Continue reading “ഈ ലോകകപ്പില്‍ പാകിസ്ഥാനും ഒരു താരമാണ്”

" /> Continue reading “ഈ ലോകകപ്പില്‍ പാകിസ്ഥാനും ഒരു താരമാണ്”

">

UPDATES

സാംബ- 2014

ഈ ലോകകപ്പില്‍ പാകിസ്ഥാനും ഒരു താരമാണ്

Avatar

                       

ഫസീഹ് മാംഗി
(ബ്ലൂംബര്‍ഗ്)

ഡിഗോ മറഡോണ എന്തുപറഞ്ഞാലും ഇത്തവണത്തെ ബ്രസീല്‍ ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഒരു വലിയ സാന്നിധ്യം തന്നെയായിരിക്കും- എന്നാല്‍ അതവരുടെ കളിയിലെ കഴിവുകള്‍ കൊണ്ടല്ലെന്നുമാത്രം. 

ഫിഫയുടെ ഭരണസമിതി പാക്കിസ്ഥാനെ 159-ആം സ്ഥാനത്താണ് കണ്ടിരിക്കുന്നത്. കായികമേഖലയിലെ ഏറ്റവും പ്രശസ്തമായ ഈ മത്സരത്തിലെ 32 ടീമുകളില്‍ പാക്കിസ്ഥാന്‍ പെടില്ല. എങ്കിലും പാക്കിസ്ഥാന്‍ ചൈനയോടൊപ്പം അഡിഡാസ് എജി ലോകകപ്പ് ബോളുകള്‍ വിതരണം ചെയ്യുന്നു. പാക് ബോളുകളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തൊട്ടുതഴുകാന്‍ പോകുന്നത്.

ജൂണ്‍ പന്ത്രണ്ട് മുതല്‍ തുടങ്ങി ഒരു മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ഏതാണ്ട് മൂവായിരത്തോളം ബ്രസൂക്ക ബോളുകള്‍ ഉപയോഗിക്കപ്പെടും. അഡിഡാസിന്റെയും മറ്റു ബ്രാന്‍ഡുകളുടെയും കോടിക്കണക്കിന് പന്തുകളാണ് വര്‍ഷം തോറും പാക്കിസ്ഥാനിലെ സിയാല്‍കോട്ടിലെ ഫാക്ടറികളില്‍ നിര്‍മ്മിക്കപ്പെടുന്നത്. സാമ്പത്തികവളര്‍ച്ചയുണ്ടായതും ചൈനയിലെ വേതന നിരക്കിനോട് കിടപിടിക്കാനായതും ബിസിനസ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നു പാക്കിസ്ഥാന്‍. വിദേശ കമ്പനികള്‍ രാജ്യം വിടാന്‍ കാരണമാക്കിയ ബാലവേലയും നിയന്ത്രണത്തിലായിട്ടുണ്ട്. 

ഫോര്‍വേഡ് സ്പോര്‍ട്സ് ഫാക്ടറിയുടെ ഗേറ്റില്‍ എട്ടുമണിക്ക് ജോലിക്കാര്‍ തൊഴില്‍ കാര്‍ഡുമായി ക്യൂ നില്‍ക്കുന്നിടത്ത്“പതിനഞ്ചു വയസില്‍ താഴെയുള്ളവരെ ജോലിക്കെടുക്കുന്നതല്ല”എന്നബോര്‍ഡ് കാണാം. വേറൊരു ബോര്‍ഡില്‍ ചപ്പുചവര്‍ ഇടരുതെന്നും അതിനുനേരെ എതിര്‍വശത്ത് നിറഞ്ഞുകവിഞ്ഞ ഒരു ഓടയും കാണാം. പതിനായിരം രൂപ മാസശമ്പളത്തിലാണ് ആളുകള്‍ ജോലി ചെയ്യുന്നത്. അവരുടെ ഒരു മാസത്തെ ശമ്പളം അമേരിക്കയിലോ ബ്രിട്ടനിലോ ഒരു ബ്രസൂക്ക ബോളിന് ഉള്ളതിനേക്കാള്‍ കുറവാണ്.

