UPDATES

വിദേശം

പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധം: ട്രംപിന്റെ നില പരുങ്ങലില്‍

അമേരിക്കന്‍ രാഷ്ട്രീയം വരും നാളുകളില്‍ കൂടുതല്‍ കലുഷിതമാകും എന്ന കാര്യത്തിലും ട്രംപിന്റെ നില കൂടുതല്‍ പരുങ്ങലിലാകും എന്ന കാര്യത്തിലും സംശയത്തിന് അവകാശമില്ല.

                       

യു എസ് പ്രസിഡന്റ് തിരഞ്ഞെപ്പ് കാലത്ത് റഷ്യയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്ന് അനുയായികള്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റം ചുമത്തിയതോടെ ട്രംപിന്റെ നില കൂടുതല്‍ പരുങ്ങലില്‍ ആകുമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രംലിനുമായുള്ള ബന്ധങ്ങളെ കുറിച്ച് ട്രംപിന്റെ പ്രചാരണ സംഘത്തിലെ വിദേശകാര്യ ഉപദേഷ്ടവായിരുന്ന ജോര്‍ജ്ജ് പാപ്പഡോപൗലോസ് നടത്തിയ വെളിപ്പെടുത്തലുകളാണ് കേസ് പുതിയ വഴിത്തിരിവില്‍ എത്തിച്ചത്.

റഷ്യന്‍ സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള രണ്ട് വ്യക്തികളുമായി താന്‍ ബന്ധപ്പെട്ടിരുന്നു എന്ന വിവരം എഫ്ബിഐ അന്വേഷകരില്‍ നിന്നും മറച്ചുവെച്ചു എന്നായിരുന്നു പാപ്പഡോപൗലോസിന്റെ വെളിപ്പെടുത്തല്‍. ഹിലാരി ക്ലിന്റണെ അപകീര്‍ത്തിപ്പെടുത്തുന്ന വിവരങ്ങള്‍ കൈമാറാമെന്ന് വാഗ്ദാനം നല്‍കിയ ജോസഫ് മിഫ്‌സുഡാണ് ഇവരില്‍ ഒരാളെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘പുടിന്റെ മരുമകള്‍’ എന്ന് സ്വയം വിശേഷിപ്പിച്ച ഒരു സ്ത്രീയായിരുന്നു മറ്റൊരാള്‍. ഇത് കൂടാതെ ട്രംപിന്റെ പ്രചാരണ സംഘത്തിന്റെ തലവനായിരുന്ന പോള്‍ മാനഫോര്‍ട്ടിന്റെയും അദ്ദേഹത്തിന്റെ വ്യാപാര പങ്കാളി റിക്ക് ഗേറ്റ്‌സിന്റെയും പേരില്‍ രാജ്യത്തിനെതിരായ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ ഏജന്റാണെന്ന് അധികൃതരെ അറിയിക്കാതിരിക്കല്‍, കള്ളമൊഴി നല്‍കല്‍, വിദേശ നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുപിടിക്കല്‍ തുടങ്ങിയ 15-ഓളം കുറ്റങ്ങളാണ് പ്രത്യേക കൗണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മാനഫോര്‍ട്ടിനെയും ഗേറ്റ്‌സിനെയും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാനും മാനഫോര്‍ട്ടില്‍ നിന്നും പത്ത് ദശലക്ഷം ഡോളറും ഗേറ്റ്‌സില്‍ നിന്നും അഞ്ച് ദശലക്ഷം ഡോളറും ജാമ്യത്തുക ഈടാക്കാനും ഒരു ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്. 2016ലെ തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിലിനെ കുറിച്ചും ട്രംപിന്റെ പ്രചാരണ സംഘത്തിനെതിരെ ഉയര്‍ന്ന ഗൂഢോലോചന ആരോപണത്തെയും കുറിച്ച് അന്വേഷിക്കുന്നതിന് വിശാല അധികാരങ്ങളോടെ കഴിഞ്ഞ മേയിലാണ് മുള്ളറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. എന്നാല്‍ പോള്‍ മനാഫോര്‍ട്ട് തന്റെ പ്രചാരണ സംഘത്തില്‍ ഉള്‍പ്പെടുന്നതിനെ മുമ്പുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും ഗൂഢാലോചന നടന്നിട്ടില്ലെന്നും പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു. ഹിലാരിയെ ‘വഞ്ചകി’ എന്ന് ആവര്‍ത്തിച്ച് വിശേഷിപ്പിച്ച ട്രംപ്, അവരെയും ഡെമോക്രാറ്റുകളെയും കുറിച്ചാണ് അന്വേഷണം നടത്തേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച നടത്തിയ വെളിപ്പെടുത്തലുകള്‍ ട്രംപിന്റെ പ്രചാരണത്തെയോ മറ്റേതെങ്കിലും പ്രചാരവേലകളെയോ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നില്ല എന്ന് വിശദീകരിച്ചുകൊണ്ട് സംഭവത്തെ ലഘൂകരിക്കാനാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ ഹാക്കബീ സാന്റേഴ്‌സ് ശ്രമിച്ചത്.

