UPDATES

വിദേശം

ഭരണഘടനാ പ്രതിസന്ധി തീർക്കാൻ ശ്രീലങ്കൻ പാർലമെന്റിനെ അനുവദിക്കണമെന്ന് ഐക്യരാഷ്ട്രസഭ

രാജപക്സെയ്ക്ക് പാർലമെന്റിൽ വിശ്വാസവോട്ടെടുപ്പിനുള്ള അവസരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് സിരിസേന.

                       

ശ്രീലങ്കയിലെ ഭരണഘടനാ പ്രതിസന്ധി അവസാനിപ്പിക്കാൻ പാർലമെന്റിനെ അനുവദിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയെ ഗുട്ടറസ്. പാർലമെന്ററിന് നടപടികൾ പുനസ്ഥാപിക്കണമെന്നും പാർലമെന്റിൽ വോട്ടെടുപ്പ് നടത്തി ആരായിരിക്കണം പ്രധാനമന്ത്രിയെന്ന് കണ്ടെത്തി പ്രശ്നം കഴിയുംവേഗം പരിഹരിക്കണമെന്നും ഗുട്ടറസ് ശ്രീലങ്കൻ പ്രസിഡണ്ട് മൈത്രിപാല സിരിസേനയോട് ആവശ്യപ്പെട്ടു. റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്ത് മഹിന്ദ രാജപക്സയെ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു സിരിസേന. മാസങ്ങൾക്കു മുമ്പ് മഹിന്ദ രാജപക്സ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ജയിച്ച വിക്രമസിംഗെയെ പ്രസിഡണ്ട് അന്യായമായാണ് നീക്കിയതെന്ന് ആരോപണമുയർന്നു. താൻ തന്നെയാണ് ഇപ്പോഴും പ്രധാനമന്ത്രിയെന്നും ഭരണഘടനപ്രകാരം തന്നെ നീക്കാൻ പ്രസിഡണ്ടിന് അധികാരമില്ലെന്നും പാർലമെന്റാണ് അത് ചെയ്യേണ്ടതെന്നും വിക്രമസിംഗെ നിലപാടെടുത്തു.

ഇതിനിടെ പാർലമെന്റിൽ തന്റെ പാർട്ടി അംഗങ്ങളുടെ പിന്തുണ ലഭിക്കാൻ രാജപക്സ ദശലക്ഷക്കണക്കിന് ഡോളർ കോഴ വാഗ്ദാനം ചെയ്യുന്നുവെന്ന ആരോപണവും വിക്രമസിംഗെ ഉന്നയിച്ചിട്ടുണ്ട്. രാജപക്സെയ്ക്ക് പാർലമെന്റിൽ വിശ്വാസവോട്ടെടുപ്പിനുള്ള അവസരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് സിരിസേന. രാജപക്സെയും സിരിസേനയും അടിസ്ഥാനപരമായി ഒരേ കക്ഷിയിൽ പെട്ടവരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് രാജപക്സെയെ എതിർത്ത് സിരിസേന വലതു കക്ഷിയായ യുനൈറ്റഡ് നാഷണൽ പാർട്ടിക്കൊപ്പം പൊയത്. ഈ കക്ഷി തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തി, പ്രസിഡണ്ട് സ്ഥാനത്തേക്ക് സിരിസേനയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിക്രമസിംഗെയും വന്നു. ഇപ്പോൾ ഈ സഖ്യ സർക്കാരിന് സിരിസേന പിന്തുണ പിൻവലിച്ചിരിക്കുകയാണ്.

പ്രസിഡണ്ടിനാണ് പ്രധാനമന്ത്രിയെ നിയോഗിക്കാനുള്ള ചുമതല. ഇത് ഭരണഘടനാപരമാണ്. എന്നാൽ നീക്കം ചെയ്യാനുള്ള ചുമതല പ്രസിഡണ്ടിന് ഇല്ല. ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്താണ് സിരിസേന പ്രധാനമന്ത്രിയെ നീക്കം ചെയ്തിരിക്കുന്നത്.

നവംബർ പതിനാറ് വരെ പാർലമെന്റിനെ സസ്പെൻഡ് ചെയ്യുന്ന നീക്കവും സിരിസേനയുടെ ഭാഗത്തു നിന്നുണ്ടായി. ഈ സമയത്തിനുള്ളിൽ വിശ്വാസവോട്ടിനെ നേരിടാനുള്ള സന്നാഹമൊരുക്കാൻ രാജപക്സയ്ക്ക് സാധിക്കുമെന്നാണ് സിരിസേന കണക്കുകൂട്ടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