“ചൈനയില്‍ ജീവിതചെലവ് കൂടുന്നതോടെ അവിടെ തൊഴിലാളികളുടെ വേതനവും കൂടുകയാണ്.” പാക്കിസ്ഥാന്‍ സ്പോര്‍ട്സ് ഗുഡ്സ് മാനുഫാക്ചറേഴ്സ് ആന്‍ഡ്‌ എക്സ്പോര്‍ട്ടേര്‍സ് അസോസിയേഷന്‍ തലവനായ മൊഹമ്മദ്‌ യൂനുസ് സോണി പറയുന്നു. “നമുക്ക് അപ്പോള്‍ ഒരു എതിരാളി കുറയും. കുറഞ്ഞ ശമ്പളത്തില്‍ ജോലിക്കാരെ കിട്ടും.നമ്മുടെ ഉല്‍പ്പന്നങ്ങളുടെ വിലയും യോജിച്ചതാണ്”.

അര്‍ജന്റീനയുടെ 1986 ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍ മറഡോണ പറഞ്ഞത് “പാക്കിസ്ഥാനിലെ ജനങ്ങള്‍ പല കാര്യങ്ങളിലും മികച്ചവരാണ്, എന്നാല്‍ പാക്കിസ്ഥാന്‍ ലോകകപ്പ് ഫൈനലില്‍ കളിക്കുന്നത് മാത്രം ഞാന്‍ കണ്ടിട്ടില്ല” എന്നാണ്.

പാകിസ്താനിന് കളിയുടെ റെക്കോഡ് ഇല്ല എന്നും അവര്‍ക്ക് മറ്റുകഴിവുകള്‍ ഉണ്ട് എന്നും പറഞ്ഞത് കൃത്യമാണ്. പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഗുണനിലവാരമുള്ള ലോകകപ്പ് പന്തുകള്‍ നിര്‍മ്മിച്ചുകൊണ്ട് പാക്കിസ്ഥാന്‍ വീണ്ടുമെത്തിയത് ഇതിനുദാഹരണമാണ്.

ഫോര്‍വേര്‍ഡ് സ്പോര്‍ട്സില്‍ 1800 ജോലിക്കാരുണ്ട്‌. ഡസന്‍ കണക്കിന് അസംബ്ലിലൈനുകളില്‍ പല നിറത്തിലുള്ള ബോളുകള്‍ തുന്നി അതിനെ മറിച്ച് ഉള്ളിലും തുന്നുന്നു. കാറ്റ് നിറച്ച് പരിശോധിച്ചശേഷം ബോളിന്റെ രൂപം കൃത്യമാക്കാനായി ഒരു ഗോളാകൃതിയിലുള്ള യന്ത്രത്തിനുള്ളിലിടുന്നു. ചില ജോലിക്കാര്‍ തുന്നല്‍ യന്ത്രത്തില്‍ തുന്നുമ്പോള്‍,മറ്റ് ചിലര്‍ പഴയരീതിയില്‍ കൈത്തുന്നലിലാണ്. ജോലിക്കാരില്‍ പര്‍ദ്ദ ധരിച്ച സ്ത്രീകളുമുണ്ട്. ചില വിരലുകളില്‍ നെയില്‍ പോളിഷ് കാണാം. സാധാരണയായി ആഴ്ചയില്‍ ആറ് ദിവസം എട്ട് മണിക്കൂര്‍ വീതമാണ് ജോലി.

അഡിഡാസിനുവേണ്ടി ഏറ്റവുമധികം ബോളുകള്‍ നിര്‍മ്മിക്കുന്ന ഫോര്‍വേഡ് സ്പോര്‍ട്സ് ലോകത്തിലെ രണ്ടാമത്തെ സ്പോര്‍ട്സ് ഗുഡ്സ് നിര്‍മാതാക്കളായ ജര്‍മ്മനിയിലെ ഹെര്സോഗെനാറാക്കിനു വേണ്ടികൈകൊണ്ട് തുന്നി യന്ത്ര സഹായത്തോടെ തെര്‍മോ ബോണ്ടട് ഫുട്ബോളുകള്‍ നിര്‍മ്മിക്കുന്നുണ്ട്. മികച്ച ടൂര്‍ണമെന്‍റുകള്‍ക്ക് മാത്രം ഉപയോഗിക്കുന്നവയാണ് ഈ ബോളുകള്‍.

