്‍ത്തരായിരിക്കുന്നവരെയും ഇവര്‍ക്കു സമീപം തന്റെ ഫോണില്‍ നോക്കി നടന്നുപോകുന്ന ഹിജാബ് ധരിച്ച ഒരു സ്ത്രീയും ഉള്‍പ്പെടുന്നതാണ്. പരിക്കേറ്റു കിടക്കുന്നവനെയോ അയാളെ രക്ഷിക്കാന്‍ശ്രമിക്കുന്നവരെയോ ശ്രദ്ധിക്കാതെ തന്റെ ഫോണില്‍ മാത്രം നോക്കി നടന്നുപോകുന്ന ആ മുസ്ലിം സ്ത്രീ ഇസ്ലാം എങ്ങനെയാണു ഭീകരാക്രമണങ്ങളെ കാണുന്നതെന്നതിന് ഉദ്ദാഹരണം ആയാണ് മുസ്ലിം വിരുദ്ധ സംഘങ്ങളും ഇന്ത്യയിലെ സംഘപരിവാറും പ്രചരിപ്പിച്ചത്.

ടിം യോങ് എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യകാരന്‍ ഈ ചിത്രം ട്വീറ്റ് ചെയ്തതിനൊപ്പം ഇങ്ങനെയെഴുതി; യുകെ പാര്‍ലമെന്റ് അറ്റാക്കിനുശേഷം പകര്‍ത്തിയ ചിത്രമാണിത്. ഒരു മുസ്ലിം യുവതി ഭീകരാക്രമണത്തിന്റെ ഒരു ഇരയെ അല്‍പംപോലും ശ്രദ്ധിക്കാതെ തന്റെ ഫോണ്‍ പരിശോധിച്ചുകൊണ്ടു കടന്നുപോകുന്നു. യോങിന്റെ ഈ ട്വീറ്റ് രണ്ടായിരത്തിലധികം പേരാണു റീട്വീറ്റ് ചെയ്തത്. കണ്‍സര്‍വേറ്റീവ് എംപി തോബിയസ് എല്‍വുഡ് പറയുന്നത് ഈ ചിത്രം മുസ്ലിമിനും ക്രിസ്ത്യാനിക്കും ഇടയിലെ വ്യത്യാസം എന്താണെന്നു വ്യക്തമാക്കുന്നുവെന്നാണ്.
അമേരിക്കയിലെ ട്രംപ് അനുകൂലികളും ഈ ചിത്രം അവരുടെ മുസ്ലിം വിദ്വേഷം ശരിയായ നിലപാടാണെന്നു കാണിക്കാന്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. കേരളത്തിലും ഈ ചിത്രത്തിനു സംഘപരിവാറുകാര്‍ വ്യാപകപ്രചാരണം നല്‍കുന്നുണ്ട്. ഐ എസ് അടക്കമുള്ള സംഘങ്ങള്‍ നടത്തുന്ന ഭീകരാക്രമണങ്ങളെ ലോകത്തെല്ലായിടത്തമുള്ള മുസ്ലിങ്ങള്‍ അംഗീകരിക്കുകയും ഇരകളാകുന്നവരെ ഹൃദയശൂന്യമായി അവഗണിക്കുകയുമാണെന്ന് ഈ ചിത്രം മുന്‍ നിര്‍ത്തി ഇന്ത്യയിലെ സംഘപരിവാര്‍ ആരോപിക്കുന്നു.

വാസ്തവത്തില്‍ ഈ ചിത്രത്തിലെ ഹിജാബ് ധരിച്ച സ്ത്രീ ഭീകരാക്രമണത്തെ അനുകൂലിക്കുന്നവളോ ഇരകളോട് സഹതാപം ഇല്ലാത്തവളോ ആണോ? ഈ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രഫര്‍ ജെമി ലോറിമാന്‍ പറയുന്നത് ഒരിക്കലും അവര്‍ അങ്ങനെയുള്ള ഒരു സ്ത്രീ അല്ലെന്നു തന്നെയാണ്. എന്റെ കാമറയില്‍ തുടരെ പതിഞ്ഞ ചിത്രങ്ങളില്‍ ഒന്നുമാത്രമാണത്. നിര്‍ഭാഗ്യവശാല്‍ പലരും ആ ഒരു ചിത്രം മാത്രമെടുത്ത് അവരുടെതായ താത്പര്യത്തില്‍ പ്രചരിപ്പിക്കുകയാണ്-ഓസ്‌ട്രേലിയന്‍ ബ്രോഡ് കാസ്റ്റിനോടായി ലോറിമാന്‍ പറയുന്നു. അവരുടെ മുഖത്തെ ഭാവങ്ങള്‍ എന്താണെന്നു മറ്റു ചിത്രങ്ങളില്‍ വ്യക്തമാണ്. അവര്‍ തീര്‍ച്ചയായും വ്യഗ്രമനസ്‌കയായ ഒരു സ്ത്രീയായിരുന്നു. ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന ചിത്രത്തില്‍ ഉള്‍പ്പെടെ അവരുടെ മുഖംഭാവം ശ്രദ്ധിക്കണം, അതില്‍ അവഗണനയല്ല, മറിച്ച് അവരുടെ ദുഃഖമാണ് കാണാനാവുക. തീര്‍ച്ചയായും ആ ചിത്രം പ്രചരിപ്പിക്കപ്പെടുന്ന് തെറ്റായ വ്യാഖ്യാനത്തിലൂടെയാണ്; ലോറിമാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ലോറിമാന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാണ് കൂടുതലും. മുസ്ലിം യുവതി നടന്നുപോകുന്നതേ എല്ലാവരും ശ്രദ്ധിച്ചുള്ളൂ, അതില്‍ തന്നെ ഒരു പുരുഷന്‍ ആ ഇരയെ ശ്രദ്ധിക്കാതെ നില്‍ക്കുന്നുണ്ട്, അതാരും കണ്ടില്ലെന്നാണോ? ഒരു ട്വീറ്റ് ഇപ്രകാരമാണ്.

