UPDATES

വിദേശം

അടിമത്തകാലം ഓർമിപ്പിക്കുന്ന പിത്ത് ഹെൽമെറ്റ് ധരിച്ച് ട്രംപിന്റെ ഭാര്യയുടെ കെനിയൻ സഫാരി; വിവാദം കത്തുന്നു

പത്തൊമ്പതാം നൂറ്റാണ്ടിൽ അടിമകളായ കോളനിവാസികളുടെ മേൽ ആധിപത്യത്തിന്റെ ചിഹ്നങ്ങളായി നിലനിന്നിരുന്ന പിത്ത് ഹെൽമെറ്റുകൾ ഇന്ന് ഉപയോഗത്തിലുള്ള ഒന്നല്ല.

                       

കോളനികളിലേക്കുള്ള യാത്രക്കാരും പര്യവേക്ഷകരും ധരിച്ചിരുന്ന തരം ഹെൽമെറ്റുകളാണ് പിത് ഹെൽമെറ്റുകൾ. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇത്തരം ഹെൽമെറ്റുകൾ വ്യാപകമായിരുന്നു. ഈ ഹെൽമെറ്റുകൾ പിന്നീട് കോളനിഭരണകാലത്തിന്റെ ചിഹ്നങ്ങളിലൊന്നായി മാറി. ആഫ്രിക്കൻ നാടായ കെനിയയിലേക്ക് അമേരിക്കൻ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് നടത്തിയ യാത്രയിൽ ഈ ഹെൽമെറ്റ് ധരിച്ചതാണ് വിവാദമായിരിക്കുന്നത്. തന്റെ കോളോണിയൽ പ്രഭുത്വം ദ്യോതിപ്പിക്കാനാണ് ഫാഷൻ മോഡൽ കൂടിയായ മെലാനിയ ഈ വസ്ത്രധാരണ ശൈലി തെരഞ്ഞെടുത്തതെന്നാണ് ആരോപണം. പ്രകോപിപ്പിക്കുന്ന വസ്ത്രധാരണ ശൈലി തെരഞ്ഞെടുക്കുന്നതിൽ ട്രംപിന്റെ ഭാര്യക്ക് മിടുക്ക് കൂടുതലാണ്. മെക്സിക്കൻ അതിർത്തിയില്‍ അമേരിക്കൻ സൈന്യം പിടികൂടി മാതാപിതാക്കളിൽ നിന്നും വേറിട്ട് താമസിപ്പിച്ച കുട്ടികളെ കാണാൻ പോകുമ്പോൾ ‘ഞാൻ വകവെക്കുന്നില്ല, നിങ്ങളോ?’ എന്നെഴുതിയ ഓവർകോട്ട് ധരിച്ചതും വിവാദമായിരുന്നു.

റൈഡിങ് പാന്റ്, ബൂട്ട്സ്, വെള്ള ഷർട്ട്, പിത്ത് ഹെൽമെറ്റ് എന്നിവയായിരുന്നു മെലാനിയ ട്രംപിന്റെ വേഷം. കെനിയൻ സ്വദേശിയായ സുരക്ഷാ ജീവനക്കാരിക്കൊപ്പം തന്റെ കൊളോണിയൽ ആഭിജാത്യം പ്രകടിപ്പിച്ച് നിൽക്കുന്ന ട്രംപിന്റെ ഭാര്യയുടെ ചിത്രം പരക്കെ വിമർശിക്കപ്പെടുകയാണ്. കോളനിഭരണകാലത്തിന്റെ പുളിപ്പിലാണ് മെലാനിയയെപ്പോലുള്ളവർ ഇപ്പോഴും ജീവിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

പോളണ്ടിന്റെ പ്രഥമ വനിത, ട്രംപിന് കൊടുത്ത പണി! / വീഡിയോ

പത്തൊമ്പതാം നൂറ്റാണ്ടിൽ അടിമകളായ കോളനിവാസികളുടെ മേൽ ആധിപത്യത്തിന്റെ ചിഹ്നങ്ങളായി നിലനിന്നിരുന്ന പിത്ത് ഹെൽമെറ്റുകൾ ഇന്ന് ഉപയോഗത്തിലുള്ള ഒന്നല്ല. ഫാഷൻ ലോകത്തു പോലും അതീവശ്രദ്ധയോടെയാണ് ഇവ ഉപയോഗിക്കപ്പെടുന്നത്. ചിലയിടങ്ങളിൽ ടൂറിസ്റ്റുകൾ ഇവ ഉപയോഗിക്കാറുണ്ട്. കൊളോണിയൽ കാലത്തെ ആചാരങ്ങൾ പിന്തുടരുന്ന ചില രാജ്യങ്ങളിലും ഇവ പ്രസ്തുത ആവശ്യത്തിനായി മാത്രം ഉപയോഗത്തിലുണ്ട്.

ആഫ്രിക്കൻ രാജ്യങ്ങളെ വൃത്തികെട്ട പ്രദേശങ്ങളായി (Shitholes) വിശേഷിപ്പിച്ച തന്റെ ഭർത്താവ് ഡോണൾഡ് ട്രംപ് നയതന്ത്രതലത്തിൽ ഉണ്ടാക്കിയ പരിക്കുകൾ ഭേദപ്പെടുത്തുക എന്ന ഉദ്ദേശ്യം കൂടി മെലാനിയയുടെ ഈ യാത്രയ്ക്കുണ്ടായിരുന്നു. എന്നാൽ കോളോണിയൽ ആഭിജാത്യം പ്രകടിപ്പിക്കാനുള്ള തിരക്കിനിടയിൽ ഈ നയതന്ത്ര ആവശ്യം അവർ മറന്നുപോയി. വിമർശനങ്ങൾ വന്നതോടെ ഭർത്താവ് സൃഷ്ടിച്ചതിനു സമാനമായ പരിക്കുകൾ വേറെ സൃഷ്ടിച്ചിട്ടാണ് മെലാനിയ മടങ്ങുന്നത്.

അകി അബെ ഇംഗ്ലീഷ് അറിയില്ലെന്ന് നടിച്ചത് ട്രംപിനോട് സംസാരിക്കാതിരിക്കാനോ?

EXPLAINER: മെക്സിക്കോ – യുഎസ് അതിര്‍ത്തിയില്‍ എന്താണ് നടക്കുന്നത്? മാതാപിതാക്കളില്‍ നിന്ന് യുഎസ് വേര്‍പെടുത്തുന്ന കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നു?

Share on

മറ്റുവാര്‍ത്തകള്‍