പല തരത്തിലുള്ള രണ്ട് മില്യന്‍ ബ്രസൂക്ക ബോളുകള്‍ കമ്പനി വിതരണം ചെയ്യുമെന്നാണ് കമ്പനിയുടെ പുതിയ പ്രോഡകറ്റ് ഡെവലപ്മെന്റ് ഹെഡ് ആയ ക്വാജ ഹസന്‍ മസൂദ് പറയുന്നത്. ലോകകപ്പ് ബോളുകള്‍ മിക്കതും ചൈനയില്‍ നിന്നാണ് വരുന്നത് എന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

“ചൈനയോടും വിയട്നാമിനോടും ഇന്തോനേഷ്യയോടും മത്സരിച്ച് നഷ്ടമായ ഫുട്ബോള്‍ നിര്‍മാണത്തിലെ ഏറിയ പങ്കും പാക്കിസ്ഥാന് തിരിച്ചുപിടിക്കാനാകുമെന്നും മസൂദ് പറയുന്നു. അതോടെ ലോകത്തിലെ ഫുട്ബോള്‍ നിര്‍മ്മാണത്തില്‍ പതിനെട്ടുശതമാനത്തില്‍ നിന്നും അമ്പതുശതമാനമായി പാക്കിസ്ഥാനിലെ പന്തുകള്‍ ഉണ്ടാകുമെന്നും മസൂദ് പറയുന്നു. ഒരുകാലത്ത് ഇത് എണ്പതുശതമാനമായിരുന്നു. “കൂലി കുറവ് ഉള്ളതുകൊണ്ട് ചൈനയേക്കാള്‍ ഒരുപടി മുന്നില്‍നില്‍ക്കാന്‍ നമുക്ക് കഴിയും.”

തൊണ്ണൂറുകള്‍ വരെ ലോകത്തിലെ ഏറ്റവും വലിയ പന്തുനിര്‍മ്മാതാക്കളായിരുന്ന പാക്കിസ്ഥാന്, 2006-09 കാലത്താണ് ബിസിനസ് ചൈനയ്ക്ക് വിട്ടു കൊടുക്കേണ്ടി വന്നത് എന്നാണ് മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ മുതിര്‍ന്ന ലക്ചറര്‍ ഖാലിദ് നദ്വി നടത്തിയ ഗവേഷണം സൂചിപ്പിക്കുന്നത്. ചൈനയുടെ പന്തുനിര്‍മ്മാണം മുപ്പത്തഞ്ചില്‍ നിന്നും അമ്പതുശതമാനമായാണ് ഉയര്‍ന്നത്.

2010 ലോകകപ്പില്‍ പതിമൂന്ന്മില്യന്‍ ജബുലാനി ബോളുകള്‍ വിറ്റ അഡിഡാസ് ഇത്തവണ അതിലും കൂടുതല്‍ ബ്രസൂക്ക ബോളുകള്‍ വില്‍ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എന്ന് കമ്പനിയുടെ വക്താവായ സില്‍വിയ രാക്കാഗനി പറയുന്നു. അഡിഡാസ് വെബ്‌സൈറ്റില്‍ 160ഡോളറിനാണ് ഒഫിഷ്യല്‍ ബ്രസൂക്ക ബോളുകള്‍ വില്‍ക്കുന്നത്.

ലോകകപ്പ് ബോളുകളുടെ ഏക വിതരണക്കാര്‍ ആയ അഡിഡാസ് അവരുടെ പന്തുകള്‍ നിര്‍മ്മിക്കപ്പെടുന്നതിന്റെയും വ്യാവസായിക കരാറുകളുടെയും വിശദവിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചു. നിര്‍മ്മാണചെലവുകളോ അഡിഡാസുമായുള്ള കരാറിന്റെ വിശദാംശങ്ങളോ വെളിപ്പെടുത്താന്‍ മസൂദും വിസമ്മതിച്ചു.