2016 ലെ റിബ്ലിക്കന്‍ കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട് പ്രതിനിധികളുടെ പിന്തുണ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആ വര്‍ഷം മാര്‍ച്ചിലാണ് മനോഫോര്‍ട്ട് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തില്‍ ചേര്‍ന്നത്. എന്നാല്‍ ഉക്രൈന്‍ ബന്ധങ്ങളെ സംബന്ധിച്ച് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന 2016 ആഗസ്റ്റില്‍ അദ്ദേഹം രാജിവെച്ചു. പ്രചാരണ സംഘത്തിലെ ഒരു സന്നദ്ധ പ്രതിനിധി മാത്രമായിരുന്നു പാപ്പഡോപൗലോസ് എന്നാണ് സാന്റേഴ്‌സ് വിശദീകരിച്ചത്. എന്നാസ് 2016 മാര്‍ച്ചില്‍ പാപ്പഡോപൗലോസിനെ പ്രചാരണ സംഘത്തിലെ വിദേശകാര്യ ഉപദേശകനായി നിയമിക്കുകയാണെന്ന് ട്രംപ് തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ വച്ച് പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് തന്റെ റഷ്യന്‍ ബന്ധങ്ങള്‍ ഉപയോഗിക്കാം എന്ന് താന്‍ വാഗ്ദാനം നല്‍കുമ്പോള്‍ ട്രംപും സന്നിഹിതനായിരുന്നുവെന്ന് പാപ്പഡോപൗലോസ് കുറ്റസമ്മതത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഡെമോക്രാറ്റുകളുടെ ഇ-മെയിലുകള്‍ റഷ്യക്കാര്‍ ഹാക്ക് ചെയ്തുവെന്ന് പരസ്യമാകുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്, 2016 ഏപ്രിലില്‍ റഷ്യയില്‍ നിന്നുള്ള രണ്ട് വ്യക്തികളുമായി ട്രംപിന്റെ പ്രചാരണ സംഘാംഗങ്ങള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വച്ച് ഹിലാരി ക്ലിന്റണുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് മെയിലുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് റഷ്യന്‍ സംഘം വെളിപ്പെടുത്തിയിരുന്നു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വലിയ അന്വേഷണത്തിലെ ഒരു ചെറിയ കണ്ണി മാത്രമാണ് പാപ്പഡോപൗലോസ് എന്ന് മുള്ളറുടെ ഓഫീസിലെ പ്രോസിക്യൂട്ടര്‍മാരില്‍ ഒരാളായ ആരോണ്‍ സെലിന്‍സ്‌കി ഒക്ടോബറില്‍ നടന്ന വിചാരണയില്‍ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച വെളിപ്പെടുത്തപ്പെട്ട കുറ്റാരോപണങ്ങള്‍ മഞ്ഞുമലയുടെ മൂല മാത്രമാണെന്നും വ്യക്തമാക്കപ്പെടുന്നു. ചാരവൃത്തിയിലേക്കോ രാജ്യദ്രോഹത്തിലേക്കോ നയിക്കാത്തപക്ഷം ഗുഢോലചന മാത്രമായി ഒരു ക്രിമിനല്‍ കുറ്റമാകുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ജൂലൈയില്‍ ഒരു വിദേശയാത്ര കഴിഞ്ഞു മടങ്ങവേ ഡള്ളാസ് വിമാനത്താവളത്തില്‍ വച്ചാണ് പാപ്പഡോപൗലോസ് അറസ്റ്റ് ചെയ്യപ്പെട്ടത്. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഇതോടെ ട്രംപിന്റെ പ്രചാരണ സംഘത്തിലെ രണ്ടുപേരെങ്കിലും ശത്രുപക്ഷത്തുള്ള വിദേശരാജ്യങ്ങളുമായി അനധികൃത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ആ വിവരം അന്വേഷണ സംഘത്തില്‍ നിന്നും മറച്ചുവെച്ചുവെന്നുമാണ് വെളിവാകുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്തെ റഷ്യന്‍ ബന്ധത്തില്‍ ട്രംപ് കുറ്റകരമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്റെതാണ് അവസാന വാക്ക്. കോണ്‍ഗ്രസിന്റെ ഇരുസഭകളിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ റിപബ്ലിക്കന്മാര്‍ക്കാണ് മേധാവിത്വം എന്നതും ശ്രദ്ധേയമാണ്. പുതിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ വരാനിരിക്കുന്നതെ ഉള്ളുവെങ്കിലും അമേരിക്കന്‍ രാഷ്ട്രീയം വരും നാളുകളില്‍ കൂടുതല്‍ കലുഷിതമാകും എന്ന കാര്യത്തിലും ട്രംപിന്റെ നില കൂടുതല്‍ പരുങ്ങലിലാകും എന്ന കാര്യത്തിലും സംശയത്തിന് അവകാശമില്ല.

 

Share on

മറ്റുവാര്‍ത്തകള്‍