UPDATES

വിദേശം

സമരം ചെയ്ത കാരണത്തിന് 27 ഫാക്ടറികളില്‍ നിന്നായി പിരിച്ചുവിട്ടത് 7500ലധികം സ്ത്രീകളെ: പുറത്തുവരുന്നത് ചാരിറ്റിയുടെ പേരിലുള്ള ചൂഷണം

മണിക്കൂറിൽ 35 പെന്നി മാത്രം കൂലിയ്ക്ക് പണിയെടുക്കേണ്ടി വന്നിരുന്ന ഈ സ്ത്രീകൾക്കും അവരുടെ മുതലാളിമാരിൽ നിന്ന് കടുത്ത മാനസിക പീഡനം അനുഭവിക്കേണ്ടി വന്നിരുന്നു

                       

പതിനാറ് മണിക്കൂറുകളൊക്കെ എല്ലു മുറിയെ പണിയെടുക്കേണ്ടി വരും, അതും മണിക്കൂറിന് വെറും 42  പെന്നി കൂലിയ്ക്ക്. ഈ സമയമത്രയും ഉന്നതഉദ്യോഗസ്ഥരുടെയും സൂപ്പർവൈസറുടെയും ആട്ടും തുപ്പും അസഭ്യവും സഹിക്കണം. അത്യധികം  മനുഷ്യത്വ വിരുദ്ധമായ ഈ തൊഴിൽ സാഹചര്യങ്ങളെ ചോദ്യം ചെയ്താലോ, മുതലാളിയുടെ വാക്കിന് മറുത്തൊരു അക്ഷരം മിണ്ടിയാലോ മർദ്ദനം പോലും നേരിടേണ്ടി വരും. “ഇനി മേലാൽ ഇത്തരം സംസാരങ്ങളുണ്ടായാൽ കൊന്ന്, കയ്യും കാലും വെട്ടി കാർഡ് ബോർഡ് പെട്ടിക്കകത്താക്കി വെക്കും” എന്നൊക്കെയാണ് കടുത്ത സ്വരത്തിൽ ഭീഷണി, ഗതികെട്ട് സമരം ചെയ്താലോ ജീവിക്കാൻ വേറെ നിവർത്തിയില്ലാതെ ഇവരെ ജോലിയിൽ നിന്ന് പിരിച്ച് വിടും, മറ്റ് പ്രതികാര നടപടികൾ പുറകെ വരും.. ബംഗ്ലാദേശിലെ ടീ ഷർട്ട് ഫാക്ടറികളിൽ പണിയെടുക്കുന്ന അതിദരിദ്രയായ സ്ത്രീകളുടെ അവസ്ഥകൾ ഇതൊക്കെയാണ്. പക്ഷെ അവരുണ്ടാക്കുന്ന ടീഷർട്ടുകളുടെ പേരും, അവ നിർമ്മിക്കാനുള്ള കാരണവുമൊക്കെയാണ് വിരോധാഭാസം. ആഫ്രിക്കൻ രാജ്യങ്ങളിലെ ദരിദ്രരായ കുട്ടികൾക്ക് പുസ്തകങ്ങൾ വാങ്ങിക്കാനുള്ള ഫണ്ട് സമാഹരണത്തിനായുള്ള “ഗേൾസ് പവർ” ടീ ഷർട്ടുകൾ നിർമ്മിക്കാനാണ് ഈ പാവപ്പെട്ട സ്ത്രീകളെ അവിടുത്തെ മുതലാളിമാർ രാപ്പകൽ പീഡിപ്പിക്കുന്നത്.

ബംഗ്ലാദേശിൽ ഇത് ആദ്യത്തെ സംഭവമല്ല. ലിംഗനീതിയുടെ സന്ദേശം പ്രചരിപ്പിക്കാനായി തയ്യാറാക്കുന്ന സ്‌പൈസ് ഗേൾസ് സീരീസിലുള്ള ടീഷർട്ടുകൾ നിർമ്മിക്കുന്ന സ്ത്രീകളുടെ അവസ്ഥയും അത്യധികം പരിതാപകരമാണെന്ന് മുൻപ് തന്നെ റിപ്പോർട്ടുകൾ വന്നതാണ്. മണിക്കൂറിൽ 35 പെന്നി മാത്രം കൂലിയ്ക്ക് പണിയെടുക്കേണ്ടി വന്നിരുന്ന ഈ സ്ത്രീകൾക്കും അവരുടെ മുതലാളിമാരിൽ നിന്ന് കടുത്ത മാനസിക പീഡനം അനുഭവിക്കേണ്ടി വന്നിരുന്നു. കാര്യങ്ങൾക്ക് പയ്യെ ദൃശ്യത കിട്ടിത്തുടങ്ങിയപ്പോഴാണ് മിണ്ടാതെ സഹിച്ച് പൊറുതിമുട്ടിയ ഈ സ്ത്രീകൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ തുറന്നു പറയാനും സമരം ചെയ്യാനും ധൈര്യം കിട്ടിയത്. ഈ സ്ത്രീകൾ ഭൂരിഭാഗവും പൊതു നിരത്തിലേക്കിറങ്ങി സമരം ചെയ്യാൻ തയ്യാറായി. പക്ഷെ അവരുടെ മുതലാളിമാർ വെറുതെയിരുന്നില്ല. കഷ്ടപ്പെട്ട് പണിയെടുക്കുന്നതിനനുസരിച്ച് കൂലി കൂട്ടി തരണമെന്ന ന്യായമായ ആവിശ്യം ഉന്നയിച്ച ഈ സ്ത്രീകളുടെ “പവർ” കണ്ട് ഭയന്ന് ഇവരെ ഭീഷണിപ്പെടുത്താനും ജോലിയിൽ നിന്ന് പറഞ്ഞ് വിട്ട് കാര്യങ്ങൾ ഒതുക്കി തീർക്കാനുമാണ് ഫാക്ടറി ഉടമകൾ ശ്രമിച്ചത്. ബംഗ്ലാദേശിലെ 27 ഫാക്ടറികളിൽ നിന്നായി സമരം ചെയ്തു എന്ന ഒറ്റ കാരണം പറഞ്ഞ് കൊണ്ട് മാത്രം ജോലിയിൽ നിന്നും പിരിച്ച് വിട്ടത് 7500 ൽ അധികം സ്ത്രീ തൊഴിലാളികളെയാണ്.

മുതലാളിമാർ ഈ സമരത്തെ അടിച്ചമർത്തുകയാണെന്നതിനു ഇതിലും വലിയ തെളിവ് വേണോ എന്നാണ് സമരക്കാർ ചോദിക്കുന്നതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. സമരം ആഗോളമാധ്യമങ്ങളിലുൾപ്പടെ ചർച്ചയായതോടെ വിഷയങ്ങളെ അതിന്റെ ഗൗരവത്തോടെ പഠിക്കാനിരിക്കുകയാണ് മനുഷ്യാവകാശ പ്രവർത്തകരും സർക്കാരും.

Share on

മറ്റുവാര്‍ത്തകള്‍