ആ സ്ത്രീ ഫോണില്‍ നോക്കി പോകുന്നതിനെ പരിഹസിക്കുന്നവര്‍ എന്തുകൊണ്ട്, അവര്‍ തന്റെ കുടുംബംഗങ്ങളെയോ സുഹൃത്തുക്കളെയോ വിളിക്കാനോ അവരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാനോ ശ്രമിക്കുന്നതായിക്കൂടെ എന്നു ചിന്തിക്കാന്‍ തോന്നുന്നില്ല?

ആ സ്ത്രീയുടെ മുഖം കണ്ടാല്‍ തന്നെ അറിയാം അവര്‍ തീര്‍ത്തും ആകുലയാണെന്ന്. പക്ഷേ പ്രചരിക്കുന്നത് തെറ്റായ രീതിയിലും- മറ്റൊരാള്‍ ട്വീറ്റ് ചെയ്യുന്നു. കൊലയാളിയോടുള്ള അതേ വെറുപ്പിലാണ് പലരും ഹിജാബ് ധരിച്ച ആ സ്ത്രീയോടും പലരും കാണിക്കുന്നത്- മറ്റൊരാള്‍ പറയുന്നു.

യുകെ പാര്‍ലമെന്റ് അറ്റാക്ക് നടക്കുന്ന സമയം തന്നെ അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ് ജെമി ലോറിമാന്‍. അദ്ദേഹം തന്നെ വീണ്ടും ഉറപ്പിച്ചു പറയുകയാണ്, ആ സ്ത്രീ തീര്‍ത്തും ദുഖാര്‍ത്തയായിരുന്നുവെന്ന്. രണ്ടു ചിത്രങ്ങളിലാണ് അവര്‍ പതിഞ്ഞിരിക്കുന്നത്. അതില്‍ രണ്ടിലും അവരുടെ വിഷമം വ്യക്തമാണ്. ഭീകരമായ ഒരന്തരീക്ഷത്തിന്റെ നടുവില്‍പെട്ടുപോയ ഒരു സ്ത്രീയണവര്‍. അവര്‍ ആകെ ഭയന്നുപോയിരുന്നു. എങ്ങനെയെങ്കിലും ആ അന്തരീക്ഷത്തില്‍ നിന്നും പുറത്തുകടക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നു. എല്ലാവരോടും തന്നെ പാലത്തില്‍ നിന്നും കടന്നുപോകാന്‍ പൊലീസ് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആ സ്ത്രീയും പൊലീസിന്റെ ആവശ്യപ്രകാരം എത്രയും വേഗം ആ സ്ഥലത്തു നിന്നും പോകാന്‍ തിടുക്കം കാണിച്ചിരിക്കാം- ദി ഗാര്‍ഡിയനോടായി ലോറിമാന്‍ പറയുന്നു.

നിങ്ങള്‍ അവിടെയില്ലായിരുന്നു, നിങ്ങള്‍ അവിടെ നടക്കുന്നതൊന്നും കണ്ടുമില്ല, ആ സ്ത്രീയുടെ മനസില്‍ എന്തായിരുന്നു ആ സമയയത്തെന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് യാതൊരു ഊഹവുമില്ല, എന്നിട്ടും ഇത്ര നിസാരമായി അവര്‍ ഒന്നും ശ്രദ്ധിക്കാതെ തന്റെ ഫോണില്‍ കളിച്ചു നടന്നുപോയി എന്നു പറയാന്‍ നിങ്ങള്‍ക്കു കഴിയുന്നതെന്തുകൊണ്ടാണ്? ലോറിമാന്റെ ചോദ്യമാണ്.
എനിക്കിപ്പോള്‍ കുറ്റബോധം തോന്നുകയാണ്, എന്റെ കാമറ അവരെ മോശമായ ഒരു സാഹചര്യത്തിന്റെ നടുവില്‍ കൊണ്ടുചെന്നു നിര്‍ത്തിയെന്നോര്‍ത്ത്. പക്ഷേ ഞാന്‍ ഉറപ്പിച്ചു പറയുന്നു, ആ സ്ത്രീയുടെ മനസ് എന്താണെന്നറിയാതെയാണ് അവരെ കുറ്റപ്പെടുത്തുന്നത്.

പക്ഷേ ഇസ്ലാം വിരുദ്ധര്‍(ലോകത്താകമാനുള്ളവര്‍) ഈ നിലപാടുകളൊന്നും അംഗീകരിക്കുന്നില്ല. അവര്‍ തങ്ങളുടെ നുണപ്രചരണവും കുറ്റപ്പെടുത്തലും തുടരുകയാണ്. ഈ ചിത്രവും ഹിജാബ് ധരിച്ച സ്ത്രീയും ഇസ്ലാമിനെയും തീവ്രവാദത്തെയും കൂട്ടിക്കെട്ടാനുള്ള മറ്റൊരു ചരടായി അവര്‍ ഉപയോഗിച്ചുകൊണ്ടേയിരിക്കും…

Share on

മറ്റുവാര്‍ത്തകള്‍