UPDATES

വായിച്ചോ‌

ഇന്ത്യയെ വിശ്വസിച്ചു; എമന്‍ അഹമ്മദിന്റെ ഭാരം 242 കിലോ കുറഞ്ഞു

ഒരുമാസത്തെ ചികിത്സകൊണ്ട് ശരീരഭാരം കുറഞ്ഞത് അമ്പത് ശതമാനം

                       

ഇന്ത്യന്‍ മെഡിക്കല്‍ സയന്‍സിനെ വിശ്വസിച്ച് ചികിത്സ തേടി ഈജിപ്തില്‍ നിന്നെത്തിയ ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ത്രീ എമന്‍ അഹമ്മതിന് ആശ്വാസം. 500 കിലോ ഭാരവുമായി ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ക്ക് മാര്‍ച്ച് ഏഴിന് നടത്തിയ സര്‍ജറിയില്‍ 242 കിലോ കുറഞ്ഞതായി മുംബൈയിലെ സെയ്ഫി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.

36കാരിയായ എമന്റെ ഭാരം ഇപ്പോള്‍ 262 കിലോയായി. അവരുടെ ശരീരാവയവങ്ങളെല്ലാം നന്നായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഡോ. മുഫാസല്‍ ലക്ദാവാലയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ചികിത്സിക്കുന്നത്. ശസ്ത്രക്രിയയും അതിന് മുന്നോടിയായി നടത്തിയ ആഹാരക്രമീകരണവുമാണ് ശരീരഭാരം അമ്പത് ശതമാനം കുറയ്ക്കാന്‍ സഹായിച്ചതെന്നും ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.

സാവധാനമുള്ള ഭാരവ്യതിയാനം പ്രതീക്ഷിച്ചെങ്കിലും ഇത്രപെട്ടെന്ന് ഭാരം പകുതിയോളമായത് ഡോക്ടര്‍മാരെയും അമ്പരപ്പിച്ചിരുന്നു. നിര്‍ജ്ജലീകരണത്തിലൂടെ അടുത്ത ഏതാനും മാസത്തേക്ക് ഒരുമാസം 20-30 കിലോ വീതം ഭാരം കുറയുമെന്നാണ് ഡോ. ലക്ദാവാല ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ മാസം അറിയിച്ചത്.

ഭാരം കുറയുന്നത് ഇവരുടെ ശാരീരിക അവസ്ഥയെയും മെച്ചപ്പെടുത്തുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയം, കിഡ്‌നി, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു. ലക്ദാവാലയുടെ കീഴില്‍ സെയ്ഫി ആശുപത്രിയിലെ 13 ഡോക്ടര്‍മാരുടെ സംഘമാണ് എമനെ ചികിത്സിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