പാക്കിസ്ഥാനിലെ മിനിമം ശമ്പളമായ പതിനായിരം രൂപ ചൈനയിലെ ഏറ്റവും ചെറിയ ശമ്പളമായ 1010 യുവാന് തുല്യമാണ്. ചൈനയിലെ ശമ്പളനിരക്ക് ഒരു ദശാബ്ദത്തിനിടെ മൂന്നിരട്ടിയായാണ്‌ വര്‍ധിച്ചത്.

കൂടാതെ പ്രായപൂര്‍ത്തിയാകാത്തവരും കുട്ടികളും ഫാക്റ്ററികളിലും കടകളിലും വീടുകളിലും ജോലിചെയ്യുന്നത് തടയാനായി പാക്കിസ്ഥാനി ഗ്രാമങ്ങളില്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ തുന്നല്‍കേന്ദ്രങ്ങള്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുണ്ട്.

പാക്കിസ്ഥാനിലെ പ്രധാന സ്പോര്‍ട്ട്സ് നിര്‍മ്മാണ കേന്ദ്രമായ സിയാല്‍കോട്ടില്‍ ഈ വര്ഷം റെക്കോഡ് എക്സ്പോര്‍ട്ട് ആണ് നടന്നിട്ടുള്ളത്. പഞ്ചാബിന്റെ കേന്ദ്രപ്രവിശ്യയിലുള്ള ഈ നഗരത്തില്‍ നിന്ന് നൈക്കിന്റെ സ്പോര്‍ട്സ് കയ്യുറകളും സ്ലെസന്ഗര്‍ ഹോക്കി സ്റ്റിക്കുകളും നിര്‍മ്മിക്കപ്പെടുന്നു.

“പല പ്രമുഖ ബ്രാന്‍ഡുകളുടെയും നിര്‍മ്മാണം നടക്കുന്നത് ഇപ്പോള്‍ സിയാല്‍കോട്ടില്‍ നിന്നാണ്. ലോകത്തിലെ കയറ്റുമതികളുടെ കണക്കുനോക്കിയാല്‍ നമ്മുടേത് വളരെ കുറവാണ്. ഗവണ്‍മെന്‍റ് പിന്തുണയുണ്ടെങ്കില്‍ ഇപ്പോഴുള്ള കയറ്റുമതി മൂന്നിരട്ടിയാക്കാന്‍ കഴിയും”, ഹോക്കി-ക്രിക്കറ്റ് വസ്തുക്കളുടെ നിര്‍മ്മാതാവായ ഖവാര്‍ അന്‍വര്‍ ഖ്വാജാ പറയുന്നു. 

യൂറോപ്യന്‍ സോക്കറിനു പാക്കിസ്ഥാനില്‍ വലിയ കാണികളുണ്ട്. ആളുകള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലും ലോകകപ്പും മറ്റു വലിയ കളികളും കാണാന്‍ വലിയ സ്ക്രീനുകള്‍ ഉയര്‍ത്തുകയും ആരാധകര്‍ പ്രിയ ക്ലബ്ബുകളുടെ ജേര്‍സികളണിയുകയും ഒക്കെ ചെയ്യാറുണ്ട്.

“വര്‍ഷങ്ങളായി ക്രിക്കറ്റായിരുന്നു പ്രിയകളി. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളായി താല്‍പ്പര്യം മാറിവരുന്നുണ്ട്.”, കറാച്ചിയൂണിയന്‍ ഫുട്ബോള്‍ ക്ലബ് മാനേജരായ അദീല്‍ റിസ്കി പറയുന്നു. “യൂറോപ്യന്‍ സോക്കര്‍ സ്ഥിരമായി കാണാന്‍ കഴിഞ്ഞതോടെയാണ് ഈ മാറ്റം. ഏറെ കുട്ടികള്‍ ഇപ്പോള്‍ ക്രിക്കറ്റിനെക്കാള്‍ ഫുട്ട്ബോളാണ് ഇഷ്ടപ്പെടുന്നത്.”

ഫോര്‍വേഡ് സ്പോര്‍ട്സ് നടത്തുന്ന മസൂദ് പക്ഷെ ഒരു ഫുട്ബോള്‍ ആരാധകനല്ല. “ഒരു മിഠായി നിര്‍മ്മാതാവ് ഒരിക്കലും അയാളുണ്ടാക്കുന്നവ കഴിക്കാറില്ല”, അദ്ദേഹം പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