UPDATES

വൈറല്‍

ഇരുമ്പ് അയിരുമായി പോയ ട്രെയിന്‍ ലോക്കോപൈലറ്റ് ഇല്ലാതെ പാഞ്ഞത് ഒരു മണിക്കൂര്‍/ വീഡിയോ

വെസ്റ്റേൺ ഓസ്ട്രേലിയയിലെ പിൽബറ മേഖലയില്‍

                       

വെസ്റ്റേൺ ഓസ്ട്രേലിയയിലെ പിൽബറ മേഖലയിലൂടെ ഇരുമ്പ് അയിരുമായി പോയ ട്രെയിന്‍ ലോക്കോപൈലറ്റ് ഇല്ലാതെ ഓടിയത് ഒരു മണിക്കൂര്‍. രണ്ടു കിലോമീറ്റർ നീളമുള്ള ട്രെയിനിന്‍റെ ബോഗികള്‍ വേര്‍പെട്ട് ചിതറിക്കിടക്കുന്ന നിലയിലാണുള്ളത്. പരിശോധനയ്ക്കായി ലോക്കോപൈലറ്റ് കാബിനില്‍ നിന്ന് പുറത്ത് ഇറങ്ങിയ സമയത്ത് ട്രെയിന്‍ തനിയെ മുന്നോട്ട് നീങ്ങുകയായിരുന്നു.

ലോക്കോപൈലറ്റ് ഇല്ലാതെ 92 കിലോമീറ്ററോളം ദൂരം കുതിച്ച് പാഞ്ഞ ട്രെയിനിനെ 50 മിനിറ്റിനു ശേഷം പാളം തെറ്റിച്ചാണ് നിയന്ത്രണത്തിലാക്കിയത്. ഖനി ഉടമസ്ഥരായ ബിഎച്ച്പിയുടെ ഉടമസ്ഥതയിലുള്ള ട്രെയിന്‍ ന്യൂമാനില്‍ നിന്നും പോർട്ട് ഹെഡ്ലൻഡിലേക്ക് പോകുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ല. പ്രാഥമിക അന്വേഷണം നടക്കുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ ബിഎച്ച്പി തയ്യാറായിട്ടില്ല.

അതേസമയം ട്രെയിൻ മാര്‍ഗ്ഗമുള്ള ചരക്കുനീക്കം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും, എന്നാല്‍ ഖനികള്‍ സാധാരണ നിലയില്‍ പ്രവർത്തിക്കുമെന്നും ബിഎച്ച്പി അറിയിച്ചു. ഇരുമ്പ് അയിര് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ സജീവമാണെന്നും, പാളങ്ങള്‍ നന്നാക്കുന്നതിനായി 130 പേര്‍ അഹോരാത്രം പ്രയത്നിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Share on

മറ്റുവാര്‍ത്തകള്‍